തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല പ്രസക്തമാകുന്നതെങ്ങനെ ?

admin 28-07-2017 08:35 Criticism 881

വിജ്ഞാന സമ്പാദനവും വിചിന്തന പ്രക്രിയയും നവീകരണവുമാണ് ഒരു സമൂഹത്തിന്‍റെ നിലവാരം കാലത്തിനൊപ്പം നിര്‍ണയിക്കുന്നതെന്ന വസ്തുത തര്‍ക്കമറ്റതാണ്. ബംഗാള്‍ നവോത്ഥാന പ്രക്രിയയ്ക്ക് പിന്നാലെ മലയാള സമൂഹത്തിലും ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന തലങ്ങളിലെല്ലാം സവര്‍ണ- അവര്‍ണ ഭേദമെന്യേ, വൈജ്ഞാനിക - ആശയ വിനിമയ- വിചിന്തന- പരിഷ്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുവാന്‍ ഏറെ സഹായിച്ചത് ഭാഷയും പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ആശയങ്ങളും കലാ-സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങളുമാണെന്നതും സുവിദിതമാണ്. സ്വാതന്ത്ര്യാനന്തരം, സാമൂഹ്യരാഷ്ട്രീയം ( സോഷ്യല്‍ പൊളിറ്റിക്സ്) അധികാര രാഷ്ട്രീയത്തിന് (പവര്‍ പൊളിറ്റിക്സ്) വഴി മാറിയപ്പോള്‍ നവോത്ഥാനത്തിന്‍റെ വേലിയിറക്കത്തില്‍ ഒലിച്ചുപോയ ജനകീയ പ്രബുദ്ധതയെ വീണ്ടെടുത്തു കാലോചിതമായും സാര്‍വ്വലൗകിക ബന്ധിതമായും എന്നാല്‍ സ്വതന്ത്രമായും സമൃദ്ധമാക്കേണ്ടത് തലമുറകളുടെ സജീവമായ ഇടപെടലുകളാണെന്നതും തര്‍ക്കമറ്റ സംഗതിയാണ്.

"എഴുത്തുകാരും പ്രസാധകരും പ്രതിഫലവും" എന്ന പേരില്‍ 2011 ജൂലൈ മാസത്തിലെ എന്‍.ബി.എസ്. ബുള്ളറ്റിനിലെ ലേഖനത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ ആദ്യപുസ്തകം - പാദമുദ്രകള്‍ - മുതല്‍ക്കെ രചയിതാവിനെ കബളിപ്പിക്കുന്ന ചരിത്രം ഇപ്പോഴും തുടരുന്നുണ്ടെന്ന് ശ്രീ ഓ.എന്‍.വി. കുറുപ്പും നിരീക്ഷിക്കുന്നു.

കേരളത്തിലെ രചയിതാക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്ന കാര്യം നന്നെ ബോധ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് കേരളത്തിന്‍റെ ആഭ്യന്തരവകുപ്പ് സെക്രട്ടറി പോലും! ഗ്രന്ഥകര്‍ത്താവായ ശ്രീ. കെ. ജയകുമാര്‍ ഐ.എ.എസും പ്രസാധകരുടെ കബളിപ്പിക്കല്‍ അനുഭവിച്ചിട്ടുണ്ട്.

ഈ അടുത്തകാലത്ത്, നാഷണല്‍ ബുക്ക് സ്റ്റാള്‍ (കോട്ടയം) വിതരണത്തിനെടുത്ത പുസ്തകങ്ങളുടെ പ്രസാധകര്‍ക്ക് റോയല്‍റ്റി ഉള്‍പ്പെടെയുള്ള മുഴുവന്‍ തുകയും നല്‍കിയെങ്കിലും രചയിതാക്കള്‍ക്കുള്ള റോയല്‍റ്റി പ്രസാധകര്‍ കൈയ്ക്കലാക്കി രചയിതാക്കളെ കബളിപ്പിക്കുകയുണ്ടായി.

പ്രസാധകര്‍ രചയിതാക്കളെ ചൂഷണം ചെയ്യുന്നതും കബളിപ്പിക്കുന്നതും സാംസ്കാരിക വിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധം കൂടിയാണ്. ഈ പ്രവണത പലതരത്തിലാണ് കേരളീയ സമൂഹത്തില്‍ വ്യാപകമായി തീര്‍ന്നിട്ടുള്ളത്.

ഈ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇന്നേവരെ നേടിയെടുത്ത ബൗദ്ധിക-സാംസ്കാരിക-സര്‍ഗ്ഗാത്മക നന്മയെ സംരക്ഷിക്കുവാനും ആഗോളീകരണകാലത്തെ സാമൂഹിക സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ മുന്നേറുവാനും പുസ്തക പ്രസാധനരംഗത്ത് പുതിയ ക്രമീകരണങ്ങള്‍ അനിവാര്യമായിരിക്കുന്നു. ഏതു കാര്യങ്ങള്‍ക്കും അക്ഷരവും മുദ്രണവും പുസ്തക രൂപങ്ങളും അതുവഴിയുള്ള ആശയവിനിമയവും നമുക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ആവശ്യമാകയാല്‍ ഒരു പുസ്തക വ്യാപന സമിതി രൂപീകരിക്കേണ്ട കാലഘട്ടമാണിത്.

