കൊന്നുകൊണ്ടേയിരിക്കുന്നു...


Ravi Chandran C
Writer
admin 11-08-2017 12:49 News 1167

കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് (55) സ്വന്തം വീടിന് മുമ്പില്‍വെച്ച് ഇന്നലെ രാത്രി 8.30 ന് കൊല്ലപ്പെട്ടു. 'ഗൗരി ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയിഡിന്റെ പത്രാധിപരായിരുന്നു. വീടിന് പുറത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി മുഖ്യ കവാടം ലക്ഷ്യമാക്കി നടന്ന ഗൗരിക്ക് നേരെ സ്‌ക്കൂട്ടറില്‍ എത്തിയ അക്രമികള്‍ ഏഴ് തവണ വെടിയുതിര്‍ത്തു. നാല് വെടിയുണ്ടകള്‍ ലക്ഷ്യംതെറ്റിയപ്പോള്‍ മൂന്നെണ്ണം ശിരസ്സിലും കഴുത്തിലും തുളച്ചുകയറി. കൃത്യമായ ഇടവേളകളില്‍ സ്വതന്ത്രചിന്തകര്‍ കൊല്ലപ്പെടുന്ന ഒരു രാജ്യത്ത് ഇതൊരു പ്രതീക്ഷിത വാര്‍ത്തയായി പലര്‍ക്കും തോന്നിയേക്കാം!

ഹിംസയിലൂടെ മാത്രമേ മത-രാഷ്ട്രീയ-ജാതി സംഘടനകള്‍ നടത്തിക്കൊണ്ടുപോകാനാവൂ എന്നൊരു ചിന്ത പ്രബലമാകുന്നുണ്ട്. ഹിംസാശേഷിയുള്ള ഒരു സമ്മര്‍ദ്ദഗ്രൂപ്പിന് എതിരെയും യാതാന്നും പറയാനാവില്ല എന്ന സാഹചര്യം സംജാതമാകുകയാണ്. പ്രത്യക്ഷത്തില്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരും പ്രസ്തുത സാഹചര്യം പ്രയോജനപ്പെടുത്തുന്നു. ''ഞങ്ങള്‍ക്കെതിരെ ഇങ്ങനെയൊക്കെ പറയുന്നു, വേറെ ചിലര്‍ക്കെതിരെ പറഞ്ഞിരു.ന്നങ്കില്‍ വിവരമറിഞ്ഞേനെ...''എന്ന പരോക്ഷ ഭീഷണി അവതരിപ്പിക്കപ്പെടുന്നു.

അന്യര്‍ നടത്തുന്ന ഹിംസ പരാമര്‍ശിച്ചാണ് സ്വന്തംനില ഭദ്രമാക്കുന്നത്. 'വേണമെങ്കില്‍ ഞങ്ങള്‍ക്കും ഹിംസിക്കാം, അങ്ങനെ ചെയ്യാത്ത ഉദാരതയെ ബഹുമാനിക്കാന്‍ പഠിക്കണം' എന്നര്‍ത്ഥം. ഓരോ നരഹത്യയും തെരുവില്‍ ചിന്തുന്ന ഓരോ തുള്ളി ചോരയും എതിരാളികളെ നിശബ്ദരാക്കാന്‍ എല്ലാവരും മൊത്തമായും ചില്ലറയായും ഉപയോഗിക്കുന്നു. മുസ്ലിം മതവെറിയര്‍ കൊന്നാല്‍ അത് ഹിന്ദുത്വശക്തികള്‍ക്ക് വളമായി തീരുന്നു; തിരിച്ചും. ഏതൊരു അക്രമവും എല്ലാത്തരം അക്രമികളെയും ഹരംകൊള്ളിക്കുന്നു.

