കോവളം തീരവും കയ്യേറ്റഭൂമി ?

admin 29-07-2017 01:00 News 1303

തെക്കിന്‍റെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രമായ കോവളത്തെ ഹാല്‍സിയന്‍ കാസില്‍ (കോവളം കൊട്ടാരം) സ്ഥിതി ചെയ്യുന്ന 16 ഏക്കര്‍ 65 സെന്‍റിനു ചുറ്റുമുള്ള 8 ഏക്കര്‍ 30 സെന്‍റ് ഭൂമി കയ്യേറ്റം ചെയ്യപ്പെട്ടതാണെന്ന് രേഖകള്‍.

കടലിറക്കവും കടല്‍കയറ്റവും എന്ന പ്രകൃതി പ്രതിഭാസത്തിന്‍റെ ഫലമായിട്ടാണ് കേരളതീരവും കായലുകളും പടിഞ്ഞാറന്‍ ചതുപ്പ് നിലങ്ങളും ബാരിയര്‍ ബീച്ചുകളും രൂപപ്പെട്ടതെന്ന് ഭൂഗര്‍ഭശാസ്ത്രം പറയുന്നു. പല കായലുകളുടെയും കിഴക്കുഭാഗം വരേയ്ക്കും സമുദ്രമായിരുന്നുവെന്ന് വിവിധ ഖനനങ്ങളും ചരിത്രരേഖകളും സ്ഥലനാമങ്ങളും യാത്രാവിവരണങ്ങളും വ്യക്തമാക്കുന്നുണ്ട്. പ്രാചീന തുറമുഖങ്ങളുടെയും തുറകളുടെയും സ്ഥാനം കായലുകള്‍ക്കും അഴിമുഖങ്ങള്‍ക്കും ഉള്‍ഭാഗത്തായിരുന്നതിന്‍റെ കാരണവും കടലിറക്കത്തിനു മുന്‍പുള്ള ഭൂമിശാസ്ത്രം തന്നെയാണെന്ന് ഉപഗ്രഹചിത്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാചീനകാലം മുതല്‍ക്കേ വാണിജ്യ തുറമുഖവും ആയ് രാജവംശത്തിന്‍റെ തലസ്ഥാനവുമായിരുന്ന വിഴിഞ്ഞം ചോളന്മാരുടെ ആക്രമണത്തില്‍ തകര്‍ന്നതും ചരിത്രത്തില്‍ സുവിദിതമാണ്. വിഴിഞ്ഞം ഭാഗത്തു നിന്നു തെക്കു വെങ്ങാനൂര്‍ മലഞ്ചരിവു വരെ കടല്‍ ഉള്ളിലേക്ക് കയറിക്കിടക്കുന്നതായി 1816-17 ല്‍ ലഫ്. ബെഞ്ചമിന്‍ സ്വൈന്‍ വാര്‍ഡിന്‍റെ സര്‍വ്വെയില്‍ പറയുന്നു. (ഗ്രന്ഥം -മെമോയിര്‍ ഓഫ് ദ സര്‍വ്വേ ഓഫ് ദ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ആന്‍ഡ് കൊച്ചിന്‍ സ്റ്റേറ്റ്). ഈ തീരപ്രദേശങ്ങളില്‍ കിണര്‍ കുഴിച്ചാല്‍ ഇപ്പോഴും സമുദ്ര പരിസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവരുന്നു. കടലിറക്കത്തിന്‍റെ ഭാഗമായിട്ടാണ് കോവളം തീരഭൂമിയും പ്രത്യക്ഷപ്പെട്ടതെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാലിയോ-റോക്കുകള്‍ കടലിലേക്ക് ഉന്തിനില്‍ക്കുന്ന പാറകള്‍-കടലില്‍ നിന്നും ഉയര്‍ന്നുവന്നതത്രേ. ഇതുപോലെ വര്‍ക്കല-മാടായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെങ്കുന്നുകള്‍ (ലാറ്ററൈറ്റ് ഫോംസ്) ഉയര്‍ന്നുവന്നതും സമുദ്ര പരിസ്ഥിതിയില്‍ നിന്നുതന്നെ. കടലിറക്കത്തിന്‍റെ ഭാഗമായി ഉണ്ടായ കോവളം തീരഭൂമി കടലിലേക്ക് ഉന്തിനില്‍ക്കുന്ന പാറമുനമ്പുകളാല്‍ സംരക്ഷിക്കപ്പെടുകയും കടല്‍ തിരകളുടെ മര്‍ദ്ദത്തെ കുറയ്ക്കുകയും ചെയ്തതോടെ തീരക്കടലില്‍ മണല്‍ത്തിട്ടകള്‍ (സാന്‍ഡ് ബെഡ്) രൂപം കൊണ്ടു. അതോടെ കടലിലെ ജലകേളികളും  സുരക്ഷിതമായിത്തീര്‍ന്നു.  ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകള്‍ കൊണ്ട് കോവളം തീരഭൂമി നൂറ്റാണ്ടുകളിലൂടെ വിദേശശക്തികളുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെയും സുഖവാസകേന്ദ്രമായി മാറി. 1892 വരേക്കും ഇന്നത്തെ ലൈറ്റ് ഹൗസ്  - കോവളം കൊട്ടാരം- സമുദ്ര ബീച്ച് വരെയുള്ള തീരഭൂമി ഒ.ഡബ്ല്യൂ.ഗ്രേ എന്ന യൂറോപ്യന്‍ പ്രഭുവിന്‍റെ ഉടമസ്ഥതയിലായിരുന്നു.

