പിന്നെയും: അടൂര്‍ സാറിനെന്തുപറ്റി?

admin 29-07-2017 12:53 Culture 1082

കേരളീയ സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുള്ള ചലച്ചിത്രകാരനാണ് പത്മവിഭൂഷണ്‍ ഡോ. അടൂര്‍ ഗോപാലകൃഷ്ണന്‍. 

ഒരു വ്യക്തിയെ പൊതുവായി പത്രപ്പടത്തിലൂടെ അറിയാനൊക്കും. പക്ഷേ തിരിച്ചറിയണമെങ്കില്‍ ആ വ്യക്തിയുടെ സൃഷ്ടികളിലേക്കു തന്നെ കടന്നുചെല്ലണം. സിനിമകള്‍ കാണണം, ആസ്വദിക്കണം. കവിതപോലെ, ചിത്രകലപോലെ, സംഗീതശില്പം പോലെ ആശയപരമായ - ആനുഭൂതികമായ പകര്‍ന്നാട്ടമാണ് സിനിമ. മികച്ച, മികച്ചതില്‍ മികവുള്ള, ആശയമില്ലെങ്കില്‍ വെറും ആമാശയമാണ് കവിതയും കഥയും നോവലും ചിത്രകലയും സിനിമയുമൊക്കെ. ഇത്തരത്തിലുള്ള കവിതയും കഥയും നോവലും ചിത്രരചനയും സിനിമയുമാണ് കേരളത്തില്‍ ഏറെയും. പക്ഷെ ക്ലാസിക്കല്‍ സിനിമാധാര അഥവാ സമാന്തര സിനിമാധാര അങ്ങനെയായിരുന്നില്ല. അവ ആശയത്തിന്‍റെ, ചിന്താ പ്രക്രിയയുടെ അഗാധതലങ്ങള്‍ സംഗ്രഹിക്കപ്പെട്ടവയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആശയ -ചിന്താപ്രക്രിയ 'അണ്ടര്‍പ്ലേ' ചെയ്യുന്നവയുമാണ്. 

ആധുനിക ക്ലാസ്സിക്കല്‍ സിനിമയുടെ പാത കേരളീയ സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വെട്ടിത്തുറന്നത് കഠിനയത്നത്തിലൂടെയാണ്. ഫിലിം സെന്‍സിബിലിറ്റിയും കലയുടെ പുരോഗമനധാരയും ലാവണ്യശാസ്ത്രവും ഒത്തിണങ്ങിയ സിനിമ സൃഷ്ടിക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാതെ വന്നപ്പോള്‍ ബദല്‍പദ്ധതിയായ സഹകരണ പ്രസ്ഥാനത്തിന്‍റെ സാധ്യത അദ്ദേഹം അവതരിപ്പിച്ചു. കുളത്തൂര്‍ ഭാസ്കരന്‍നായര്‍, കെ.പി.കുമാരന്‍ തുടങ്ങിയവരെ പോലുള്ള ആദ്യകാല സുഹൃത്തുക്കളുടെ വലിയ പിന്തുണയോടെ ചിത്രലേഖാ ഫിലിം സൊസൈറ്റി 1965ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക ക്ലാസ്സിക്കല്‍ സിനിമകളുടെ പ്രദര്‍ശനവും തുടങ്ങി. കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനം പുതിയൊരു ആസ്വാദക വലയത്തെ വാര്‍ത്തെടുത്തു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് മൂലധനത്തിന്‍റെ മൂന്നിരട്ടി ഗവണ്‍മെന്‍റ് ഓഹരിയും വായ്പയും കൂട്ടിചേര്‍ത്ത് സ്ഥലവും ഫിലിം സ്റ്റുഡിയോയും സ്ഥാപിച്ചു. വര്‍ഷങ്ങള്‍ മുന്നോട്ടു നീങ്ങി. 1972 ആയപ്പോള്‍ ചലച്ചിത്ര സഹകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ സിനിമ-څസ്വയംവരംچ പുറത്തുവന്നു. സാമ്പത്തിക ഞെരുക്കങ്ങളെ മറികടന്ന് ഒന്നരവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. കേരള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നിഷേധിക്കപ്പെട്ടുവെങ്കിലും മികച്ച ചിത്രത്തിനും സംവിധായകനും ഛായാഗ്രാഹകനും അഭിനേത്രിക്കുമുള്ള ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. സത്യജിത് റായിയുടെ ഇന്ത്യന്‍ നിയോ-റിയലിസ്റ്റ് ശൈലിയുടേയും ഋത്വിക് ഘട്ടക്കിന്‍റെ സിനിമയുടെ സന്ദര്‍ഭങ്ങളുടെയും പ്രബല സ്വാധീനം ഈ ചിത്രത്തില്‍ കാണാം. മലയാള സിനിമയിലാദ്യമായി സിങ്ക്ഷോട്ടുകള്‍ ഉപയോഗിച്ചത് ഈ ചിത്രത്തിലാണ്. തുടര്‍ന്നങ്ങോട്ട് കേരളീയ സിനിമ കാണുന്നത് അടൂര്‍ എന്ന ചലച്ചിത്ര പ്രതിഭയെയാണ്.