ഈ കൊലപാതക കേസിന് എന്തു സംഭവിക്കും? പിന്നില്‍ ആരെണെന്ന് തീര്‍ച്ചയാക്കപ്പെട്ടിട്ടില്ല. അല്ലെങ്കിലും അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ! തെളിവും തുമ്പുമില്ലാതെ നിരന്തരം കൊന്നുതള്ളുന്നു, കൊലപാതകികള്‍ സുരക്ഷിതരായി അടുത്ത ലക്ഷ്യവുമായി മുന്നോട്ടുപോകുന്നു. ഹിംസ അത് പ്രാവര്‍ത്തികമാക്കുന്ന കൊട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമല്ല. കൂലി നല്‍കുക, സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പിന്നാമ്പുറജോലികള്‍ ഏറ്റെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. സമാനമായ കേസുകളുടെ ഗതി അക്രമികള്‍ക്ക് ആവേശം പകരുന്നതാണ്. ആരാണ് പിന്നില്‍ എന്ന് എല്ലാവരും തിരിച്ചറിയുമ്പോഴും യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തത് മൂലം ആരോപണങ്ങളുടെ മുനയൊടിച്ച് മുന്നേറാന്‍ കുറ്റവാളികള്‍ക്ക് അനായാസം സാധിക്കുന്നു.

കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണംവേണമെന്ന് ബി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യനിലപാടുകള്‍ എക്കാലത്തും ഉണ്ടാകാറുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശക ആയിരുന്നു ഗൗരി എന്നതില്‍ രണ്ട് പക്ഷമില്ല. 'ഗൗരി ലങ്കേഷ് പത്രികൈ' എന്ന ടാബ്ലോയിഡ് പത്രത്തില്‍ ബി.ജെ.പി എം.പി പ്രഹ്‌ളാദ് ജോഷി അടക്കമുള്ള നേതാക്കള്‍ക്കെതിരെ 2008 ല്‍ വന്ന ഒരു വാര്‍ത്ത സംബന്ധിച്ച കേസില്‍ 2016 ല്‍ അവരെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബി.ജെ.പി സ്രോതസ്സുകളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് വാര്‍ത്ത കൊടുത്തത് എന്നായിരുന്നു ഗൗരിയുടെ നിലപാട്. മറ്റ് പല മാധ്യമങ്ങളിലും സമാനമായ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അവസാനം ഗൗരി മാത്രമാണ് പ്രതിക്കൂട്ടിലായത്. പരാതിക്കാരും പ്രതികളും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയ കേസാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമ്പത് സ്ഥിര ജോലിക്കാരുണ്ടിയിരുന്ന 'ഗൗരി ലങ്കേഷ് പത്രികെ' സര്‍ക്കാരില്‍ നിന്ന് പരസ്യങ്ങള്‍ വാങ്ങാതെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫാസിസം, ബ്രാഹ്മണമേധാവിത്വം, ജാതിവ്യവസ്ഥ എന്നിവയ്ക്ക് എതിരെയുള്ള ലേഖനങ്ങള്‍ നിരന്തരം ഈ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു.

ബര്‍മ്മയില്‍ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യവംശജരെ ഇന്ത്യ സ്വീകരിക്കാത്തതിനെ വിര്‍മശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് എട്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകം അരങ്ങറുന്നത്. ഫാസിസത്തെ അമര്‍ച്ച ചെയ്യുക (Crush Fascism) എന്നതായിരുന്നു ഏറ്റവും അവസാനം ഗൗരി എഴുതിയ ഹാഷ്ടാഗ്. നിരന്തരമായ വധഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ശേഷമാണ് ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ ഇല്ലായ്മ ചെയ്തത്. അത്തരം ഭീഷണികള്‍ ലഭിച്ചതായി ഗൗരി ഒരിക്കലും സൂചിപ്പിച്ചിട്ടില്ല. വിമര്‍ശകര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനുള്ള ക്ഷമപോലും ഫാസിസ്റ്റ് ശക്തികള്‍ക്ക് നഷ്ടപെടുകയാണ് :(

മഹാരാഷ്ട്രയും കര്‍ണ്ണാടകയും അയല്‍സംസ്ഥാനങ്ങളാണ്. നരേന്ദ്ര ധബോല്‍ക്കര്‍(2013), പന്‍സാരെ(2015), കല്‍ബുര്‍ഗി(2015) എന്നിവരുടെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന സാഹചര്യങ്ങളിലായിരുന്നു ഗൗരി കൊല ചെയ്യപ്പെട്ടത്. ഇരയെ വീട്ടില്‍ ചെന്നോ, കാത്തുനിന്നോ വെടി വെച്ച് കൊന്നശേഷം ഓടിമറയുക-ഇതായിരുന്നു എല്ലായിടത്തും സംഭവിച്ചത്. ധബോല്‍ക്കറിന്റെ കൊലപാതകം ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയശക്തികളും കൈകാര്യം ചെയ്ത രീതിയാണ് പിന്നീടുള്ളവയ്ക്ക് പ്രോത്സാഹനമായത്. ബംഗ്ലാദേശില്‍ നാസ്തികരെയും സ്വതന്ത്രചിന്തകരെയും തേടിപ്പിടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നത് കണ്ട് വിറങ്ങലിച്ചുപോയവര്‍ക്ക് കൂടുതല്‍ ഞെട്ടല്‍ സമ്മാനിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉരുത്തിരിയുന്നത്.