മലയാളഭാഷയിലെ എഴുത്തുകാരും പുസ്തക പ്രസാധകരും സാംസ്കാരിക നായകരും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തോട് ഏറെ യോജിക്കുകയും "നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വായന അനിവാര്യമാണ്" - എന്ന് ബഹു. മന്ത്രി കെ.സി. ജോസഫ്. (മലയാള മനോരമ - പേജ് - 2 -02.08.2011) ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന അവസരത്തില്‍ ഒരു പുസ്തക വ്യാപന സമിതി യുടെ രൂപീകരണത്തെ കുറിച്ച് ഗവണ്‍മെന്‍റ് / മലയാളം സര്‍വകലാശാല ചിന്തിക്കേണ്ടതുണ്ട്. അങ്ങനെയൊരു സമിതി് രൂപീകരിച്ചാല്‍ അതിന്‍റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്താവുന്ന പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാവാം?

1. രചനകള്‍ക്കുള്ള അവകാശ സംരക്ഷണവും പുതിയ ട്രേഡ് ആക്ടും

കയ്യെഴുത്തുപ്രതികളും അതിലെ ആശയവും രചയിതാവിന് അവകാശപ്പെട്ട തരത്തില്‍ സംരക്ഷിക്കപ്പെടുന്നതിന് നിലവില്‍ 1926-ലെ ഇന്‍ഡ്യന്‍ ട്രേഡ് ആക്ട് പ്രകാരമുള്ള ഒരു സൗകര്യം മുംബെയില്‍ ഹിന്ദി ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ (രജി.നം.3726) നിര്‍വ്വഹിച്ചുപോരുന്നുണ്ട്. പ്രസ്തുത ട്രേഡ് ആക്ടിന്‍റെ മാതൃകയില്‍ എല്ലാവിധ മലയാള രചനകള്‍ക്കും ഒരു നിയമം ഉണ്ടാക്കി അതുപ്രകാരം പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് രചയിതാക്കള്‍ക്ക് സൃഷ്ടികളിന്‍മേലുള്ള അവകാശം സംരക്ഷിക്കുവാന്‍ സാധിക്കണം. ഇതിനായി ഒരു "ലിറ്റററി ട്രേഡ് ആക്ട്" നിയമസഭ പ്രാബല്യത്തില്‍ ആക്കേണ്ടതുണ്ട്.

കേരള ഭൂമികയിലെ ചലന-ചാലക താളക്രമങ്ങള്‍ക്കു പെരുക്കം കൂട്ടുവാന്‍ ഇപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയ്ക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണവ്യവസ്ഥയുടെ മെക്കാളെ സമ്പ്രദായത്തിന്‍റെ ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് സാംസ്കാരികവും വൈജ്ഞാനികവും വിചിന്തനപരവുമായ കേരളീയ വീക്ഷണം സാധ്യമാക്കിയെങ്കിലേ വികസിത വിദേശങ്ങളിലേതു പോലുള്ള ഒരു സര്‍വ്വകലാശാലയ്ക്ക് ഇവിടെ മുന്നേറാനും പ്രസക്തമാവാനും കഴിയൂ. ഭാഷ, രചന, സര്‍ഗ്ഗാത്മകത, പുസ്തകം, പ്രസിദ്ധീകരണം, പ്രസാധനം, വിതരണം, ജനകീയത, വായന ഇവയ്ക്കൊക്കെ വാസ്തവത്തില്‍ ഒരു ക്രമീകരണമുണ്ടാക്കേണ്ടത് മലയാള സര്‍വ്വകലാശാലയുടെ അടിസ്ഥാന കര്‍ത്തവ്യം തന്നെയാണ്.

കേരളത്തിന്‍റെ സാംസ്കാരിക - വൈജ്ഞാനിക മേഖലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പുസ്തക പ്രസാധനരംഗത്ത് അഴിമതിയും തട്ടിപ്പുകളും ചൂഷണവും വ്യാപകമാവുകയാണ്. ഗ്രന്ഥകര്‍ത്താക്കള്‍ക്ക് അവകാശപ്പെട്ട റോയല്‍റ്റി പ്രസാധകര്‍ കൃത്യമായും സമയോചിതമായും നല്‍കാതെ ചൂഷണം ചെയ്യുന്ന സംഭവപരമ്പര സാമൂഹികശാപമായി തുടരുന്നു. നിയമവും ഉത്തരവും പ്രാബല്യത്തിലായാല്‍ രചനകളുടെ കോപ്പിറൈറ്റ് സംരക്ഷണത്തിന് നിര്‍ദ്ദിഷ്ട പുസ്തക വ്യാപന സമിതിക്ക് സൗകര്യം ഒരുക്കാവുന്നതാണ്.

2. പ്രസാധകര്‍ക്ക് അംഗീകാരം

പലവിധത്തിലുള്ള പ്രസിദ്ധീകരണങ്ങളുടെ ഉറവിടങ്ങള്‍ വ്യക്തമായും ഗവണ്‍മെന്‍റ് തിരിച്ചറിയേണ്ടതുണ്ട്. അംഗീകൃത പ്രസാധകര്‍ക്ക് ഒരു തൊഴില്‍ സംരംഭം എന്ന നിലയില്‍ സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകേണ്ടതുണ്ട്.

