മലയാളിയുടെ മാറാ രോഗം - മലിനീകരണം


Leela Menon
Writer, Journalist
admin 23-08-2017 12:53 Environment 1012
Published in Pacha - Azhchapathram
Dated:2017 Annual issue


Adimali P.O, Adimali - 685 561

ഇന്ന് മലിനീകരണം ഭാരതവും കേരളവുമുൾപ്പടെ നേരിടുന്ന വലിയ ഭീഷണിയാണ്. ട്രക്കുകളും, ബസ്സുകളും പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്നു. ഡീസൽ വായു മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദിയാണ്. ഇത് ക്യാൻസർ ബാധയ്ക്കും കരൾ രോഗത്തിനും കാരണമാകുന്നു. പൊതു വാഹനങ്ങൾ ഹരിതഗൃഹ വാതകമാണ് ബഹിർഗമിപ്പിക്കുന്നത്. ഇന്ന് കേരളത്തിലും പൊതു വാഹനങ്ങളും മറ്റ് വാഹനങ്ങളും വർദ്ധിക്കുകയാണ്. ഇതിൽ ഏറ്റവും അപകടകരമായ വസ്തുത ഇവ ഓടുന്നത് പരിമിത സൌകര്യങ്ങളുടെ റോഡുകളിൽകൂടിയാണെന്നതാണ്.

ഭാരതത്തിൽ 2010ൽ 112 ദശലക്ഷം വാഹനങ്ങളുണ്ടായിരുന്നത് ഇന്ന് എത്രയോ അധികമായി വർദ്ധിച്ചു എന്നു മാത്രമല്ല ഇരുചക്ര വാഹനങ്ങളും പെരുകുകയാണ്. ഇവ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഹൃദ്രോഗങ്ങൾക്ക് ഇടയാക്കുകയും പ്രത്യുല്പാദന പ്രക്രിയയെ ബാധിക്കുകയും ചെയ്യുന്നു.


ജല മലിനീകരണത്തിന്റെ പ്രധാന കാരണം ഖര മാലിന്യം വെള്ളത്തിൽ തള്ളുന്നതാണ്. കേരളത്തിൽ 44 പുഴകളുണ്ട്. പക്ഷെ, ഇവയിൽ പലതും ഇന്ന് മരണോന്മുഖമാണ്. മണൽ വാരൽ, പുഴയോരക്കയ്യേറ്റം, വന നശീകരണം, നിയന്ത്രണമില്ലാത്ത കീടനാശിനി ഉപയോഗം തുടങ്ങിയവയെല്ലാം മലിനീകരണം സൃഷ്ടിക്കുന്നു. കൂടാതെ 270 ദശലക്ഷം ലിറ്റർ വ്യവസായ മാലിന്യം പെരിയാറിലെത്തുന്നു. ജനപ്പെരുപ്പം,  അഴിമതി,  നിയമ വിധേയമല്ലാത്ത കയ്യേറ്റം,വന നശീകരണം എന്നിവ മൂലം വന്യ ജീവികൾ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി വ്യവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

വാഹന മലിനീകരണമാണ് രണ്ടാമത്. കൊച്ചിയിലും, തിരുവനന്തപുരത്തും, കോഴിക്കോട്ടും വാഹനങ്ങൾ പെരുകുകയാണ്. ഏറ്റവും അധികം വാഹനങ്ങളുള്ളത് എറണാകുളത്താണ്. ഇത് വായുവിന്റെ സംശുദ്ധി നശിപ്പിക്കുന്നു. 

കേരളത്തിലെ മറ്റൊരു മലിനീകരണം പ്ലാസ്റ്റിക് ഉപയോഗം സൃഷ്ടിക്കുന്നതാണ്. പ്ലാസ്റ്റിക് അപകടകാരിയാണെന്ന് അറിവുള്ള സാക്ഷരരായ മലയാളികൾ അനിയന്ത്രിതമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കിൽ ടോക്സിക് വസ്തുക്കളാണ്. ഇത് കത്തിക്കുമ്പോൾ ബയോക്സിൻ എന്ന ഏറ്റവും അപകടകാരിയായ വസ്തു പുറത്തുവരുന്നു.

കേരളം വളരെ വേഗം നഗരവൽക്കരിക്കപ്പെടുമ്പോൾ, വാഹനങ്ങൾ പെരുകുമ്പോൾ വായുവിന്റെ ഗുണ മേന്മ നഷ്ടപ്പെടുന്നു. പെട്രോൾ വണ്ടികളിൽ നിന്നുള്ള കാർബൺ ബഹിർഗമനം നൈട്രജൻ,ലെഡ്‌, സൾഫർ ഓക്സൈഡ് മുതലായവയാണ്. ശബ്ദ മലിനീകരണത്തിനും വാഹനങ്ങൾ കാരണമാകുന്നത് അനിയന്ത്രിതമായി ഹോൺ ഉപയോഗിക്കുന്നതിനാലാണ്. 100 ഡസിബല്ലിൽ അധികമുള്ള ശബ്ദം ബധിരത സൃഷ്ടിക്കാൻ കാരണമാകുന്നു. കൂടാതെ കാർബൺ മോണോക്സൈഡ് ബഹിർഗമനവും അപകടകരമാണ്.