1890 ല്‍ കൊച്ചിയിലെത്തിയ കര്‍മെലീത്ത മിഷണറിയും സെമിനാരി റെക്ടറുമായിരുന്ന ഫാ.അലോഷ്യസ് മരിയ ബെന്‍സിഗര്‍ തന്‍റെ മിഷന്‍റെ ഭാഗമായി കൊച്ചി മുതല്‍ കന്യാകുമാരി വരെയും സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ തനിക്കിഷ്ടപ്പെട്ട ഭൂമി എത്രയായാലും എന്തുവിലകൊടുത്തും വാങ്ങിയിടുക പതിവായിരുന്നു. സ്വിറ്റ്സര്‍ലാന്‍റിലെ പ്രഭുവായിരുന്ന ഗവര്‍ണര്‍ ബെന്‍സിഗറിന്‍റെ നാലാമത്തെ സന്താനമായിന്നു ഫാ. അലോഷ്യസ്. അജഗണങ്ങള്‍ക്കു വേണ്ടിയും പള്ളിക്കുവേണ്ടിയും സേവകര്‍ക്കു വേണ്ടിയും ഏക്കറു കണക്കിനു ഭൂമി  പലയിടങ്ങളില്‍ ആ പ്രഭുകുമാരന്‍ വാങ്ങിക്കൂട്ടിയതില്‍ ഉള്‍പ്പെട്ടതാണ് കോവളം തീരഭൂമിയും.

ഒ.ഡബ്ല്യൂ.ഗ്രേയില്‍ നിന്നും കോവളം തീരഭൂമി 24 ഏക്കറും 95 സെന്‍റുമാണ് 1892 ല്‍ 5000 രൂപയ്ക്ക് ഫാ. അലോഷ്യസ് മരിയ ബെന്‍സിഗര്‍ വാങ്ങുന്നത്. 1900 ല്‍ അദ്ദേഹം കൊല്ലം രൂപതയുടെ സഹായ മെത്രനായി. 1905 ല്‍ മെത്രാനുമായി. അന്നത്തെ അവിഭക്ത കൊല്ലം രൂപതയെന്നാല്‍ പമ്പാ നദി മുതല്‍ കന്യാകുമാരി വരെ അതിവിസ്തൃതം. ദരിദ്രവും അസംഘടിതവുമായ കൊല്ലം ലത്തീന്‍ രൂപതയെ കെട്ടിപ്പടുക്കാന്‍ അതി സമ്പന്നനായ ബെന്‍സിഗര്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് വത്തിക്കാന് ഉറപ്പായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ബെന്‍സിഗര്‍ തന്‍റെ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉദാരമതികളില്‍ നിന്നും സ്വീകരിച്ച പണം കൊണ്ട് വാങ്ങിക്കൂട്ടിയ  ഭൂസമ്പത്തും നിര്‍മിതികളുമൊക്കെ അവിഭക്ത കൊല്ലം രൂപതയ്ക്ക് അവകാശപ്പെട്ടതായിരുന്നു.