ഇതിനായി രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്‍ഡ്യയില്‍ ടൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന മാതൃകയില്‍, കൃത്യമായ രേഖകളോടെ പ്രസാധകര്‍ക്ക് - അതായത് ശീര്‍ഷകസഹിതം പുസ്തകം, ലീഫ്ലെറ്റ്, ബ്രോഷര്‍, പൊതുജനങ്ങള്‍ക്കും സ്വകാര്യവിതരണത്തിനുമായി ഉപയോഗിക്കുന്ന ലഘുലേഖകള്‍, നോട്ടീസ്, പോസ്റ്റര്‍, ഗൈഡുകള്‍, സി.ഡി - ഡി.വി.ഡി.കള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുന്നവര്‍ക്ക് -പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടാം.

3. വിവിധ ഉത്പന്നങ്ങള്‍ക്കും അംഗീകാരം

RNI ഇല്ലാത്ത താല്‍ക്കാലിക ഹൗസ് മാഗസിനുകള്‍ക്കും ബുള്ളറ്റിനുകള്‍ക്കും വെബ് മാഗസിനുകള്‍ക്കും സി.ഡി - ഡി.വി.ഡി.കള്‍ക്കും പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രസാധകര്‍ക്ക് അംഗീകാരം നേടാം. 

4. തിരിച്ചറിയല്‍ നമ്പരും ബാര്‍ കോഡും

പുസ്തകങ്ങള്‍ക്ക് കടആച നല്‍കുന്നതുപോലെ പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓരോ വ്യത്യസ്ത സൃഷ്ടികള്‍ക്കും (ഉത്പ്പന്നങ്ങള്‍ക്കും) കോഡ് നമ്പരും ബാര്‍ കോഡും അംഗീകാര മുദ്രയും കരസ്ഥമാക്കാം.

5. പുസ്തക കടലാസിന് ഗ്രാന്‍റ്

പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുസ്തക പ്രസാധകന് കടലാസ്സിന്‍റെ മൊത്തം വിലയുടെ 20 ശതമാനം ഗ്രാന്‍റായി പുസ്തക വ്യാപന സമിതിയില്‍ നിന്നും അനുവദിക്കാവുന്നതാണ്. എണ്ണി തിട്ടപ്പെടുത്തിയ ആദ്യത്തെ ആയിരം കോപ്പികള്‍ക്ക് മാത്രമുള്ള പ്രോത്സാഹനമായിരിക്കണം ഈ ഗ്രാന്‍റ്. 

6. പുസ്തക വില്‍പ്പനശാലകള്‍ക്ക് ഗ്രാന്‍റ്

പുസ്തക വില്‍പ്പന നടത്തുന്നവര്‍ക്കും ഗ്രാന്‍റ് അനുവദിക്കാവുന്നതാണ്. പ്രസാകരില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങിയ തുകയുടെ 20 ശതമാനം ഈ ഗ്രാന്‍റായി കണക്കാക്കാവുന്നതാണ്.

7. മുദ്രണ - ഉത്പാദന ചെലവില്‍ കിഴിവ്

പുസ്തക വ്യാപന സമിതി് പ്രത്യേകമായി കടഛ മുദ്രണശാലകള്‍ക്ക് 20% സബ്സിഡി നല്‍കുമെങ്കില്‍ അവിടെ പ്രസാധകന്‍റെ പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും സാധാരണ മുദ്രണച്ചെലവിന്‍റെ 20 ശതമാനം കിഴിവില്‍ മുദ്രണം ചെയ്യാവുന്നതാണ്.

സി.ഡി - ഡി.വി.ഡി. ഉത്പന്നമാണെങ്കില്‍ അവ കോപ്പിയെടുക്കുന്നതിനുള്ള സാങ്കേതിക സൗകര്യം സജ്ജീകരിച്ചാല്‍ സാധാരണ ചെലവിന്‍റെ 20 ശതമാനം കിഴിവില്‍ കോപ്പികള്‍ എടുക്കാവുന്നതാണ്.

8. മലയാള പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വെബ്സൈറ്റ്

പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയ പ്രസാധകരുടെ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, വെബ് മാഗസിനുകള്‍, ബ്രോഷറുകള്‍, ലഘുലേഖകള്‍, നോട്ടീസ്, പോസ്റ്ററുകള്‍, സി.ഡി - ഡി.വി.ഡികള്‍ എന്നിവ ഒരു വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചതമാക്കാവുന്നതാണ്. ഇ - പെയ്മെന്‍റ് വിന്‍ഡോയിലൂടെ പണം സ്വീകരിച്ച് ലോകത്തെവിടേക്കും ആവശ്യമായ ഉത്പന്നങ്ങള്‍ എത്തിച്ചുകൊടുക്കാനും സഹായിക്കാവുന്നതാണ്.

9. ഇംഗ്ലീഷ് പരിഭാഷ

മലയാള സൃഷ്ടികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കുവാന്‍ പ്രത്യേകമായൊരു പരിഭാഷാവിഭാഗം പ്രവര്‍ത്തിക്കേണ്ടതുണ്ട്. 

ഇതുപോലെ മറ്റു രാജ്യാന്തര ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നതിനും പ്രത്യേകമായൊരു വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

10. ഇംഗ്ലീഷ് പരിഭാഷകളുടെ പ്രചരണം

മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കും മറ്റു രാജ്യാന്തര ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്ന സൃഷ്ടികള്‍ക്ക് വിദേശങ്ങളില്‍ നല്ല പ്രസാധകരെ കണ്ടെത്തുന്നതിന് പുസ്തക വ്യാപന സമിതിയുടെ വെബ്സൈറ്റില്‍ വിവര്‍ത്തനം ചെയ്ത സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്.

