ഡോ. വി. രാജകൃഷ്ണൻ

admin 29-07-2017 01:20 Interviews 972

? പുസ്തക നിരൂപകന്‍ :

രോഗത്തിന്‍റെ പൂക്കള്‍ (1979), മൗനം തേടുന്ന വാക്ക് (1981), കാഴ്ചയുടെ അശാന്തി (1987), ആളൊഴിഞ്ഞ അരങ്ങ് (1990), ചുഴികള്‍, ചിപ്പികള്‍ (1990), ചെറുകഥയുടെ ഛന്ദസ്സ് (1997), ബ്രഷ്ടിന്‍റെ നാനാര്‍ത്ഥങ്ങള്‍ 1998), നഗ്ന യാമിനികള്‍ (2003), മറുതിര കാത്തി നിന്നപ്പോള്‍ (2006) തുടങ്ങിയവയ്ക്ക് ശേഷം പുതിയ നിരൂപണ ഗ്രന്ഥത്തിന്‍റെ പണിപ്പുരയിലാണല്ലൊ. ആശംസകള്‍. സമീപകാലത്ത് വായിച്ചവയില്‍ ശ്രദ്ധേയമെന്നു തോന്നുന്ന കൃതികള്‍ എതൊക്കെയാണ് ? അവയുടെ ഉള്ളടക്കം, പ്രത്യേകത എങ്ങനെയാണ് ?

ഡോ.വി.രാജകൃഷ്ണന്‍ :

പെട്ടെന്ന് ഓര്‍മ്മ വരുന്നത് മാര്‍ക്ക് കുസിന്‍സ് രചിച്ച സ്റ്റോറി ഓഫ് ഫിലിം എന്ന കൃതിയാണ്. ലോകസിനിമ പ്രതിപാദിക്കുമ്പോള്‍ മൂന്നാംലോക സിനിമ പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയും അതില്‍ ചര്‍ച്ച ചെയ്യുന്നു, സത്യജിത് റായി, ഋത്വിക ഘട്ടക് തുടങ്ങിയ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരെ യൂറോപ്യന്‍ ചലച്ചിത്രകാരന്മാരുമായി ചേര്‍ത്ത് വെച്ച് വിശകലനം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു നിരൂപണം ആദ്യമായിട്ടാണെന്നു തോന്നുന്നു. മറ്റൊന്ന് പോസ്റ്റ് മാര്‍സിസ്റ്റ് ചിന്തകനായ സ്ലവോജ് സിസേക്കിന്‍റെ രണ്ട് പുസ്തകങ്ങളാണ്. ദി സബ്ലൈം ഒബ്ജക്ട് ഓഫ് ഐഡിയോളജിയും ദി ഫ്രൈറ്റ് ഓഫ് റിയല്‍ ടിയേഴ്സ്-ക്രിസ്റ്റഫ് കീസ്ലോവ്സ്കി ബിറ്റ്വീന്‍ തിയറി ആന്‍ഡ് പോസ്റ്റ് തിയറിയും. അവ വായിക്കുമ്പോള്‍ അനുഭവപ്പെട്ട കാര്യം യാഥാസ്ഥിതിക മാര്‍ക്സിയന്‍ ചിന്തയില്‍ നിന്ന് വിമര്‍ശനം ഏറെ മുന്നോട്ട് പോയിരിക്കുന്നു എന്നതാണ്. മാര്‍ക്സിയന്‍ ചിന്തയെ പുതിയ സാമൂഹിക ചിന്തയും മനഃശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് വികസിപ്പിക്കുന്നത്. ഇതു വായിച്ചാല്‍ നമ്മുടെ നാട്ടിലെ മാര്‍ക്സിയന്‍ നിരൂപണത്തിന്‍റെ പിന്നോക്കാവസ്ഥ മനസ്സിലാകും. സിസേക്കിന്‍റെ അന്വേഷണ പരിധിയില്‍ ഹോളിവുഡ്ഡ് സിനിമ, പോപ്പുലര്‍ കള്‍ച്ചര്‍, ഭക്ഷണശീലം തുടങ്ങിയ വിഷയങ്ങള്‍ പോലും ഉള്‍പ്പെടുന്നു. അങ്ങനെ വിപുലമായ രീതിയിലുള്ള വിശകലനമാണ് സിസേക്ക് നടത്തയിട്ടുള്ളത്. സിസേക്ക് ഒരു സാംസ്കാരിക വിമര്‍ശകനാണ്. സാംസ്ക്കാരിക വിമര്‍ശനത്തിന്‍റെ വ്യാപ്തിയില്‍ നിന്ന് കൊണ്ട് ഉള്ളടക്കത്തെ വിശകലനം ചെയ്യുന്ന നിരൂപണമാണത്.