'ഡെയ്സ് ഓഫ് മാത്യൂസ് ' എന്ന ഇംഗ്ലീഷ് ഭാഷാന്തര ശീര്‍ഷകമുള്ള പോളിഷ് സിനിമയെ അവലംബമാക്കിയ 'കൊടിയേറ്റം' എന്ന ചിത്രവും ദേശീയ പുരസ്കാരത്തിന് അര്‍ഹമായി. തുടര്‍ന്ന് ചിത്രലേഖാ പ്രസ്ഥാനത്തിനുള്ളില്‍ വിള്ളലുകളുണ്ടായി. ചിത്രലേഖ രണ്ടു പ്രസവത്തോടെ അന്തരിച്ചു. ജി.അരവിന്ദന്‍ എന്ന അതുല്യപ്രതിഭയും രംഗത്തെത്തിയതോടെ മറ്റൊരു ഭാഗ്യനക്ഷത്രവും തെളിഞ്ഞുവന്നു. കൊല്ലത്തെ കശുവണ്ടി വ്യവസായിയായ രവീന്ദ്രന്‍ നായര്‍. അദ്ദേഹം ജനറല്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ജി.അരവിന്ദന്‍റെയും അടൂര്‍ ഗോപാലകൃഷ്ണന്‍റെയും സിനിമകളുടെ നിര്‍മ്മാതാവായിത്തീര്‍ന്നു.

ക്യൂബന്‍, ചലച്ചിത്രകാരനായ തോമസ് ഗതിറെസ് ഏലിയായുടെ 'സര്‍വൈവേഴ്സ്' എന്ന ഇംഗ്ലീഷ് ഭാഷാന്തര ശീര്‍ഷകമുള്ള വിശ്വപ്രസിദ്ധ സിനിമയുടെ ആശയമായി 'എലിപ്പത്തായം' തോന്നുമെങ്കിലും വെളിച്ചത്തിന്‍റെ കലയാണ് സിനിമ എന്നതിലുപരി ശ്രേഷ്ഠമായ മാധ്യമമാണെന്നു കൂടി വ്യക്തമാക്കിത്തന്ന സിനിമയാണത്. അതിലെ ഓരോ ഷോട്ടുകളും അതീവ ശ്രദ്ധാര്‍ഹമാണ്. 'എലിപ്പത്തായം', 'മുഖാമുഖം' അനന്തരം' എന്നീ മൂന്നു ചിത്രങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ മാസ്റ്റര്‍പീസ് വിഭാഗത്തിലുള്ളത്. ആ മൂന്നു ചിത്രങ്ങള്‍ അദ്ദേഹത്തെ ലോകസിനിമയിലെ മാസ്റ്റര്‍ പദവിയില്‍ സ്ഥിര പ്രതിഷ്ഠനാക്കിയിരിക്കുന്നു.