ആവശ്യക്കാര്‍ക്ക് ഇ-പെയ്മെന്‍റിലൂടെ അവ വായിച്ചു തെരഞ്ഞെടുക്കുകയും ചെയ്യാം.

11. ഇംഗ്ലീഷ് പരിഭാഷയും റോയല്‍റ്റിയും

പുസ്തക വ്യാപന സമിതിയുടെ വിവര്‍ത്തന വിഭാഗം പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് ഭാഷ്യം മറ്റു പ്രസാധകര്‍ പ്രസാധനത്തിനായി ഏറ്റെടുക്കുമ്പോള്‍ 5 ശതമാനം റോയല്‍റ്റി പുസ്തക വ്യാപന സമിതിക്ക് അവകാശപ്പെടാവുന്നതാണ്.

12. റീഡേഴ്സ് ഫോറങ്ങള്‍

വായനക്കാരുടേതായ ഫോറങ്ങള്‍ വിവിധ പബ്ലിക് ലൈബ്രറികളില്‍ രൂപീകരിക്കുന്നതിനും ഫോറങ്ങളെ ഏകോപിപ്പിക്കുന്നതിനും പുസ്തകങ്ങളും വിവിധ പ്രസിദ്ധീകരണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പുസ്തക വ്യാപന സമിതിക്ക് മുന്‍കൈയ്യെടുക്കാവുന്നതാണ്. 

ഇരുപതിനായിരത്തോളം പേര്‍ അംഗങ്ങളായുള്ള സ്റ്റേറ്റ് - സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇതിന് തുടക്കം കുറിക്കാവുന്നതാണ്.

പുസ്തകപരിചയം, പ്രകാശനം, നിരൂപണം, ദൃശ്യാവിഷ്കാരം, കവിയരങ്ങ്, പുസ്തക വിതരണം, പ്രതിമാസ സാംസ്കാരിക പരിപാടികള്‍, സാഹിത്യ സംവാദം, ഗ്രന്ഥകാരന്മാരെ പരിചയപ്പെടുത്തല്‍ തുടങ്ങിയവ റീഡേഴ്സ് ഫോറത്തിന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

13. പുസ്തക പ്രചരണത്തിനായി മാസിക

പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവിനും നിരൂപണത്തിനുമായി ഒരു മാസിക പുസ്തക വ്യാപന സമിതി ആരംഭിക്കേണ്ടതുണ്ട്. എല്ലാ ഗ്രന്ഥശാലകള്‍ക്കും വിവിധ സ്ഥാപനങ്ങളുടെ ലൈബ്രറികള്‍ക്കും പ്രസ്തുത മാസിക അയച്ചുകൊടുക്കാവുന്നതും റീഡേഴ്സ് ഫോറങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുവാന്‍ സഹായകരമാക്കാവുന്നതുമാണ്.

14. പ്രവാസി മലയാളികള്‍ക്കായി പുസ്തകപ്രദര്‍ശനം

ഇന്ത്യയില്‍ പ്രവാസി മലയാളികള്‍ കൂടുതലായി നിവസിക്കുന്ന മേഖലകളില്‍ മലയാള പുസ്തക പ്രദര്‍ശനങ്ങള്‍ പുസ്തക വ്യാപന സമിതിയില്‍ സംഘടിപ്പിക്കാവുന്നതാണ്.

15. പുസ്തക ലോട്ടറി

സാധാരണ ജനങ്ങള്‍ പുസ്തകശാലകളില്‍ ചെന്ന് പുസ്തകങ്ങള്‍ വാങ്ങിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ കേരളത്തിലും മറുനാടന്‍ മലയാളി സമൂഹത്തിലും വീടുകളിലേക്ക് പുസ്തകം ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. 

വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കുന്നതിനും പുസ്തകസ്ഥാപന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനും ഒരു പ്രതിമാസ പുസ്തക ലോട്ടറി പുസ്തക വ്യാപന സമിതിയും ലോട്ടറി വകുപ്പുമായി ചേര്‍ന്നോ അല്ലാതെയോ ആരംഭിക്കാവുന്നതാണ്.

16. ഒരു മാസം ഒരു കുടുംബത്തിന് പത്തു രൂപ ടിക്കറ്റ്

ഒരു മാസം കേവലം പത്തു രൂപയുടെ പുസ്തക ലോട്ടറി ടിക്കറ്റ് ഓരോ വീടുകള്‍ക്കും അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം, സാംസ്കാരിക സംഘടനകള്‍, അയല്‍ക്കൂട്ടം, കുടുംബശ്രീ, ജനശ്രീ, ഗ്രന്ഥശാല, പ്രവാസി സംഘടനകള്‍, മറുനാടന്‍ മലയാളി സമാജങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ വഴി അതതു പ്രദേശങ്ങളിലും മറുനാട്ടിലും വിതരണം ചെയ്യാം. ഒരു മാസം കേവലം പത്തു രൂപയുടെ പുസ്തക ലോട്ടറി ടിക്കറ്റെടുക്കുവാന്‍ ഒരു സാധാരണ കുടുംബത്തിനുപോലും ബുദ്ധിമുട്ടാവുകയില്ല.