? പുസ്തക നിരൂപകന്‍ :

നിരൂപണത്തെ നമ്മുടെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? നിരൂപണത്തിന്‍റെ തഴയപ്പെടല്‍ സൃഷ്ടികളേയും സാഹിത്യത്തെയുമൊക്കെ വായനക്കാരിലെത്തിക്കാന്‍ തടസ്സമാകുന്നില്ലേ.?

ഡോ.വി.രാജകൃഷ്ണന്‍ :

ഈ ചോദ്യം ഒന്നാമതായി നയിക്കുന്നത് ദൃശ്യമാധ്യമങ്ങളുടെ സ്വഭാവത്തിലേക്കാണ്. അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കോ ചിന്തകള്‍ക്കോ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കോ ഒന്നും തന്നെ പ്രയോജനകരമായ രീതിയിലല്ല, നമ്മുടെ നാട്ടിലെ ദൃശ്യമാധ്യമങ്ങളുടെ സമീപന രീതി. വിമര്‍ശനത്തിന് അല്ലെങ്കില്‍ നിരൂപണത്തിന് റേറ്റിംങ്ങ് കുറവാണെന്നാണ് പൊതുവെ പറയുന്ന കാര്യം. അങ്ങനെ ഇത്തരം പ്രോഗ്രാമുകള്‍ ഒഴിവാക്കപ്പെടുന്നു. എന്നാല്‍ പടിഞ്ഞാറന്‍ നാടുകളില്‍ പതിവു രീതിയില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കുകയും ആള്‍ക്കൂട്ടമനഃശാസ്ത്രത്തെ ഉദ്ദേശിക്കാത്തതുമായ ചാനലുകള്‍ ഉണ്ട്. ഇവിടെ ജനപ്രീതി ലക്ഷ്യമാക്കിയിട്ടുള്ള പ്രോഗ്രാമുകള്‍ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ ചര്‍ച്ചകളെയും നിരൂപണത്തേയും ഒഴിവാക്കുന്നു. പ്രിന്‍റ് മീഡിയ കുറേയൊക്കെ നിരൂപണത്തിനു സഹായകമായിരുന്നു. ഒരു കാലത്ത് പുസ്തക നിരൂപണം എന്ന പംക്തി പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം ഉണ്ടായിരുന്നു. മുന്തിയ സാഹിത്യ നിരൂപകന്മാര്‍ മാറി മാറി മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. അത് മാറിയിട്ട് ഒന്നര പതിറ്റാണ്ടായി. പകരം നാം കാണുന്നത് കൈപ്പറ്റി എന്ന ശീര്‍ഷകത്തിനു കീഴില്‍ ബ്ലര്‍ബില്‍ നിന്നു ഏതാനും വരികളെടുത്ത് പുസ്തകത്തെ പരിചയപ്പെടുത്തുന്ന രീതിയാണ്. ചിലപ്പോള്‍ എഴുത്തുകാര്‍ തന്നെ ഇഷ്ടമുളള നിരൂപകനെകൊണ്ട് നിരൂപണം എഴുതിച്ച് പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കുന്നു. വാസ്തവത്തില്‍ നിഷ്പക്ഷമായ, നിര്‍ഭയമായ നിരൂപണത്തിന്‍റെ അന്തര്‍ദ്ധാനം ആസ്വാദന ശേഷിയെയും ബാധിച്ചിട്ടുണ്ടെന്ന് പറയാം.

? പുസ്തക നിരൂപകന്‍ :

സജീവമായ നിരൂപണം ഇല്ലാതാവുകയോണോ?

ഡോ.വി.രാജകൃഷ്ണന്‍ :