'മതിലുകള്‍', 'വിധേയന്‍'എന്നിവയ്ക്കു ശേഷമുള്ള സിനിമകളില്‍ പ്രതിഭാശോഷണം കണ്ടു തുടങ്ങിയിരുന്നു. ഒരു ഇന്‍റലെക്ച്വല്‍ ഡിക്ലൈന്‍. ഒടുവിലിപ്പോള്‍ പുറത്തിറങ്ങിയ 'പിന്നെയും' എന്ന സിനിമ പ്രതിഭാശോഷണത്തിന്‍റെ അടയാളത്തെ പൂര്‍ത്തിയാക്കുന്നുണ്ട്.

ഇതിവൃത്തം മാറ്റിമറിച്ചാല്‍ ഒരു പക്ഷേ ഒരു ഹ്യൂമന്‍ ഡോക്യൂമെന്‍റ് ആയി മാറാനുള്ള പ്രമേയ സാധ്യത ഉണ്ടെങ്കിലും കൃത്രിമത്വവും, യുക്തിഭംഗവും മെലോഡ്രാമയും ചാലിക്കപ്പെട്ടതോടെ 'പിന്നെയും' തീര്‍ത്തും വന്‍ പരാജയമായി മാറി. പുരുഷോത്തമന്‍ നായര്‍ എന്ന കേന്ദ്രകഥാപാത്രത്തിന്‍റെയും (ദിലീപ്), ശ്വശുരന്‍റെ കഥാപാത്രത്തന്‍റെയും (നെടുമുടി വേണു) രൂപീകരണത്തില്‍ സംഭവിച്ച വലിയ അബദ്ധങ്ങള്‍ ഈ സിനിമയുടെ നട്ടെല്ലു തകര്‍ത്തു. സുകുമാരക്കുറുപ്പ് സംഭവം ആസ്പദമാക്കിയുള്ള കഥനത്തില്‍ തന്‍റേതായ വീക്ഷണങ്ങളും അനുബന്ധമായ മറുവശങ്ങളും ഏച്ചുകെട്ടിയതൊക്കെയും ശുദ്ധാസംബന്ധമായി മാറുന്നു. എലിപ്പത്തായത്തിലെ രാജമ്മ എന്ന കഥാപാത്രാവിഷ്കാരം (ശാരദ)എത്രയോ ചിത്രഭംഗിയാര്‍ന്നതാണ്! 

ദേവി എന്ന കഥാപാത്രത്തിന്‍റെ പൂര്‍വ്വസ്ഥിതി മാറ്റിവച്ചാല്‍ ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും കൃത്രിമത്വം നിറഞ്ഞവയാണ്. ചലിക്കുന്ന ശവങ്ങള്‍ പോലെ. നാല്പതു വര്‍ഷം മുമ്പുള്ള പ്രൊഫഷണല്‍ നാടകങ്ങളിലെ യാന്ത്രികഭാഷണം മുന്‍പൊരിക്കലും അടൂരിന്‍റെ ചിത്രങ്ങളിലുണ്ടായിട്ടില്ല. ഇങ്ങനെയൊക്കെ മതിയെന്നു അദ്ദേഹം തീരുമാനിച്ചത്, ഒരു പക്ഷേ, രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ സബ് ടൈറ്റിലുകള്‍ക്കാണ് പ്രസക്തി എന്നതുകൊണ്ടാവാം. ചലച്ചിത്രകല അപൂര്‍വ്വമായി മാറുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക സൗകര്യവും നിര്‍മ്മാണ വിതരണ സാഹചര്യവും ഒത്തുവന്ന څപിന്നെയുംچ എന്തുകൊണ്ട് ഇത്രമാത്രം ദുര്‍ബലവും ബാലിശവും പരിഹാസ്യമായിപ്പോയെന്നു ആരാഞ്ഞാല്‍ അതിനു കാരണം നട്ടെല്ലു പൊട്ടിയ പ്രമേയം തന്നെ; ഒരു സംഭവത്തോട് ഏച്ചുകെട്ടിയ തത്വവീക്ഷണ വൈകല്യങ്ങള്‍.