വിതരണം ചെയ്യുന്ന ആള്‍ക്ക് 50% കമ്മിഷന്‍ കൊടുത്തുകൊണ്ട് തുടക്കത്തില്‍ പ്രതിമാസം 3 ലക്ഷം ടിക്കറ്റുകള്‍ കേരളത്തിലും മറുനാട്ടിലുമുള്ള വീടുകളില്‍ വിതരണം ചെയ്യാവുന്നതാണ്.

17. പ്രതിമാസ വരുമാനം

ഇതുവഴി 15 ലക്ഷം രൂപ ബോര്‍ഡിന് ലഭിക്കുന്നു. നികുതി, പരസ്യം, നടത്തിപ്പ് ചെലവ്, ഓഫീസ് തുടങ്ങിയവ കിഴിച്ചാല്‍ ഏകദേശം 10 ലക്ഷം രൂപ പ്രതിമാസ വരുമാനം പ്രതീക്ഷിക്കാം.

18. കുടുംബങ്ങളിലേക്ക് സമ്മാനപുസ്തകങ്ങള്‍

10 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മുഖവിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി കേരളത്തിലും മറുനാട്ടിലുമുള്ള കുടുംബങ്ങളിലെത്തുന്നത് ഒരു സാംസ്കാരിക മുന്നേറ്റത്തിനു വഴിതുറക്കും.

19. 1000 പേര്‍ക്ക് പുസ്തകസമ്മാനം

ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വേര്‍തിരിവില്ലാതെ കേരളത്തിലെ 14 ജില്ലകളിലും മറുനാട്ടിലുമായി 1000 പേര്‍ക്ക് സമ്മാനം ലഭ്യമാക്കുന്നതരത്തില്‍ സമ്മാനപുസ്തകം ക്രമീകരിക്കാവുന്നതാണ്.

ജില്ലകള്‍ തിരിച്ചും മറുനാടുകള്‍ തിരിച്ചും നറുക്കു വീഴുന്ന ഓരോ ടിക്കറ്റിനും 500 രൂപ മുഖവില വരുന്ന പുസ്തകങ്ങള്‍ 1000 പേര്‍ക്ക് സമ്മാനമായി വീടുകളില്‍ എത്തിച്ചുകൊടുക്കാവുന്നതാണ്.

20. പ്രസാധകരെ സഹായിക്കുന്നു

പുസ്തക വ്യാപന സമിതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ പ്രസാധകരില്‍ നിന്നും 40% വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങിയാവണം 500 രൂപ മുഖവില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി 1000 പേര്‍ക്ക് എത്തിക്കേണ്ടത്.

21. പ്രസാധകരുടെ പുസ്തകങ്ങള്‍ ഓരോ മാസവും വിറ്റഴിക്കുന്നു.

50 പ്രസാധകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരില്‍ ഓരോരുത്തരില്‍ നിന്നും ആനുപാതികമായിട്ടായിരിക്കണം 5 ലക്ഷം രൂപ മുഖവില വരുന്ന പുസ്തകങ്ങള്‍ 40% വിലക്കിഴിവില്‍ - അതായത് 3 ലക്ഷം രൂപയ്ക്ക് - ഓരോ മാസവും പുസ്തക വ്യാപന സമിതി വാങ്ങി സമ്മാനര്‍ഹര്‍ക്ക് വിതരണം ചെയ്യേണ്ടത്. ഇതുവഴി സാംസ്കാരിക നിലവാരമുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നു; സാമ്പത്തികമായി നിലനിര്‍ത്തുന്നു. ഒരു പ്രസാധകനില്‍നിന്നും ഓരോ മാസവും 6000 രൂപയ്ക്കുള്ള പുസ്തകം (മുഖവിലപ്രകാരം 10,000 രൂപയ്ക്കുള്ളത്) വാങ്ങുന്നു. ഈ പദ്ധതി കേരളത്തിലും മറുനാടുകളിലും അത്ഭുതകരമായ പുസ്തക വിപ്ലവത്തിനും വായനയ്ക്കും വഴിതുറക്കുന്നു.

22. പുസ്തകങ്ങള്‍ വീടുകളിലേക്ക്

പുസ്തക ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ആളിന്‍റെ പേര് കൗണ്ടര്‍ഫോയിലില്‍ രേഖപ്പെടുത്തുന്നതിനാല്‍ അതതു വിലാസത്തില്‍ തപാലിലോ കൊറിയര്‍ വഴിയോ പുസ്തകമെത്തിക്കുവാന്‍ കഴിയും. പത്രങ്ങളിലും വെബ്സൈറ്റിലും സമ്മാനര്‍ഹരായ ആയിരം പേരുടെ വിലാസം ജില്ലതിരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യാം. 

റീഡേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒരു ചടങ്ങില്‍വച്ച് സമ്മാനര്‍ഹര്‍ക്ക് പുസ്തകം വിതരണം ചെയ്യാവുന്നതാണ്.

ഫലത്തില്‍ ഒരു മാസം വെറും പത്തു രൂപ പുസ്തക ലോട്ടറിയിലൂടെ 500 രൂപയുടെ 1000 സമ്മാനങ്ങള്‍ 1000 വീടുകളിലെത്തുന്നത് മലയാളത്തിന്‍റെ വായനാശീലത്തിലും ചിന്താപരതയിലും വലിയ മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കും.