കോവളം കൊട്ടാരം സ്ഥിതി ചെയ്യുന്ന പാറക്കു സമീപം ഗ്രേ പ്രഭുവിന്‍റെ ഒരു ചെറിയ ബംഗ്ലാവു മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. റോഡുകളോ മറ്റു കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ല. കാല്‍നടയായും കാളവണ്ടിയിലുമായിരുന്നു സഞ്ചാരം. പാറമുനമ്പില്‍ ഒരു ഓലഷെഡ്ഡ് കെട്ടി അതില്‍ പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ബിഷപ്പ് ബെന്‍സിഗര്‍ സമയം ചിലവഴിച്ചിരുന്നു. 1924 ല്‍ ശ്രീമൂലം തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ പിന്തുടര്‍ച്ചാവകാശിയായ ശ്രീചിത്തിര തിരുനാളിനു 12 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ 7 വര്‍ഷത്തെ ഭരണച്ചുമതലയേറ്റത് സീനിയര്‍ മഹാറാണി സേതു ലക്ഷ്മി ബായി തമ്പുരാട്ടിയാണ്. ഭര്‍ത്താവ് രാമവര്‍മ്മ വലിയകോയി തമ്പുരാന്‍ കുതിരസവാരിക്കിടയില്‍ പലപ്പോഴും കോവളം പാറപ്പുറത്തെ ഓലഷെഡ്ഡില്‍ വിശ്രമിക്കാറുണ്ടായിരുന്നു. കേരളത്തില്‍ ടൂറിസത്തിന്‍റെ ആധുനിക സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞ മഹദ് വ്യക്തിയാണ് അദ്ദേഹം. ആ കോവളം തീരഭൂമി വാങ്ങി രാജകുടുംബത്തിനും വിദേശ അതിഥികള്‍ക്കും സുഖവാസകേന്ദ്രമൊരുക്കാന്‍ വലിയ തമ്പുരാന്‍ ആഗ്രഹിച്ചു. പക്ഷേ ബിഷപ് ബെന്‍സിഗര്‍ അതു വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എങ്കിലും തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ള അടുത്ത സൗഹൃദബന്ധം മൂലം ബെന്‍സിഗര്‍ തന്‍റെ 24 ഏക്കര്‍ 95 സെന്‍റ് ഭൂമിയില്‍ പാറയോടു ചേര്‍ന്നുള്ള 16 ഏക്കര്‍ 60 സെന്‍റ് കൈമാറാന്‍ സമ്മതിച്ചു. (ഭൂമി സംബന്ധിച്ച രേഖകള്‍ മഹാറാണിയുടെ മകളുടെ മകള്‍ ഡോ. ലക്ഷ്മീബായി രഘുനന്ദന്‍ വശം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.)

അവിഭക്ത കൊല്ലം രൂപതാ കൗണ്‍സിലിന്‍റെ അനുമതി ലഭിച്ചതു പ്രകാരം 15000 രൂപയ്ക്ക് 1930 ല്‍ ബെന്‍സിഗര്‍ മെത്രാന്‍, രാമവര്‍മ്മ വലിയ കോയിത്തമ്പുരാന് കോവളം ഭൂമിയുടെ ഉടമസ്ഥത കൈമാറി. വിലയാധാരം നമ്പര്‍-3375 കൊല്ലവര്‍ഷം 1105 ഇടവം 10.