തൊഴില്‍ രഹിതനും നിസ്വനും ബിരുദധാരിയുമായ യുവാവിനെയും അയാളെ സ്നേഹിച്ചു പരിണയിക്കുന്ന യുവതിയെയും ആദ്യചിത്രമായ സ്വയംവരത്തില്‍ കാണാം. പുരുഷോത്തമന്‍ നായരുടെ നിസ്സഹായതയും മനോവേദനയും അവഗണനയും വിഫലശ്രമങ്ങളും നന്മയുമൊക്കെ ഒരു തുടര്‍ച്ചപോലെ. കേരളത്തിലെ നായര്‍ തറവാടിന്‍റെ പരിസരത്തിന് പുറത്തേക്ക് അടൂര്‍ എന്ന സംവിധായകന്‍ സഞ്ചരിക്കുന്നില്ലെന്ന് തോന്നിപ്പോകുന്നു. ഒന്നിനൊന്ന് വൈരുദ്ധ്യാത്മക വൈവിധ്യസഞ്ചലനമില്ലെന്നര്‍ത്ഥം.

'പിന്നെയും' എന്ന സിനിമയ്ക്ക് ആധാരമായ കൊലപാതക സംഭവത്തിന്‍റെ കഥനം യുക്തിഭദ്രമായി തോന്നുന്നത് എന്‍.എച്ച്.47 (1984) എന്ന വ്യവസായ സിനിമയിലാണ്. സാജ് പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ക്രൈംത്രില്ലര്‍ സിനിമ ആരംഭിക്കുന്നത് നാഷണല്‍ ഹൈവേ 47-ല്‍ കെ.ഇ.റ്റി. 2325 എന്ന വെളള അംബാസിഡര്‍ കാര്‍ കത്തിനശിക്കുന്നതോടെയാണ്. അതില്‍ കത്തിക്കരിഞ്ഞ ജഡവും. സ്വാഭാവികമായും വാര്‍ത്ത വരുന്നത് കാറിന്‍റെ ഉടമയും ഗള്‍ഫുകാരനുമായ സുധാകരന്‍പിള്ള കാറപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ്. സുധാകരന്‍പിള്ള (ടി.ജി.രവി) ഗള്‍ഫില്‍ നിന്നെത്തുന്നതുതന്നെ ഒരു ഗൂഢപദ്ധതിയുമായാണ്. അതിനാല്‍ ഭാര്യയും മക്കളെയും നാട്ടിലേക്കു കൂട്ടുന്നില്ല. സുധാകരന്‍ പിള്ളയെ ആശ്രയിച്ചു നില്‍ക്കുന്ന സഹപ്രവര്‍ത്തകരും ബന്ധുക്കളും പദ്ധതിയില്‍ പങ്കാളികളാവുന്നു. സുധാകരന്‍ പിള്ളയെ കണ്ടാല്‍ തന്നെ ഒരു വില്ലന്‍. പണ്ട് കറക്കുകമ്പനിയായിരുന്നു. പണിയെടുക്കാതെ പണം തട്ടുന്നവന്‍. ആഡംബര പ്രിയന്‍. സ്ത്രീ വിഷയി. ബാര്‍ഹോട്ടലില്‍ ധൂര്‍ത്തടിക്കുന്ന മദ്യപാനി. കടക്കാരന്‍. പണം വാങ്ങിയാല്‍ തിരിച്ചു കൊടുക്കാത്തവന്‍. ക്രൂരന്‍. അയാള്‍ തന്‍റെ രണ്ടാമത്തെ വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമതൊരു വെള്ള അംബാസിഡര്‍ കാര്‍ (കെ.ഇ.റ്റി.2325)കൂടി വാങ്ങുന്നു. എല്ലാം തിരിമറി തന്നെ.