23. രചയിതാക്കളുമായുള്ള കരാര്‍ മാതൃക

രചയിതാക്കളെ ചൂഷണത്തില്‍ നിന്നും കബളിപ്പിക്കലില്‍ നിന്നും സംരക്ഷിക്കുംവിധം പുസ്തക പ്രസാധകരുമായി നീതിപൂര്‍വ്വകമായ ഒരു കരാര്‍ ഉണ്ടാവേണ്ടതുണ്ട്. ഇതിനായി നിയമസാധുതയുള്ള ഒരു പൊതുമാതൃക പുസ്തക വ്യാപന സമിതിക്ക് തയ്യാറാക്കാവുന്നതാണ്.

24. റോയല്‍റ്റി

പൊതുകരാര്‍ പ്രകാരം രചയിതാക്കള്‍ക്ക് (എഡിറ്റിങ്ങ്/പുനരാഖ്യാനം/സമാഹരണം/പരിഭാഷ ഉള്‍പ്പെടെ) കുറഞ്ഞത് 15% റോയല്‍റ്റി നിയമപരമായി ഉറപ്പാക്കണം. അത് മുദ്രണം കഴിഞ്ഞുള്ള പ്രകാശനചടങ്ങില്‍ വച്ച് പ്രസാധകന്‍ കൈമാറുകയും ചെയ്യണം.

25. മുദ്രണം

രചയിതാക്കളില്‍ നിന്ന് കയ്യെഴുത്ത് പ്രതി/ഉള്ളടക്കം പ്രസാധകന്‍ വാങ്ങിക്കഴിഞ്ഞാല്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ മുദ്രണം ചെയ്യാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യണം. അല്ലെങ്കില്‍ അത് ഉടനെ തിരികെ കൊടുക്കാന്‍ പ്രസാധകന്‍ ബാധ്യസ്ഥനായിരിക്കണം. രചയിതാവുമായുള്ള ധാരണ എത്ര കോപ്പികള്‍ക്കാണോ അതില്‍ കൂടുതല്‍ കോപ്പികള്‍ രഹസ്യമായി പ്രസാധകന്‍ മുദ്രണം ചെയ്താല്‍ അതു ശിക്ഷാര്‍ഹമാക്കണം.

26. പ്രകാശനം

പുസ്തകം മുദ്രണം ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ പ്രസാധകന്‍ സ്വന്തം ചെലവില്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കണം. പ്രകാശന ചടങ്ങില്‍ ക്ഷണിക്കേണ്ട അതിഥികളെ ഗ്രന്ഥകാരനും നിര്‍ദ്ദേശിക്കാം.

27. തുടര്‍പതിപ്പിനുള്ള അവകാശം

പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ തുടര്‍പ്പതിപ്പ് ഇറക്കാനുള്ള അവകാശം രചയിതാവിന് ഉണ്ടായിരിക്കേണ്ടതാണ്. പകര്‍പ്പവകാശം - കോപ്പിറൈറ്റ് - സമ്പൂര്‍ണ്ണമായും രചയിതാവിലും രചയിതാവിന്‍റെ മരണശേഷം 60 വര്‍ഷക്കാലംവരെയും രചയിതാവിന്‍റെ അവകാശികളിലും നിക്ഷിപ്തമായിരിക്കേണ്ടതാണ്.

28. കോപ്പികള്‍, നിരൂപണം

കുറഞ്ഞത് ആയിരം കോപ്പികള്‍ പ്രസാധകന്‍ മുദ്രണം ചെയ്യേണ്ടതാണ്. ഇതോടൊപ്പം 100 കോപ്പികള്‍ (റോയല്‍റ്റി ഇല്ലാതെ) അധികമായി മുദ്രണം ചെയ്ത് മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും ഒരു മാസത്തിനുള്ളില്‍ പ്രസാധകന്‍ രേഖാമൂലം നല്‍കിയിരിക്കേണ്ടതാണ്.

29. കോംപ്ലിമെന്‍ററി കോപ്പികള്‍

റോയല്‍റ്റി ഒഴിവാക്കി അധികമായി മുദ്രണം ചെയ്യുന്ന 100 കോപ്പികളില്‍നിന്ന് രചയിതാവിന് 20 കോപ്പികള്‍ കോംപ്ലിമെന്‍ററിയായി പ്രസാധകര്‍ നല്‍കേണ്ടതാണ്. അധികമായി മുദ്രണം ചെയ്യുന്ന 100 കോപ്പികളില്‍ നിന്ന് ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും കോപ്പികള്‍ അയച്ചുകൊടുക്കേണ്ടതാണ്.

30. വിദേശ പ്രവാസികള്‍ക്ക് പുസ്തക പ്രദര്‍ശനം

ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും തെരഞ്ഞെടുക്കപ്പെടുന്ന മറ്റു വിദേശ രാജ്യങ്ങളിലും മലയാള പുസ്തക പ്രദര്‍ശനം പുസ്തക വ്യാപന സമിതിക്ക് സംഘടിപ്പിക്കാവുന്നതാണ്.

31. റൈറ്റേഴ്സ് ഹോസ്റ്റല്‍

രചയിതാക്കള്‍ക്ക് സ്വസ്ഥമായി രചനകള്‍ നിര്‍വ്വഹിക്കുവാന്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യമുള്ള മൂന്നു ഹോസ്റ്റലുകള്‍ മൂന്നു ടൂറിസ്റ്റ് കേന്ദ്രങ്ങളിലായി പുസ്തക വ്യാപന സമിതിയില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്. അംഗീകൃത പ്രസാധകര്‍ക്കും കുറഞ്ഞ നിരക്കില്‍ അതിഥികളാകാവുന്നതാണ്.