ഇതിനു ശേഷമാണ് കോവളം കൊട്ടാരം എന്നറിയപ്പെടുന്ന ഹാല്‍സിയന്‍ കാസില്‍ (പ്രശാന്ത ദുര്‍ഗം) നിര്‍മിക്കാന്‍ ആരംഭിച്ചത്. പിന്നീട് ശ്രീ ചിത്തിരതിരുനാള്‍ സ്ഥാനമേറ്റപ്പോള്‍ സഹോദരി ഭര്‍ത്താവ് പൂഞ്ഞാര്‍ കൊട്ടാരത്തിലെ കേണല്‍ ഗോദവര്‍മ്മ രാജായുടെ സംരംഭങ്ങള്‍ കേരളത്തിലെ ടൂറിസം ചരിത്രത്തിലെ ആധുനികതയ്ക്ക് വഴി തുറന്നത് സുവിദിതമാണല്ലോ.

വിശാലമായ കൊല്ലം രൂപതയില്‍ വികസനത്തിനും ഭരണസൗകര്യത്തിനും വേണ്ടി കോട്ടാര്‍, തിരുവനന്തപുരം എന്നിങ്ങനെ രണ്ടു രൂപതകള്‍ കൂടി ഉണ്ടാവേണ്ടതുണ്ടെന്ന് ബെന്‍സിഗര്‍ മെത്രാന്‍ രൂപകല്‍പ്പന ചെയ്തു. ആ രൂപതകള്‍ക്ക് വത്തിക്കാനില്‍ നിന്നും അനുമതി ലഭിക്കും മുമ്പേ ബെന്‍സിഗര്‍ മെത്രാന്‍ 1931 ല്‍ രൂപതാ കൗണ്‍സില്‍ വിളിച്ചുകൂട്ടി വിശ്രമജീവിതത്തിനായി വിരമിച്ചു. തിരുവനന്തപുരത്തെ കാര്‍മെല്‍ ഹില്‍ ആശ്രമത്തിലാണ് ബെന്‍സിഗര്‍ തിരുമേനി വിശ്രമ ജീവിതം താപസനെപ്പോലെ കഴിച്ചുകൂട്ടിയത്. അധികാരമില്ലാത്ത ആര്‍ച്ച് ബിഷപ്പായി അവരോധിക്കപ്പെട്ട് വിശ്രമ ജിവിതം തുടരുമ്പോഴാണ് 1936 ല്‍ തിരുവനന്തപുരം ഒരു രൂപതയായി ഉയര്‍ത്തപ്പെടുന്നത്.  അവിഭക്ത കൊല്ലം രൂപതയ്ക്ക് അക്കാലത്ത് തിരുവനന്തപുരം പ്രദേശത്തുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ സ്വാഭാവികമായും തിരുവനന്തപുരം രൂപതയുടെ കീഴിലായി.