അയാള്‍ 30 ലക്ഷം രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ട്. മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറായാല്‍ ആ തുക കൈയ്ക്കലാക്കാം. വേഷം മാറി ജീവിക്കുകയും ചെയ്യാം. പണത്തിന് അത്യാവശ്യമുള്ള സഹപ്രവര്‍ത്തകരും സുഹൃത്തും ബന്ധുവുമൊക്കെ സുധാകരന്‍ പിള്ളയുടെ പദ്ധതി നടപ്പാക്കുകയാണ്. പക്ഷെ മോര്‍ച്ചറിയില്‍ നിന്നും ശവം കിട്ടുന്നില്ല. നിവൃത്തിയില്ലാതെ ഒരാളെ കൊല്ലാന്‍ തന്നെ പദ്ധതിയിടുന്നു. അങ്ങനെ മെഡിക്കല്‍ റെപ്രസന്‍റന്‍റീവ് റഹിം (സുകുമാരന്‍) കൊല്ലപ്പെടുന്നു. ശവം കെ.ഇ.റ്റി.2325 കാറിലേക്ക് മാറ്റി തീയിടുന്നു. പോലീസിന്‍റെ അന്വേഷണം. പരിസര തെളിവുകള്‍. സംശയങ്ങള്‍. ഇതിനിടെ റഹീമിനെ കാണാതായ പ്രശ്നവും. സത്യമന്വേഷിക്കുന്ന പോലീസിനു മുന്നില്‍ ബന്ധുവും സഹപ്രവര്‍ത്തകരുമൊക്കെ ഒന്നൊന്നായി പിടിയിലാവുന്നു. ഗൂഢപദ്ധതി പുറത്താവുന്നു. ഒളിവില്‍പോയ സുധാകരന്‍പിള്ള കേരളത്തിലേക്ക് തിരിച്ചുവന്ന് പ്രഗത്ഭനായ വക്കീലിനെ സമീപിക്കുന്നു. അപ്പോഴാണ് മറ്റൊരു വലിയ ഗൂഡപദ്ധതിയുടെ രഹസ്യം പുറത്താവുന്നത്. സുധാകരന്‍പിള്ള ഗള്‍ഫിലുള്ള ഒരു ഇന്‍റര്‍നാഷണല്‍ സ്മഗളിംഗ് പാര്‍ട്ടിയ്ക്ക് വേണ്ടി 10 കോടി രൂപയ്ക്കു ചരസ് വില്പന നടത്തിയിട്ടുണ്ട്. ആ പണം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണത്രെ മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ശ്രമിച്ചത്. പക്ഷേ വക്കീല്‍ കേസൊഴിയുന്നു. വക്കാലത്തിനു പോയാല്‍ ജനങ്ങള്‍ ഖെരാവോ ചെയ്യും. കേസ് വിജയിക്കുകയുമില്ല. അവിടെയെത്തുന്ന പോലീസുദ്യോഗസ്ഥനില്‍നിന്നും കാറില്‍ രക്ഷപ്പെടുന്ന സുധാകരന്‍പിള്ളയെ പോലീസ് പിന്തുടരുന്നു. മറിഞ്ഞ കാറില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന സുധാകരന്‍പിള്ളയെ ജനം വളയുന്നു. കല്ലെറിഞ്ഞു കൊല്ലുന്നു. ഇതാരാണ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുമ്പോള്‍ ജനം പറയുന്നു - 'ഞങ്ങളാണ്'. അങ്ങനെ എന്‍.എച്ച് 47 എന്ന ക്രൈംത്രില്ലര്‍ വ്യവസായ സിനിമ എല്ലാ കൊഴുപ്പുകളോടെയും പൂര്‍ത്തിയാവുന്നു. 