കേരളം തമിഴ്‌നാട്ടിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ കീടനാശിനി തളിച്ചവയാണ് എന്ന പരാതി ശക്തമാണ്. പക്ഷേ, ഇവിടുത്തെയും നിയന്ത്രണമില്ലാത്ത കീടനാശിനി ഉപയോഗവും രാസവള പ്രയോഗവും മരണ നിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. പച്ചക്കറി, മത്സ്യം, ധാന്യങ്ങൾ, ഇറച്ചി എന്നിവ മാത്രമല്ല, ഇന്ന് മുലപ്പാൽ പോലും മലിനീകൃതമാകുന്നു. എൻഡോ സൾഫാൻ ദുരന്തം എല്ലാവരുടെയും ഓർമ്മയിൽ ഇപ്പോഴുമുണ്ട്. 486 പേർ മരിക്കുകയും 4000 പേർ രോഗ ബാധിതരാവുകയും ചെയ്തു.

കേരളത്തിലെ ജൈവ വൈവിധ്യം നശിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടത്തിൽ 24 ജൈവ വൈവിധ്യ മേഖലകളാണ് ഉള്ളത്. ഇതിൽ വയൽ നികത്തലും പുതിയ വിത്തുകളുടെ പരീക്ഷണവും നടക്കുന്നു. കേരളത്തിലെ വനങ്ങളിൽ 102 തരം സസ്തനികളും, 169 തരം ഇഴ ജന്തുക്കളും 202 തരം മത്സ്യങ്ങളും നശിച്ചുകൊണ്ടിരിക്കുന്നത് നിയമ വിധേയമല്ലാത്ത വന നശീകരണവും മണൽ വാരലും കാരണമാണ്. കേരളം മാഫിയകൾ ഭരിക്കുമ്പോൾ പണ സമ്പാദനമാണ്, പരിസ്ഥിതി സംരക്ഷണമല്ല പ്രധാനം. ക്വാറി മാഫിയ ഉണ്ടാക്കുന്ന ദുരിതങ്ങൾ താങ്ങാനാവാത്തതാണ്.

കേരളത്തിലെ മറ്റൊരു പ്രതിഭാസം നമ്മൾ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളാണ്. കേരളത്തിലെ പ്രതിശീർഷ മാലിന്യം ദേശീയ ശരാശരിയേക്കാൾ അധികമാണ്. ഇത് പകർച്ച വ്യാധികൾ വർദ്ധിപ്പിക്കുന്നു. കേരളത്തിൽ കുരങ്ങുപനി, ഡെങ്കിപനി മുതലായ പനികളും മഞ്ഞപ്പിത്തവും, ന്യൂമോണിയയും സാധാരണയായി.

കേരളത്തിലെ കായലുകൾ മലിനീകൃതമാണ്. ഹൌസ് ബോട്ടുകൾ വിനോദ സഞ്ചാരികളേയും കൊണ്ട് ദീർഘ ദൂരം പോകുമ്പോൾ അവരുടെ ഭക്ഷണ മാലിന്യങ്ങളും മറ്റും കായലിനെ മലിനീകരിക്കുന്നു. ഇതിനുപുറമെയാണ് ഓയിൽ മലിനീകരണം. ഇത് റോഡുകളിലും കാണാം. ടാങ്കുകളിൽ നിന്നും പൈപ്പു ലൈനുകളിൽ നിന്നും ഓയിൽ ബഹിർഗമിക്കുന്നു. കണ്ടൽക്കാട്‌ നശീകരണം മറ്റൊരു വിപത്താണ്.

ഇടുക്കിയിൽ മണ്ണിടിച്ചിൽ നമ്മൾ സ്ഥിരം കേൾക്കുന്ന വാർത്തയാണ്. ഇതും പരിസ്ഥിതി ശോഷണം മൂലം ഉണ്ടാകുന്നതാണ്. കേരളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി വിനാശം അന്തരീക്ഷ മലിനീകരണം, റോഡപകടങ്ങൾ, മരണങ്ങൾ, വാഹന വർധനവ് സൃഷ്ടിക്കുന്ന ഡീസൽ മലിനീകരണം എന്നിവയൊന്നും പുറം മോടിയിൽ ഭ്രമിക്കുന്ന മലയാളികൾ കാണുന്നില്ല. സർക്കാരും നിഷ്‌ക്രിയമാണ്.

(കോനാട്ട് പബ്ലിക്കേഷന്റെ പച്ച എന്ന ആഴ്ചപ്പത്രത്തിന്റെ വാർഷിക പതിപ്പ് 2017 ൽ പ്രസിദ്ധീകരിച്ചത്)

Similar Post You May Like

Recent Post

Blog Archive