32. പുരസ്കാരങ്ങള്‍

ഓരോ വര്‍ഷവും പുസ്തക പ്രസാധകര്‍ക്കും ഡിസൈന്‍, ലേ-ഔട്ട് എന്നിവയ്ക്കും പുസ്തകവില്‍പ്പനക്കാര്‍ക്കുമായി പ്രത്യേക അവാര്‍ഡുകള്‍ പുസ്തക വ്യാപന സമിതിയില്‍ ഏര്‍പ്പെടുത്താവുന്നതാണ്.

33. വൈജ്ഞാനിക ഗവേഷണം, ഓണററി ഡോക്ടറേറ്റ്

സാമൂഹികമായ പുതിയ അറിവുകള്‍ ഗവേഷണം ചെയ്ത് അവതരിപ്പിക്കുന്ന വൈജ്ഞാനിക പഠനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കേരളത്തിന്‍റെ സാമൂഹിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.

വികസിത രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികള്‍ ചെയ്യുന്നതുപോലെ ശ്രദ്ധേയമായ വൈജ്ഞാനിക പഠനകൃതികള്‍ക്ക് നിര്‍ദ്ദിഷ്ട മലയാള സര്‍വ്വകലാശാലയില്‍നിന്ന് ഓണററി ബിരുദങ്ങളും ഡോക്ടറേറ്റും രചയിതാക്കള്‍ക്ക് ലഭ്യമാക്കുവാന്‍ പുസ്തക വ്യാപന സമിതിക്ക് മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കാവുന്നതാണ്. 

34. അക്രഡിറ്റേഷന്‍

പത്രപ്രവര്‍ത്തകര്‍ക്ക് ഉള്ളതുപോലെ രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്തക വില്‍പ്പനക്കാര്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും അക്രഡിറ്റേഷന്‍ പുസ്തക വ്യാപന സമിതിക്ക് ഏര്‍പ്പെടുത്താവുന്നതാണ്. അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുവാന്‍ ഗവണ്‍മെന്‍റിനോട് ശുപാര്‍ശ ചെയ്യാവുന്നതാണ്.

കുറഞ്ഞത് അഞ്ചുവര്‍ഷം പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുകയും അഞ്ചു പുസ്തകങ്ങളെങ്കിലും സ്വന്തമായി പ്രസാധനം ചെയ്തിട്ടുള്ളതുമായ പ്രസാധകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാവുന്നതാണ്. കുറഞ്ഞത് അഞ്ചുവര്‍ഷം രചനാരംഗത്ത് പ്രവര്‍ത്തിക്കുകയും 12 പോയിന്‍റില്‍ 50 പേജില്‍ കുറയാത്ത 5 പുസ്തകങ്ങളെങ്കിലും നവീനമായ രീതിയില്‍ രചിക്കുകയും ചെയ്തിട്ടുള്ള സാഹിത്യകാരന് അക്രഡിറ്റേഷന്‍ നല്‍കാവുന്നതാണ്. അഞ്ചുവര്‍ഷം പുസ്തകവില്‍പ്പന നടത്തിയിട്ടുള്ളവര്‍ക്കും അക്രഡിറ്റേഷന്‍ നല്‍കാവുന്നതാണ്. ഡി.ടി.പി., ലേഔട്ട്, ഡിസൈന്‍, പ്രൂഫ്, എഡിറ്റിങ്ങ് തുടങ്ങിയ രംഗത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കും അക്രഡിറ്റേഷന്‍ നല്‍കാവുന്നതാണ്.

35. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ക്ഷേമനിധി

എല്ലാവിധ മെഡിക്കല്‍ ചികിത്സാ ആനുകൂല്യങ്ങളും അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റിനു കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സംയോജിപ്പിച്ചുകൊണ്ട് രോഗാനുകൂല്യം, ആശ്രിതര്‍ക്കുള്ള ആനുകൂല്യം, ശവസംസ്കാര ചടങ്ങുകള്‍ക്കായുള്ള ചെലവുകള്‍, പുനരധിവാസ അലവന്‍സ്, വാര്‍ദ്ധക്യ വൈദ്യപരിശോധന, പെന്‍ഷന്‍ തുടങ്ങിയവയും അക്രഡിറ്റേഷന്‍ ലഭ്യമായവര്‍ക്ക് പുസ്തക വ്യാപന സമിതിയില്‍ ഏര്‍പ്പെടുത്താവുന്നതാണ്. അതുമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ, കലാകാരന്മാര്‍ക്കുള്ള ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി അക്രഡിറ്റേഷന്‍ ഉള്ളവരുടെ പ്രീമിയം പുസ്തക വ്യാപന സമിതിയില്‍ അടയ്ക്കാവുന്നതാണ്. അസംഘടിതരും നിശ്ചിത സ്ഥിരവരുമാനമില്ലാത്തവരുമായ ഈ വിഭാഗത്തിന് സമഗ്രമായ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തേണ്ടതുണ്ട്.

അപകടം, കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഹൃദയ ശസ്ത്രക്രിയ, കരള്‍ രോഗങ്ങള്‍, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സാപദ്ധതി അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പുസ്തക വ്യാപന സമിതിയില്‍ എര്‍പ്പെടുത്താവുന്നതാണ്.

