പുസ്തക പ്രസാധനവും സഹകരണ പ്രസ്ഥാനവും

admin 28-07-2017 09:12 Criticism 880

"ഒരു അപ്രിയ സത്യംകൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഈ സഹകരണ പ്രസ്ഥാനത്തിന്‍റെ ഓഫീസ്  നടത്തിപ്പില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെതായ യാതൊരുവിധ ദുഃസ്വഭാവങ്ങളും വന്നുഭവിക്കരുത്.  ഇത്  സാഹിത്യ പ്രവര്‍ത്തനമാണെന്ന കാര്യം മറന്നാല്‍ ഏത് മഹത്തായ സ്വപ്നവും പൊലിഞ്ഞുപോകും."


സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് ലോകസാഹിത്യ രംഗത്തു തന്നെ വേറിട്ടു നില്‍ക്കുന്ന ചിത്രമുണ്ട്. അതില്‍ അത്ഭുതകരമായ ആരോഹണത്തിന്‍റെയും അതുപോലെ തന്നെ വളരെ ദയനീയമായ അവരോഹണത്തിന്‍റെയും ചിത്രമുണ്ട്. അവരോഹണത്തിന്‍റെ  ഭാഗത്തുനിന്ന്  പഴയ ആരോഹണത്തിലേക്ക് കൊണ്ടുപോകാനുള്ള മഹത്തായ സ്വപ്നം  ബാക്കി നില്‍ക്കുന്നു. ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ 30 ശതമാനം റോയല്‍റ്റി എഴുത്തുകാരനു നല്‍കിയിട്ടുള്ള ഒരേ ഒരു പ്രസാധക സംഘം എസ്.പി.സി.എസ്. ആണ്.  ഇത് ഗിന്നസ് ബുക്കില്‍  രേഖപ്പെടുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല.  


ഞാനും ഒന്നുരണ്ട് പുസ്തകങ്ങള്‍ക്ക് 30 ശതമാനം റോയല്‍റ്റി വാങ്ങിയിട്ടുള്ള ആളാണ്.  ഈ പ്രസാധക സംഘം ഉണ്ടായത് ഒരു ആവശ്യകതയില്‍ നിന്നായിരുന്നു.  പ്രൊഫസര്‍ എം.പി. പോള്‍, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ നീലകണ്ഠ പിള്ള, ഡി.സി. കിഴക്കേമുറി തുടങ്ങിയവര്‍ അതിന് മുന്‍കൈ എടുത്തു. കേശവദേവ്, തകഴി തുടങ്ങിയ പ്രധാനപ്പെട്ട കഥാകൃത്തുകള്‍, എഴുത്തുകാര്‍ അവരോടു സഹകരിക്കുകയും ചെയ്തു. പ്രസാധക സംഘം തുടങ്ങാനുള്ള കാരണം അവര്‍തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എഴുത്തുകാരന്‍ ഒരു രചനയുമായി അക്കാലത്തെ പ്രസാധകനെ സമീപിച്ചാല്‍, സാധനം കയ്യിലെടുത്ത് പലതവണ തൂക്കി നോക്കി വിലപറയുന്ന കച്ചവടം പോലെയാണ്, കയ്യെഴുത്ത് പ്രതിക്ക് വിലപേശുന്നത്.  എഴുത്തുകാരന് 100 രൂപ വേണമെങ്കില്‍ 500 രൂപ ചോദിക്കണം. എന്നാലേ പുസ്തക കച്ചവടക്കാരനുമായി വിലപേശി  100 രൂപയിലെത്തൂ.  വയലാര്‍ രാമവര്‍മ്മയുടെ പാദമുദ്രകള്‍  എന്ന ആദ്യ പുസ്തകം അച്ചടിമഷി പുരണ്ടത് ഒരു സ്വകാര്യ പുസ്തക പ്രസാധക വ്യാപാരിയുടെ  സ്ഥാപനത്തില്‍ നിന്നായിരുന്നു. പില്‍കാലത്ത് എസ്.പി.സി.എസ്. വയലാറിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാദമുദ്രകള്‍  മാത്രം ലഭിച്ചില്ല.  അതിന്‍റെ അവകാശം തുച്ഛമായ വിലയ്ക്ക്  ആ സ്വകാര്യ പ്രസാധകന്‍ സ്വന്തമായി  എഴുതിയെടുത്തിരുന്നു. 100 രൂപ പ്രതിഫലത്തിന്  നല്‍കിയ രസീതില്‍ പകര്‍പ്പവകാശം എന്ന് പ്രസാധകന്‍ എഴുതി ചേര്‍ത്തിരുന്നു. പ്രസിദ്ധീകരണാവകാശവും പകര്‍പ്പവകാശവും തമ്മിലുള്ള വ്യത്യാസമറിയാതെ ആദ്യ പുസ്തകമിറങ്ങുന്ന ആവേശത്തില്‍ വയലാര്‍ ഒപ്പിടുകയായിരുന്നു.  പല പുസ്തകങ്ങള്‍ക്കും പുനഃപ്രസിദ്ധീകരണം  സംബന്ധിച്ച് ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. അക്കാലത്തെ സ്വകാര്യ പ്രസാധകര്‍ മരത്തടിയും മത്സ്യവുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരെ പോലെയാണ്  പുസ്തകത്തെയും കണ്ടിരുന്നത്. എഴുത്തുകാരന്‍റെ ചോരയൂറ്റി കുടിക്കുന്ന അത്തരം പ്രസാധക കച്ചവടക്കാരുടെ  പിടിയില്‍ പെടാതെ പുസ്തകങ്ങള്‍ നല്ല രീതിയില്‍ പ്രസാധനം ചെയ്യുവാനും വിതരണം ചെയ്യുവാനും എഴുത്തുകാരന്  അര്‍ഹമായ റോയല്‍റ്റി ലഭ്യമാക്കുന്നതിനും ആരംഭിച്ച സഹകരണ പ്രസാഥാനമാണ് എസ്. പി.സി.എസ്.