കോയമ്പത്തൂരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീം മതവെറിയര്‍ കഴുത്തറുത്ത് കൊന്ന എച്ച്.ഫറൂഖ് എന്ന യുവാവിന്റെ കൊലപാതകം മുഖ്യധാരാ മാധ്യമങ്ങളും ഫാസിസ്റ്റ് വിരുദ്ധ പോരാളികളും അവഗണിച്ച രീതി ഹൃദയഭേദകമായിരുന്നു. സമാനമായ അവസ്ഥ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് പ്രത്യാശിക്കാം. എതിര്‍പ്പിന്റെ ശബ്ദങ്ങളെ കൊട്ടേഷന്‍സംഘങ്ങളിലൂടെ നീക്കംചെയ്യാന്‍ മതശക്തികള്‍ക്കും ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ക്കും എളുപ്പംസാധിക്കുന്ന രാജ്യത്ത് ജനാധിപത്യം വാഴുന്നു എന്നു സങ്കല്‍പ്പിക്കുന്നത് പോലും അപകടകരമാണ്. ജനാധിപത്യവും നിയമവാഴ്ചയും ഉറപ്പാക്കപ്പെടണമെങ്കില്‍ മതേതരത്വം പുലര്‍ന്നേ മതിയാകൂ. മതപ്രീണനവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ സമ്പൂര്‍ണ്ണമായും വിഴുങ്ങുന്ന, സമ്പൂര്‍ണ്ണ മതാധിപത്യത്തിലേക്കും സ്വത്വ-വംശീയ ആധിപത്യങ്ങളിലേക്കും അതിവേഗം വഴുതി വീഴുന്ന ഒരു സമൂഹത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. അല്ലെന്നാകില്‍ ഇതൊന്നും പറയാനും കേള്‍ക്കാനും ആരും ബാക്കിയുണ്ടാവില്ല.

Unni Krishnan
മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്സാരെ വധത്തില്‍ ആദ്യം തന്നെ ആരോപണ വിധേയര്‍ ആയതു rss / bjp ആയിരുന്നു. റൈറ്റ് വിംഗ് എന്ന് നാഷണല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യപെടുന്ന കേസ് കളില്‍ മലയാളത്തില്‍ തര്‍ജ്ജമ വരുമ്പോള്‍ അത് rss/bjp ആയി മാറും എന്നത് വിചിത്രമല്ല . പക്ഷെ ഈ കേസ് ല്‍ അറസ്റ്റ് ചെയ്യപെട്ടത്‌ സനാതന്‍ സംസ്ഥ എന്നൊരു സംഘടനയിലെ ആളാണ്‌. ഈ സനാതന്‍ സംസ്ഥ യും rss / bjp യും തമ്മില്‍ എന്ത് ബന്ധം ??? അങ്ങിനെ ആണെങ്കില്‍ മാവോയിസ്റ്റ് കള്‍ നടത്തുന്ന എല്ലാറ്റിനും ഇടതു മൊത്തം ഉത്തരം പറയണം.

