Progressive Writers Multi Lingual Web Journal Society & PeerBey Web Designing Present

അസഹിഷ്ണുത ഗാന്ധിയോടോ?


  Tensing Joseph
  Principal,College of Fine Arts, Thiruvananthapuram
admin 29-07-2017 01:10 Arts 338
Play to hear this article

ആധുനിക ഇന്ത്യൻ ചിത്ര ശില്പ കലയുടെ പിതാവ്‌ എന്നറിയപ്പെടുന്ന രാം കിങ്കർ ബേയ്ജ് 1970-ൽ നിർമ്മിച്ച മഹാത്മാ ഗാന്ധിയുടെ ശില്പം അസാം സർക്കാർ ഗോഹട്ടിയിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. മഹാത്മാവിന്റെ മുഖവും കൈപ്പടങ്ങളും കണ്ണടയുമെല്ലാം വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന വാദം ഉന്നയിച്ചാണ് തീരുമാനം.

1970 ഒക്ടോബർ 2 ന് അന്നത്തെ അസാം മുഖ്യമന്ത്രി ബിഷ്ണു രാമമേദി ശരണിയ കുന്നിനുമുകളിലുള്ള ഗാന്ധി മണ്ഡപത്തിന്റെ പൂന്തോപ്പിൽ അനാവരനം ചെയ്തതാണ് ഈ ശില്പം. ശില്പത്തിന് വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയതിനേത്തുടർന്നാണ് അസാം സാംസ്കാരിക മന്ത്രിബാബുകുമാർ ഡോളിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തതെന്ന് ബി.ജെ.പി. എം.എൽ.എ സിദ്ധാർത്ഥ ഭട്ടാചാര്യ പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ സന്താളി-ദളിത്-ആദിവാസി സമൂഹങ്ങളോടും ബാബുൾ സംഗീതജ്ഞരോടും പുലർത്തിയിരുന്ന മാനവികതയുടെ അടയാളമായിരുന്നു രാംകിങ്കർ ബെയ്ജിന്റെ ശില്പങ്ങൾ. വിഷ്ണുപുരിയിലെ താഴ്ന്ന ജാതിയായ ബാർബർ കമ്മ്യൂണിറ്റിയിൽ നിന്നും ഉയർന്നുവന്ന് ആധുനിക ഇന്ത്യൻ ശില്പ കലയുടെ   പ്രചാരകനും, പ്രയോക്താവുമായി ലോകം അംഗീകരിച്ച ഈ ശില്പിയുടെ നിർമ്മിതികൾ തുടച്ചുനീക്കുന്നത് നമ്മുടെ ചരിത്രത്തിന്റെയും ദേശീയ സാസ്കാരിക നിർമ്മിതികളുടെയും ഉന്മൂലനമായി മാത്രമാണ് കാണാൻ കഴിയുന്നത്.

ബംഗാൾ വിഭജനത്തിനുശേഷമുണ്ടായ കൊടിയ ദാരിദ്ര്യത്തിന്റെയും,ജാതീയ രൂപീകരണത്തിന്റെയും പ്രതിഫലനമായിരുന്നു രാം കിങ്കർ ബെയ്ജിന്റെ കലാപ്രവർത്തനങ്ങൾ. വിശ്വഭാരതി സർവ്വകലാശാലയുടെ കലാഭവനിൽ മുതിർന്ന കലാകാരനായിരുന്ന നന്ദലാൽ ബോസിന്റെ ശിക്ഷണത്തിൽ വളർന്നുവന്ന രാം കിങ്കർ ബേയ്ജിനെ രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശപ്രകാരമായിരുന്നു കലാഭവനിൽ അദ്ധ്യാപകനായി നിയമിച്ചത്.