എന്‍.എച്ച് 47 ലെ സുധാകരന്‍പിള്ള എന്ന കഥാപാത്രം അടിസ്ഥാനപരമായും ഒരു മനുഷ്യവിരുദ്ധനും സമൂഹവിരുദ്ധനുമാണ്. അയാളും സഹപ്രവര്‍ത്തകരും ബന്ധുവുമൊക്കെ അനാഥശവം തേടിനടന്ന് പരാജയപ്പെടുമ്പോള്‍ ഒരാളെ കൊല്ലുകയാണ്. എന്നാല്‍ څപിന്നെയുംچ എന്ന സിനിമയില്‍ പുരുഷോത്തമന്‍നായരും ഭാര്യാപിതാവും മനശാസ്ത്രപരമായും സാമൂഹികശാസ്ത്രപരമായും ജനിതകശാസ്ത്രപരമായും നല്ല സ്വഭാവ കഥാപാത്രങ്ങളായാണ് ആദ്യപകുതിയിലേറെ ഭാഗത്തും അവതരിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം സുഖസൗകര്യങ്ങളുള്ള, നന്മയുള്ള, അധ്യാപന ജോലിക്കാരിയായ ഭാര്യയുള്ള, സ്വന്തം വീടുള്ള പുരുഷോത്തമന്‍ നായര്‍ എട്ട് വര്‍ഷക്കാലം ഒരു ജോലിയും കണ്ടെത്താതെയിരിക്കുമ്പോള്‍ യാദൃച്ഛികമായി ഗള്‍ഫുകാരനാകുന്നു. പെട്ടെന്ന് ഒരു ദിവസം അയാള്‍ അതിമോഹിയാവുന്നതും ക്രൂരനാകുന്നതും മനുഷ്യവിരുദ്ധനാകുന്നതും മെലോഡ്രാമയാണ്. അയാള്‍ക്ക് സ്വന്തം ഭാര്യയോടും മകളോടും ആര്‍ദ്രമായ സ്നേഹമാണുള്ളത്. ഇങ്ങനെയൊരാള്‍ പെട്ടെന്ന് കുടുംബവിരുദ്ധനാകുന്നതും ക്രിമിനലാകുന്നതും യുക്തിഭംഗം തന്നെയാണ്. അനാഥ ശവം തേടിയുള്ള വിഫലശ്രമത്തിനൊടുവില്‍ അവിശ്വസനീയമായി ഒരു കൊലപാതകം ആസൂത്രണം ചെയ്യുന്നു. മാറുന്ന സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് വിലയറ്റുപോകുന്നതും പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തതുമൊക്കെ യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ പുരുഷോത്തമന്‍നായര്‍ എന്ന കഥാപാത്രത്തിന് അത് യോജ്യമാകുന്നില്ല. ബികോംകാരനും സ്നേഹാര്‍ദ്രനും അന്തസ്സുള്ളവനുമായ ഒരു തൊഴില്‍രഹിതന്‍റെ നിസ്സഹായതയും ആത്മസങ്കടങ്ങളും എട്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായ ഏതെങ്കിലും ചെറിയ തൊഴില്‍സംരംഭത്തിലേക്കോ ശമ്പളം കുറവെങ്കിലും സ്വകാര്യമേഖലയുടെ തുറസ്സായ രംഗത്തേക്കോ ചുവടുവയ്ക്കാത്തതുതന്നെ അസ്വാഭാവികതയാണ്. ഇത്തരത്തിലുള്ള ഒരു മനുഷ്യന്‍റെ സമൃദ്ധമായ ജീവിത സങ്കല്പം യഥാര്‍ത്ഥത്തില്‍ സ്നേഹത്തിന്‍റെ ജീവിതം എന്നതാണ്. ഹൃദയത്തിന് നിറവുണ്ടാവുകയും ബന്ധങ്ങള്‍ സമ്പന്നമാവുകയും ചെയ്യും. ഒരു സഹോദരി ഇടയ്ക്കിടെ വന്ന് സഹായം ചോദിക്കുമെന്നല്ലാതെ പുരുഷോത്തമന്‍നായരെ അതിസമ്പന്നനാക്കാനുള്ള യാതൊരുവിധ സാമൂഹിക സമ്മര്‍ദ്ദങ്ങളുമില്ല. തീരാക്കട ബാധ്യതയില്ല. ആധിയും വ്യാധിയുമില്ല.