എന്നാല്‍ കോവളം തീരഭൂമിയില അവശേഷിച്ചിരുന്ന 8 ഏക്കര്‍ 30 സെന്‍റ് ഭൂമിയുടെ ഉടമസ്ഥത തിരുവനന്തപുരം രൂപതയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 1942 ല്‍ ദിവംഗതനായ ബെന്‍സിഗര്‍ മെത്രാന്‍ തന്‍റെ വിശ്രമ ജീവിതത്തില്‍ രൂപതകളുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നതുമില്ല. കൊല്ലം രൂപതയില്‍ പിന്നീട് വന്ന രൂപതാ കൗണ്‍സിലാവട്ടെ കോവളം തീരഭൂമി പൂര്‍ണമായും രാജകുടുംബത്തിനു കൈമാറി എന്ന ധാരണയിലുമായിരുന്നു. രൂപതയുടെ ഭൂമി കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ രൂപതാ കൗണ്‍സിലിന്‍റെ അനുമതി ആവശ്യമാണ്. എന്നാല്‍ നാളിതുവരേക്കും മേല്‍പ്പറഞ്ഞ 8 ഏക്കര്‍ 30 സെന്‍റ് തീരഭൂമി ഏതെങ്കിലും വ്യക്തികള്‍ക്കോ ധര്‍മ സ്ഥാപനങ്ങള്‍ക്കോ തിരുവനന്തപുരം രൂപതയ്ക്കോ കൈമാറാനുള്ള രൂപതാ കൗണ്‍സില്‍ കൂടിയിട്ടുമില്ല. കാനോനിക നിയമമനുസരിച്ച് കോവളം തീരഭൂമിയിലെ 8 ഏക്കര്‍ 30 സെന്‍റ് ഭൂമിയുടെ അവകാശം തിരുവനന്തപുരം ലത്തീന്‍ രൂപതക്കാണ്. അതല്ലെങ്കില്‍ കോട്ടണ്‍ഹില്ലിലുള്ള കര്‍മെലീത്ത നിഷ്പാദുക സഭയുടെ ബെന്‍സിഗര്‍ മെമ്മോറിയല്‍ സ്പിരിച്വാലിറ്റി സെന്‍ററിലാണ്.

രാജവാഴ്ച്ച ജനാധിപത്യഭരണത്തിലേക്കും  കേരള സംസ്ഥാന രൂപീകരണത്തിലേക്കും പഞ്ചായത്ത് ഭരണത്തിലേക്കും ഘട്ടം ഘട്ടമായി മാറിയ കാലങ്ങളിലാണ് രൂപതയ്ക്ക് അവകാശപ്പെട്ട കോവളം തീരഭൂമിയില്‍ കയ്യേറ്റങ്ങള്‍ ആരംഭിച്ചത്. രാജ്യാന്തര സുഖവാസകേന്ദ്രമായി ശ്രദ്ധയാകര്‍ഷിച്ച കോവളത്തെ പ്രസ്തുത 8 ഏക്കര്‍ 30 സെന്‍റ് തീരഭൂമിയില്‍ വ്യാജപട്ടയങ്ങളും കൈവശാവകാശ രേഖകളും ചിലര്‍ സമ്പാദിച്ചു.


ഇന്ന് സെന്‍റിന് 20 ലക്ഷത്തിലേറെ രൂപ വില വരുന്ന കോവളം തീരഭൂമിയില്‍ രൂപതയ്ക്ക് അവകാശപ്പെട്ട 8 ഏക്കര്‍ 30 സെന്‍റില്‍ കയ്യേറ്റക്കാരുടെ ഹോട്ടലുകള്‍ സി.ആര്‍. സെഡ് നിയമങ്ങള്‍ ലംഘിച്ച് തട്ടുതട്ടായി ഉയര്‍ന്നുനില്‍ക്കുന്നു.

കോവളം കൊട്ടാരം പൊതുസ്വത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്ഥാപനത്തിന് ഗവണ്‍മെന്‍റ്  കൈമാറുന്നത് വിവാദമായിരിക്കുകയാണല്ലോ. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ സൂസപാക്യം തിരുമേനി കോവളം കൊട്ടാരം സംബന്ധിച്ച ഒരു ധവളപത്രം ഇറക്കുവാന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊരു വൈറ്റ് പേപ്പര്‍ തയ്യാറാക്കുമ്പോള്‍ കോവളം തീരഭൂമിയുടെ ആദ്യകാല രേഖകളും ഉടമസ്ഥതയും വില്‍പ്പനയും കയ്യേറ്റവും വ്യക്തമാകും. പക്ഷേ വൈറ്റ് പേപ്പര്‍ ഗവണ്‍മെന്‍റ് പുറത്തിറക്കുന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ ആര്‍ച്ച് ബിഷപ്പ് ബെന്‍സിഗര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുവാന്‍ തയ്യാറെടുക്കുന്നുണ്ട്.

Similar Post You May Like

Recent Post

Blog Archive