1938ൽ കലാഭവൻ കാമ്പസിൽ ചെയ്ത സാന്താളി ഫാമിലി എന്ന ശില്പവും ഡൽഹിയിലെ റിസർവ് ബാങ്കിനു മുന്നിലെ യക്ഷൻ യക്ഷി ശില്പവും രവീന്ദ്ര നാഥ ടാഗോറിന്റെ പോർട്രേറ്റും സുജാത എന്ന ആശ്രമ ബാലികയുടെ ശില്പവും രാംകിങ്കറിന്റെ മികച്ച സൃഷ്ടികളാണ്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും വിശ്വഭാരതി സർവകലാശാലയും ചേർന്ന് രാം കിങ്കറിന്റെ ശില്പങ്ങൾ വെങ്കലത്തിലേയ്ക്ക് രൂപമാറ്റം വരുത്തുകയും ടാഗോർ മ്യൂസിയത്തിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ബംഗാൾ സ്കൂൾ രൂപപ്പെടുത്തിയ ദേശീയ ബോധത്തിന്റെയും സ്വദേശീയ കലാപ്രസ്ഥാനങ്ങളുടെയും വക്താക്കളായ നന്ദലാൽ ബോസ്, സോമനാഥ് ഗ്രാർ,കെ.ജി. സുബ്രഹ്മണ്യൻ, വിനോദ് വിഹാരി മുഖർജി തുടങ്ങിയ കലാകാരൻമാരെയും അവരുടെ സൃഷ്ടികളേയുമാണ് അസാം ഭരണസമിതി നിന്ദിച്ചിരിക്കുന്നത്.

കലാഭവനിൽ രണ്ടു വർഷം ഞാൻ താമസിച്ച് പഠിച്ചിരുന്ന കാലത്ത് ആംതല ഹോസ്റ്റലിന്റെ കിഴക്ക് വശത്തെ ജനാല പാളികൾ തുറക്കുമ്പോൾ സന്താജി ഫാമിലി എന്ന ശില്പമായിരുന്നു കണ്ടുകൊണ്ടിരുന്നത്‌. ശില്പത്തിന്റെ ആർമിച്ചറായി മുളം കമ്പുകളും അദ്ധ്വാന നിർമ്മിതങ്ങളായ പ്രാദേശിക വസ്തുക്കളും ചേർത്ത് കെട്ടി അതിൽ സിമന്റും മണലും മിശ്രിതമായി എറിഞ്ഞും, കോരി  ഒഴിച്ചും ഉണ്ടാക്കിയ ശില്പത്തിന്റെ പരുക്കൻ പ്രതലങ്ങൾ യൂറോപ്യൻ കലാപ്രസ്ഥാനങ്ങളായ പോസ്റ്റ് ഇമ്പ്രഷണിസ്റ്റ് - എക്സ്പ്രണിസ്റ്റ് കലാരീതികളെ സ്വാംശീകരിക്കുന്നവയാണ്. ഇതിനടുത്തുതന്നെ സ്ഥാപിച്ചിട്ടുള്ള ഗൌതമ ബുദ്ധന്റെയും ജാജ്വല്യമാനായി നടന്നുപോകുന്ന ഗാന്ധി പ്രതിമയുടെയും മുന്നിലൂടെ ഇവിടുത്തെ കലാനിരൂപകരും, ചിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഏറെ ആദരവോടെയാണ് കടന്നുപോകുന്നത്.

ഏകീകൃതവും ഉപഭോഗാധിഷ്ഠിതവുമായ പുത്തൻ മുതലാളിത്ത വ്യവസ്ഥകളോട്‌ കലഹിച്ച് പലായനം ചെയ്യുന്ന ഗ്രാമീണ മനുഷ്യരുടെയും മറ്റ് ചെറു സമൂഹങ്ങളുടെയും പ്രശ്നങ്ങൾ ആധുനിക കലയിലൂടെ രൂപപ്പെടുത്തിയ ഈ മഹാനായ കലാകാരന്റെ സൃഷ്ടി പൊളിച്ചുനീക്കി പകരം ‘പുത്തൻ’ ശില്പം നിർമ്മിക്കുന്നത് രാജ്യ വിരുദ്ധ പ്രവർത്തനവും ക്രിമിനൽ കുറ്റവുമായേ കാണാൻ കഴിയുകയുള്ളൂ. 