പക്ഷെ, ഇവിടെ ജനാധിപത്യവും അധികാരവും ഏറ്റവും നിലവാരം കുറഞ്ഞ രീതിയില്‍ നടന്നതോടെ ഈ എസ്. പി.സി.എസി-ന്‍റെ അവരോഹണവും ആരംഭിച്ചു.  ഡയറക്ടര്‍ ബോര്‍ഡില്‍ കടന്നു ചെല്ലേണ്ടതിന് അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നു. ചില തത്പരകക്ഷികള്‍ ഒത്തുകൂടിയപ്പോള്‍ അവര്‍ എഴുത്തുകാരേക്കാള്‍  കൂടുതല്‍ വോട്ടുബാങ്കായിത്തീര്‍ന്നു.  ബോര്‍ഡ് മീറ്റിംഗില്‍ ആ തത്പരകക്ഷികള്‍ എസ്.കെ. പൊറ്റെക്കാടിനെയും ഉറൂബിനെയുമൊക്കെ നിഷ്കരുണം വിമര്‍ശിച്ചിട്ടുണ്ട്.  ഏറ്റവും നന്നായി വിറ്റുപൊയ്ക്കൊണ്ടിരുന്നവയാണ് പൊറ്റെക്കാടിന്‍റെ പുസ്തകങ്ങള്‍. പക്ഷെ, ആ കാര്യം പരിഗണിക്കാതെ സ്വന്തം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു എന്ന ആരോപണം  അധികാരമോഹികള്‍ ഉന്നയിച്ചു.  അങ്ങനെ പല നല്ല എഴുത്തുകാരും എസ്.പി.സി.എസിന് പുസ്തകങ്ങള്‍  നല്‍കാതെയായി.  പിന്നീട് നടന്നത്  വിറ്റുപോകാത്തവയും തല്പരകക്ഷികളുടേതുമായ പുസ്തകങ്ങള്‍  ഇറക്കുക എന്നതായിരുന്നു.  അത്. എസ്.പി.സി.എസിന്‍റെ നിലനില്‍പിനെയും ലക്ഷ്യത്തെ തന്നെയും ദുര്‍ബലമാക്കി.  അങ്ങനെ റോയല്‍റ്റി  മുപ്പതു ശതമാനത്തില്‍ നിന്ന് കുറഞ്ഞുകുറഞ്ഞ് ഒന്നും കൊടുക്കാതെയായി.  