ഗള്‍ഫില്‍ ജോലി ലഭിക്കുന്നതോടെ അയാള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതമാണുള്ളത്. പലതരം വീട്ടുപകരണങ്ങള്‍, കാര്‍, ഉദാരസംഭാവന, കുടുംബത്തില്‍ കൂടുതല്‍ അംഗീകാരം, സമൂഹത്തില്‍ മാനവും സ്ഥാനവും! പുരുഷോത്തമന്‍നായര്‍ക്ക് പുതിയൊരു ജീവിതമായിക്കഴിഞ്ഞു. ഇതിനപ്പുറത്തേക്ക് നടക്കുന്നതെല്ലാം കൃത്രിമത്വം നിറഞ്ഞ ഏച്ചുകെട്ടലുകളാണ്. നിത്യവരുമാനത്തിന്‍റെ വിലയറിയാവുന്ന ഈ കഥാപാത്രം അവിശ്വസനീയമായി മറ്റൊരു കഥാപാത്രമായി മാറുന്നു. തീര്‍ത്തും വിരുദ്ധസ്വഭാവമുള്ളത്. ഗള്‍ഫിലെ ജോലിയില്‍ നിന്നും കിട്ടുന്ന മാസവരുമാനത്തിന്‍റെ എഴുപത്തിയഞ്ചു ശതമാനവും കൊടുത്ത് വലിയൊരു ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുന്നതും വലിയൊരു ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ പദ്ധതിയിടുന്നതും ഈ കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അസംബന്ധം തന്നെയാണ്.നിലവിലുള്ള എല്ലാ സൗഭാഗ്യങ്ങളും സമാധാനവും സന്തോഷവും മാറ്റിവച്ച് കുറെക്കാലം സ്നേഹിക്കുന്ന കുടുംബത്തില്‍ നിന്ന് അകന്നുനില്ക്കുക? ഒളിവില്‍ പോകുക? അന്യവ്യക്തിയായി വന്ന് ഭാര്യയെ രണ്ടാമത് കല്യാണം കഴിക്കുക? അസംബന്ധങ്ങള്‍ നിരവധിയാണ്.

ഒരിക്കലും ക്രിമിനലുകളല്ല, ഭാര്യപിതാവും ഭാര്യയുടെ മാതുലനും. ഭാര്യപിതാവായ റിട്ട. അധ്യാപകനാവട്ടെ ഉദാത്ത മനസ്സിന്‍റെ ഉടമയുമാണ്. ഈ സാത്വിക റിട്ട. അധ്യാപകനെ അതിമോഹത്തിനും മനുഷ്യക്രൂരതക്കും കൂട്ടുനില്‍ക്കുന്നവനായി ചിത്രീകരിക്കുന്ന രീതിയോടും യോജിക്കാനാവുന്നില്ല. ഭാര്യ-ദേവിയെയും ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുന്നവളായി വക്രീകരിക്കുന്നു. ഇവിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ഫിലിം മാസ്റ്റര്‍ പാളിപ്പോയിരിക്കുന്നു. 