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് - ഗാന്ധി ജയന്തി ദിവസങ്ങളിലും നവീകരണത്തിന്റെയും സൌന്ദര്യവത്കരനത്തിന്റെയും ഭാഗമായി ഗാന്ധി പ്രതിമയെ അസാമിൽ വെള്ളയടിക്കുമായിരുന്നു. അശാസ്ത്രീയമായ ഇത്തരം പ്രവർത്തനങ്ങൾ എല്ലാക്കാലത്തും എല്ലാ മഹത്തായ സൃഷ്ടികൾക്കും വെല്ലുവിളിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ അജന്ത - എല്ലോറ ഗുഹകളിലെ ചുവർ ചിത്രത്തിന് മുകളിൽ വിനോദ സഞ്ചാരികൾ അവരുടെ പേരും മതപരമായ ചിഹ്നങ്ങളും അടയാളപ്പെടുത്തുന്ന ‘സംസ്കാരം’ അടുത്ത കാലത്തുവരെ നിലനിന്നിരുന്നു. ഇതെല്ലം  നമ്മുടെ മഹത്തായ കലാ സാംസ്കാരിക പാരമ്പര്യത്തെ നശിപ്പിക്കുകയും അമൂല്യങ്ങളായ സൃഷ്ടികളെ വികലമാക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യലബ്ദിക്കുമുൻപ് ബ്രട്ടീഷ് കൊളോണിയൽ ഭരണകൂടം അവരുടെ സൈനിക പരിശീലനത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടി വച്ച് പരിശീലിച്ചിരുന്നത് മഹാരാഷ്ട്രയിലെ എലഫന്റയിലുള്ള കരിങ്കൽ ശില്പങ്ങളിലായിരുന്നു. ഭാഗികമായി തകർന്നുപോയ ചരിത്ര ശിലാരൂപങ്ങൾ ഇന്നും നമ്മുടെ വിശ്വാസത്തിനും സംസ്കാരത്തിനും മേൽ ഏറ്റ പ്രഹരമായി നിലനിൽക്കുന്നു.

രാജ്യത്തെ സവർണ്ണ ഹിന്ദുത്വ ആശയങ്ങൾ നമ്മുടെ കലാ സാംസ്കാരിക നിർമ്മിതികളെ എങ്ങിനെയാണ് തകർക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ തീരുമാനമെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ കലാകാരന്മാരും, സാഹിത്യകാരന്മാരും,  ചലച്ചിത്ര പ്രവർത്തകരും അപലപിച്ചിട്ടുണ്ട്. വിശ്വഭാരതി സർവ്വകലാശാലയുടെ വൈസ്.ചാൻസലർ പ്രൊഫ.സ്വപ്നദത്ത് പ്രകടിപ്പിച്ച പ്രതിഷേധങ്ങൾക്കൊപ്പം കലാഭവനിൽ നിന്നും  പഠിച്ചിറങ്ങിയ കേരളത്തിലെ കലാകാരന്മാരെല്ലം ഒരുമിച്ച് നിൽക്കുകയാണ്.

സോവിയറ്റ് റഷ്യയുടെ പതനവുമായി ബന്ധപ്പെട്ട് ലെനിന്റെയും കാറൽ മാക്സിന്റെയും പ്രതിമകൾ തകർക്കപ്പെട്ടതോടെ സോവിയറ്റ് സോഷ്യലിസ്റ്റ് റഷ്യയുടെ പിതാവിന്റെ രൂപം പോലും അന്യമായ ഒരു ജനതയെപ്പോലെ സഹിഷ്ണുതയും നന്മയും നഷ്ടപ്പെട്ട ഒരു ജനതയ്ക്കായി നമ്മളും മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Similar Post You May Like

Recent Post

Blog Archive