ഒരിക്കല്‍ ഡി.സി. കിഴക്കേമുറി ശാസ്ത്രീയമായൊരു കണക്ക് അവതരിപ്പിച്ചിട്ടുണ്ട്.  റോയല്‍റ്റി അങ്ങേയറ്റം പോയാല്‍ 15 ശതമാനം.  അച്ചടി, കടലാസ്, ഓഫീസ്, വിതരണം എന്നിങ്ങനെ നിശ്ചിത ശതമാനം  കിഴിച്ചാല്‍ റോയല്‍റ്റി 15 ശതമാനമേ നല്‍കാന്‍ കഴിയൂ.  അതില്‍ കൂടുതല്‍  ഒരു പ്രസാധകന്‍ കൊടുക്കുന്നുണ്ടെങ്കില്‍ മറ്റെന്തോ നടക്കുന്നുണ്ടാവണം.  ഇക്കാലത്ത് റോയല്‍റ്റി ഒന്നും കൊടുക്കാത്ത പ്രസാധകരുണ്ട്.  അവരുടെ കയ്യില്‍ എഴുത്തുകാര്‍ പുസ്തകം ഏല്പിക്കുന്ന ചിത്രം കാണാം.  പുതിയ എഴുത്തുകാരാണെങ്കില്‍ പ്രസാധകന് 20,000 രൂപ വരെ നല്‍കേണ്ടി വരുന്ന  ദുഃഖചിത്രവും കാണാം.  ഒടുവില്‍ പ്രകാശനകര്‍മ്മവും കഴിഞ്ഞാല്‍ എഴുത്തുകാരന് അച്ചടിച്ച പുസ്തകത്തിന്‍റെ നൂറുകോപ്പി നല്‍കും. എന്തോ ഒരു ഔദാര്യം പോലെ.  ഇത്തരം  സാഹചര്യം നിലനില്‍ക്കുമ്പോള്‍ എഴുത്തുകാര്‍ക്കുവേണ്ടി എഴുത്തുകാരാല്‍, എഴുത്തുകാരുടേതായ പ്രസ്ഥാനമാണ് ഈ സഹകരണ പ്രസ്ഥാനമെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.  നമ്മുടെ പ്രിയങ്കരനായ മന്ത്രി ജി. സുധാകരന്‍   ഒരു സാഹസിക ദൗത്യം നടത്തുകയാണ്.  


പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടന്‍  റോയല്‍റ്റി അഡ്വാന്‍സായി  നല്‍കുന്നു.  സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ആരോഹണം  വളരെ വിജയപ്രദമാക്കാന്‍ എല്ലാ എഴുത്തുകാരും സഹകരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . പക്ഷെ , ഒരു അപ്രിയ സത്യംകൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഈ സഹകരണ പ്രസ്ഥാനത്തിന്‍റെ ഓഫീസ്  നടത്തിപ്പില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെതായ യാതൊരുവിധ ദുഃസ്വഭാവങ്ങളും വന്നുഭവിക്കരുത്.  ഇത്  സാഹിത്യ പ്രവര്‍ത്തനമാണെന്ന കാര്യം മറന്നാല്‍ ഏത് മഹത്തായ സ്വപ്നവും പൊലിഞ്ഞുപോകും.


( 2009 എസ്.പി.സി.എസ്. റോയല്‍റ്റി വിതരണ ചടങ്ങില്‍ നിന്നുള്ള ഓ.എൻ.വിയുടെ പ്രസംഗം).

Similar Post You May Like

Recent Post

Blog Archive