ഒന്നാം പകുതിയുടെ അവസാനത്തില്‍ കഥാപാത്രങ്ങളെ കൃത്രിമ കുറ്റവാളികളായി രൂപാന്തരപ്പെടുത്തുന്നതു മുതല്‍ രണ്ടാംപകുതി മൊത്തത്തില്‍ ഈ സിനിമ അയുക്തിയിലാണ് നിലകൊള്ളുന്നത്. ഭര്‍ത്താവിനെ ഒരിക്കലും തെറ്റിലേക്ക് വഴിതെറ്റിക്കാതെ നിലകൊളളുന്ന ദേവിയെന്ന സാത്വിക അധ്യാപിക ഭര്‍ത്താവിന്‍റെ വ്യാമോഹത്തിലും ക്രൂരതയിലും പങ്കുചേരുന്നതും കള്ളം പറഞ്ഞു തുടങ്ങുന്നതും നമ്മുടെ കുടുംബത്തിലെ മഹനീയ സ്ത്രീ സങ്കല്‍പ്പത്തെ വികലമാക്കുന്നു. പ്രണയിനിയായ ദേവി ലൈംഗിക താല്‍പര്യത്തോട് വൈമുഖ്യം പുലര്‍ത്തുന്നത് ഭര്‍ത്താവിന് എട്ടുവര്‍ഷമായി ജോലിയില്ലെന്ന കാരണത്താലാണ്. ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനുള്ള ഭര്‍ത്താവിന്‍റെ പദ്ധതിയോടുള്ള അനുഭാവം ഈ കഥാപാത്രത്തെ സംശയത്തിന്‍റെ മുനയിലെത്തിക്കുന്നു. കുറ്റകൃത്യത്തെക്കുറിച്ചല്ല, മറിച്ച് അതു പരാജയപ്പെട്ടാലുള്ള പ്രശ്നങ്ങള്‍ മാത്രമാണ് പ്രകടമായിട്ടുള്ളത്. ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് അറിയാമെങ്കിലും വിധവയുടെ ശോകാഭിനയം നടത്തുന്നു. ഇതൊക്കെയും ദേവി എന്ന ഉത്തമസ്ത്രീ കഥാപാത്ര സങ്കല്‍പ്പത്തിലെ വിരുദ്ധമായ അടിയൊഴുക്കുകളാണ്. ലോക്കല്‍ പോലീസ്, ചുറ്റുവട്ട സമൂഹം - എന്തിന് ഇന്‍റര്‍പോള്‍ വരെ അന്വേഷിക്കുന്ന പുരുഷോത്തമന്‍ നായര്‍ ഭാര്യയെ രാത്രിയില്‍ രഹസ്യമായി കാണാനെത്തുന്നത് പലവട്ടമാണ്! എന്തൊരു സ്നേഹാര്‍ദ്രത! എന്തൊരു കുടുംബസ്നേഹം! ആഴത്തിലുള്ള പരസ്നേഹത്തിന്‍റെ പ്രതിനിധാനം! ഇതിലും ഭേദം 'ആയിരം അജന്താചിത്രങ്ങളില്‍' എന്ന സുപരിചിത ഗാനമുള്ള, 'ശംഖുപുഷ്പം' (1975) എന്ന സിനിമ സംവിധാനം ചെയ്ത, ബേബി എന്ന പഴയകാല സംവിധായകന്‍റെ 'എന്‍.എച്ച്.47' എന്ന ക്രൈം ത്രില്ലര്‍ വ്യവസായസിനിമ തന്നെയല്ലേ?

'പിന്നെയും' കണ്ടവര്‍ - 'എലിപ്പത്തായം' കണ്ട് ഒടുവില്‍ ചിരിച്ചുപോയ സാധാരണ കുടുംബിനികള്‍ പോലും - പിന്നെയും ചോദിക്കുന്നു - അടൂര്‍ സാറിനെന്തുപറ്റി?


Similar Post You May Like

Recent Post

Blog Archive