കല്ബുര്‍ഗി വധ കേസ് ലും സമാന രീതിയില്‍ ഉള്ള ആരോപണം ആണ് rss/ bjp നേതൃത്വത്തിന് നേരെ ഉയര്‍ന്നത്. അവസാനം ഡിസംബര്‍ 31 2016 ല്‍ കര്‍ണാടകത്തിലെ ഉദയവാണി എന്ന പത്രം ഈ വധത്തിന്റെ പേരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു എന്നും അത് ഒരു പ്രോപ്പര്ടി തര്‍ക്കം ആയിരുന്നു എന്നും അല്ലാതെ കല്ബുര്‍ഗി യുടെ രാഷ്ട്രീയമല്ല വിഷയം എന്നും പറയുന്നു. http://www.udayavani.com/.../two-arrested-connection-prof... ഈ ആംഗിള്‍ പക്ഷെ നേരത്തെ ഇന്ത്യയിലെ പല മീഡിയ കളും നിരാകരിച്ചിരുന്നു എന്നത് കാണാം. കല്ബുര്‍ഗി വധത്തിലെ അറസ്റ്റ് പക്ഷെ അത്ര കണ്ടു കൊട്ടി ഘോഷിക്ക പെട്ടില്ല.. കാരണം സ്വാഭാവികം. (ഇനി അഥവാ അറസ്റ്റ് നടന്നിട്ടില്ല എന്ന് വെക്കുക.. അപ്പോള്‍ പിന്നെ ഇത്രേം കാലം ആയി കര്‍ണാടക പോലീസ് എന്ത് ചെയ്യുക ആണ് ? അതോ ആരോപണം തെളിയിക്കാന്‍ ബുദ്ധിമുട്ട് ആയതു കൊണ്ട് ആണോ അറസ്റ്റ് വൈകുന്നത് ? )


ഇനി രാഷ്ട്രീയപരം ആയി നോക്കാം.. കര്‍ണാടക കൂടെ കൈ വിട്ടാല്‍ പിന്നെ കൈവശം ഒരു കോപ്പും ഇല്ലാത്ത കോണ്‍ഗ്രസ്‌ നു ഏതു വിധേനയും ഭരണം നില നിര്‍ത്തുക എന്നത് അത്യന്താപേക്ഷിതം ആണ്. അതിനു പറ്റുന്ന ആയുധങ്ങള്‍ എല്ലാം അവര്‍ ഉപയോഗിക്കും.

ഹിന്ദുത്വ നിലപാടുകള്‍ക്ക് നേരെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വധിക്കപെട്ടാല്‍ ആദ്യം സംശയത്തിന്റെ നിഴലില്‍ ഹിന്ദുത്വ നിലപാടുകള്‍ എടുക്കുന്ന ആളുകള്‍ വരും എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ??? അത് ആരെയാണ് സഹായിക്കുക ??

bjp ഭരണത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കും എന്നത് 2014 പൊതു തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ പ്രചാരണം ആണ്. അത് പക്ഷെ നടന്നു കാണാത്ത വിഷമത്തില്‍ ആണ് പലരും. ആ കൃത്രിമ ഭയം നില നിര്‍ത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ട് എന്ന് ഇന്ത്യന്‍ രാഷ്ട്രീയം നോക്കിയാല്‍ അറിയാം. എല്ലാ റൈറ്റ് വിംഗ് ഔട്ട്‌ ഫിറ്റ് കളെയും പിടിച്ചു bjp / rss ന്റെ തൊഴുത്തില്‍ കൊണ്ട് പോയി കെട്ടി നെഞ്ചത്ത്‌ അടിച്ചു നിലവിളിക്കല്‍ ആണ് പലര്‍ക്കും ടൈം പാസ്.

കര്‍ണാടക യില്‍ ഇന്നലെ നടന്ന വധത്തില്‍ കേരളത്തിലെ മീഡിയ കള്‍ കുറ്റവാളികളെ കണ്ടെത്തി കഴിഞ്ഞു എന്നതില്‍ സന്തോഷം തോന്നുന്നു. കര്‍ണാടക മുഖ്യന്‍ സിബിഐ വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര്‍ക്കും ഉറപ്പാണ് കുറ്റവാളികള്‍ ആരാണ് എന്ന്. എന്തായാലും എത്രയും പെട്ടെന്ന് കുറ്റവാളികളെ പൊതു സമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വന്നു മാതൃകാപരമായി ശിക്ഷിക്കണം. കല്ബുര്‍ഗി വധം പോലെ നീട്ടി നീട്ടി കൊണ്ട് പോകരുത് എന്ന് അഭ്യര്‍ത്ഥന ഉണ്ട്. വെറുതെ കള്ളനും പോലീസും കളിക്കാന്‍ വേണ്ടി അല്ലലോ പോലീസ്. From face book.

Similar Post You May Like

Recent Post

Blog Archive