ഹൈടെക് ഓണം - കവിത


Santha Thulaseedharan
sabusankar 29-07-2017 12:55 Poems 937

ഓണത്തിന്റെ മുഖം മാറുന്നു

പൂമുറ്റങ്ങളൊഴിഞ്ഞ മനസ്സിൽ

ഓണമൊരുക്കിയ നടുമുറ്റങ്ങളിൽ

ഓർമ്മ മരിച്ചൊരു തിരുവോണപ്പൂ!


കാണം വിറ്റും നാണംകാത്തവർ

ഉറ്റവരുടയവരൊന്നൊഴിയാത-

ങ്ങുത്സവലഹരി നുകർന്നൊരു കാലം

ഊഞ്ഞാലാടുന്നോർമ്മത്തുമ്പികൾ.


കൊയ്ത്തും മെതിയുമുണർത്തും കരകളിൽ

ഉത്സാഹത്തിൻ കൊറ്റികൾപാറിയ

നീരോടുന്ന നിലങ്ങളിലൊഴിയാ-

തദ്ധ്വാനത്തിൻ വേർപ്പൊഴുകുമ്പോൾ,

നിറനിറവല്ലം പത്തായങ്ങളിൽ

ആണ്ടറുതിക്കു പകുത്തു കൊടുക്കാ-

നന്നം കാത്തൊരു മനവേലകളിൽ

നാട്ടിടവഴികൾ ചിരിച്ചൊരു കാലം.


മാറുപിളർന്നൊരു മാതാവിൻ പടി

വിണ്ടുവെടിച്ച നിലങ്ങളിലൊഴിയാ-

മുഞ്ഞകൾ, തണ്ടുതുരപ്പന്മാരുടെ

കെടുവിളയാട്ടം കണ്ടു ഭയക്കേ,

എലികൾ കരണ്ടു മുടിച്ചതു നേരിൽ

നെല്ലും പത്തായങ്ങളുമെന്നൊരു

കാലങ്കൊറ്റിപ്പരിഭവമെറിയേ

നത്തത്തോടുകളൊഴിയാ ശാപ-

ക്കൂടുകളുടയുന്നൊച്ചയിലില്ലാ-

ക്കതകും ചാരിയിറങ്ങുന്നൂ ഞാൻ.

നാണം വറ്റിയ ചാനൽത്തൊടികളി-

ലാകെ നരച്ചൊരു ചെറുബാല്യങ്ങളെ

ആട്ടിയകറ്റാനാകാതിടിയും

മനസ്സു മരച്ച പുരാവൃത്തങ്ങളെ

വൃദ്ധാലയമതിലേയ്ക്കു കുടഞ്ഞിട്ടി-

ത്തിരിയാശ്വാസത്തിരി കത്തി-

ച്ചഭിനവരോണക്കിറ്റുകൾ തിരിയേ,

ഓർമ്മയിലോടിയൊളിക്കുന്നോണം!

വെള്ളക്കാരുടെ ചന്തയിലോണം

വെള്ളം ചേർക്കാതൊട്ടു നുണഞ്ഞും,

ജപ്പാൻ വിപണിയൊരുക്കിയ കുപ്പി-

പ്പായസമിടവിട്ടൊന്നു രുചിച്ചും,

ലോകാധിപരെന്നൂറ്റം കൊണ്ടവ-

രാർജിത സംസ്‌കൃ, രോണക്കിറ്റിനു

പേറ്റന്റേകണമെന്നു ശഠിച്ചി-

ട്ടോരോ വിപണിയിടിച്ചു നിരത്തിയ

കൈവേലകളെത്തൊട്ടു നമുക്കൊരു

കാണവു,മോണവു,മിത്തിരി നാണവു

മെത്ര പഴഞ്ച, നൊഴിഞ്ഞീടുക,യീ

പുത്തനുണർവിനു കൈനീട്ടുക നാം.

അല്ലെന്നാകിൽ മാവേലിക്കൊരു

പ്രതിമയൊരുക്കുക; നന്മകരിഞ്ഞ

മണം പേറുന്നൊരു നാട്ടിൽ, കാലുകൾ

ബന്ധിച്ചങ്ങനെ

ഓണമൊരുക്കുക...

Similar Post You May Like

Recent Post

Blog Archive