36.പരാതികള്‍ക്ക് പരിഹാരം

രചയിതാക്കളും പ്രസാധകരും വായനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഒരു പരിഹാരം കണ്ടെത്തുവാന്‍ പുസ്തക വ്യാപന സമിതി നിയമസാധുതയോടെ ശ്രമിക്കേണ്ടതുണ്ട്.

37. ബോര്‍ഡിന്‍റെ പദ്ധതി വരുമാനം

തുടക്കത്തിലുള്ള ക്രമീകരണങ്ങള്‍ക്കായി ഗവണ്‍മെന്‍റിന്‍റെ ചെറിയ രീതിയിലുള്ള ധനസഹായവും നിയമനിര്‍മ്മാണവും ആവശ്യമാണെങ്കിലും തുടര്‍ന്നുള്ള പ്രധാന പദ്ധതികള്‍ക്കുള്ള ധനവരുമാനം സ്വന്തമായി പുസ്തക വ്യാപന സമിതിക്ക്ക ണ്ടെത്താവുന്നതാണ്.

പുസ്തകലോട്ടറി പദ്ധതിയിലൂടെ പ്രതിമാസം 5 ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടാകേണ്ടതാണ്. സൃഷ്ടികള്‍ക്കുള്ള അവകാശ - സംരക്ഷണ രജിസ്ട്രേഷന്‍, പ്രസാധകര്‍ക്കുള്ള രജിസ്ട്രേഷന്‍, വിവിധ രൂപത്തിലുള്ള ഓരോ സൃഷ്ടികള്‍ക്കുമുള്ള (ഉത്പന്നങ്ങള്‍ക്ക്) കോഡ് നമ്പര്‍, പ്രദര്‍ശന - വില്‍പ്പന തുടങ്ങിയവയും വരുമാന മാര്‍ഗ്ഗങ്ങളാണ്.

38. സെസ്

പുസ്തക വ്യാപന സമിതിയുടെ പദ്ധതി നടത്തിപ്പിനായി കേരളത്തില്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങളില്‍നിന്ന് ഒരു ശതമാനം അധികനികുതി പബ്ലിക്കേഷന്‍ സെസ് ആയി ഏര്‍പ്പെടുത്തി ഫണ്ട് കണ്ടെത്താവുന്നതാണ്.

90% പരസ്യങ്ങളും വാണിജ്യലാഭത്തില്‍നിന്നും മാറ്റിവയ്ക്കുന്ന തുകയെ ആശ്രയിച്ചാണ് പ്രസിദ്ധപ്പെടുത്തുന്നത്.അതിനാല്‍ പരസ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രസ്തുത 1% സെസ് വാസ്തവത്തില്‍ പൊതുജനത്തെയോ ഉത്പാദകരെയോ ഉപഭോക്താക്കളെയോ ബാധിക്കുന്നില്ല.

മലയാള അക്ഷരങ്ങളിലൂടെയും പ്രസാധനത്തിലൂടെയുമുള്ള കേരളത്തിന്‍റെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധിക്ക് പിന്നില്‍ നിലകൊള്ളുന്ന പബ്ലിക്കേഷന്‍ രംഗത്ത് രചന, പ്രസാധനം, ഡി.റ്റി.പി, ലേ ഔട്ട്, പ്രൂഫ്, എഡിറ്റിംഗ്, ഡിസൈന്‍, മുദ്രണം, വിതരണം, പുസ്തക വില്‍പ്പന തുടങ്ങി വിവിധതരത്തില്‍ ജോലിചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ തൊഴിലുറപ്പും സംരക്ഷണവുമാണ് പുസ്തക വ്യാപന സമിതി യുടെ എന്ന സംവിധാനത്തിലൂടെ സാധ്യമാകുന്നത്.

നിലവില്‍ യാതൊരുവിധ ഏകോപനവും ശാസ്ത്രീയമാതൃകകളും നീതിയുക്തമായ കരാറുകളും സഹായങ്ങളും ആനുകൂല്യങ്ങളും ഇല്ലാത്ത പബ്ലിക്കേഷന്‍ രംഗം മേല്‍പ്പറഞ്ഞ സംവിധാനത്തിലൂടെ ക്രമീകരിക്കേണ്ട കാലമാണിത്. മലയാള ഭാഷയുടെ മുന്നേറ്റത്തിനും ജനകീയമായ ആശയ വിനിമയ നവീകരണത്തിനും ഉപകാരപ്രദമാവുന്ന നിയമപരമായ ഒരു ചിട്ടപ്പെടുത്തല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ആവിഷ്കരിക്കേണ്ടതുമുണ്ട്. സമൂഹത്തിന്‍റെ അടിത്തറയില്‍ പണിതുയര്‍ത്തുന്ന അക്ഷരലോകം തുറന്നു കൊടുക്കുന്നത് വാസ്തവത്തില്‍ കാലത്തിനും ദേശത്തിനും സാര്‍വ്വദേശീയതലത്തിനും ശോഭനീയമായ സാംസ്കാരിക മുന്നേറ്റമാണ്. ഇങ്ങനെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയും പ്രസക്തമാവുമെന്നു പ്രതീക്ഷിക്കാം ! 

Similar Post You May Like

Recent Post

Blog Archive