സാഹിത്യ വിമര്‍ശനത്തെ വായനക്കാരിലെത്തിക്കാനുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കിലും മുഖം നോക്കാതെയുള്ള ലാവണ്യ വിചാരം നടത്തുന്ന ഒറ്റപ്പെട്ട ചിലരെയെങ്കിലും കാണാന്‍ കഴിയും. സജീവമായ നിരൂപണം എന്നുണ്ടോ എന്നു ചോദിച്ചാല്‍ നിരാശയുണ്ടാകും. കുട്ടികൃഷ്ണമാരാര്‍ തൊട്ടു പി.കെ.ബാലകൃഷ്ണന്‍ വരെയുള്ള നിരൂപകരെ നോക്കിയാല്‍ വളരെ സമര്‍പ്പണത്തോടെ, ജ്ഞാന ബുദ്ധിയോടെ സമയമെടുത്ത് ഒരു പൂര്‍ണതയില്‍ നിരൂപണം നടത്താനുള്ള ദീര്‍ഘക്ഷമയോടെ രചന നിര്‍വഹിക്കുന്നത് കാണാം. ധൈഷണികമായ സത്യസന്ധതയും കാണാം. ഇപ്പോഴാണെങ്കില്‍ നിരൂപകന്‍റെ ശ്രദ്ധയെ ശിഥിലമാക്കുന്ന പല ഘടകങ്ങളുണ്ട്. അവതാരിക, പ്രിവ്യൂ, ആമുഖം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ച് ധ്യാനിച്ച് കുറച്ച് കാലം തപസ്സിരുന്ന് നിരൂപണം എഴുതുക എന്ന പ്രവണത നമ്മുടെ നിരൂപണ രംഗത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിസേക് തുടങ്ങിയവര്‍ നിരൂപണത്തെ ഒരു പ്രോജക്ടായി കണ്ട്, കുറേക്കാലം അതില്‍ മുഴുകി, അര്‍പ്പണ ബുദ്ധിയോടെ എഴുതുന്നു. അങ്ങനെയാണ് അവരുടെ പുസ്തകങ്ങള്‍ രൂപ കൊള്ളുന്നത്. ആ രീതിയിലുളള അര്‍പ്പണം നമ്മുടെ സാഹിത്യ നിരൂപണ രംഗത്ത് അപരിചിതമായിപ്പോകുന്നു എന്നു തോന്നാറുണ്ട്.

? പുസ്തക നിരൂപകന്‍ :

നമ്മുടെ സാഹിത്യത്തെ, കലാരംഗത്തെ സാര്‍വ്വ ദേശീയ തലത്തിലേക്കുയുര്‍ ത്താന്‍ നിരൂപണത്തിനു സാധിക്കുമോ ? 

ഡോ.വി.രാജകൃഷ്ണന്‍ :

സാര്‍വദേശീയ തലത്തിലേക്ക് നമ്മുടെ സാഹിത്യത്തെ ഉയര്‍ത്താനോ മെച്ചപ്പെടുത്താനോ നിരൂപണത്തിനു സാധിക്കുകയില്ല. എന്നാല്‍ മെച്ചപ്പെട്ട ഇംഗ്ലീഷ് പരിഭാഷയോടൊപ്പം അകമ്പടിയായിട്ട് ഒരു നിരൂപണം ചേര്‍ത്താല്‍ ആ പഠനം ആ കൃതിയുടെ ഉള്ളടക്കത്തിലുള്ള വിവിധ വശങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു സഹായിക്കും.

? പുസ്തക നിരൂപകന്‍ :

കൃതികളെ മാത്രം ആസ്പദമാക്കിയല്ലാതെ, സാമൂഹിക-ചരിത്ര പരിസ്ഥിതികളുമായി ബന്ധപ്പെട്ടു രൂപപ്പെടുത്തുന്ന ഒരു സ്വതന്ത്ര വിമര്‍ശനം ആവശ്യമാണോ ?

ഡോ.വി.രാജകൃഷ്ണന്‍ :

കൃതികളെ മാത്രം ആസ്പദമാക്കിയല്ലാതെ ഒരു സാംസ്കാരിക വിമര്‍ശനം എന്ന നിലയില്‍ നിരൂപണം രൂപപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഉള്ളടക്ക വിശദാംശങ്ങള്‍ ഉള്‍പ്പെടെ കൃതിയുടെ സൗന്ദര്യാംശങ്ങള്‍ കാണാതെ പോകരുത്. സംസ്കാരത്തിന്‍റെ വിവിധ മുഖങ്ങളുമായി ബന്ധപ്പെടുത്തി നിരൂപണം നടത്തുന്നത് നല്ലത് തന്നെ. പക്ഷേ കലാപരമായ അംശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. സ്വതന്ത്രമായ വിമര്‍ശനം എന്ന നിലയില്‍ ബാഹ്യഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ നിരൂപണം മെച്ചപ്പെടില്ല. കലാസൃഷ്ടിയും സംസ്കാരവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വതന്ത്ര വിമര്‍ശന സമീപനം സമഗ്രമായിരിക്കണം. സാഹിത്യം, ചലച്ചിത്രം എന്നീ രംഗങ്ങളിലൊക്കെ ഇത് അത്യാവശ്യമാണ്.

? പുസ്തക നിരൂപകന്‍ :

പുതിയൊരു ചലച്ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നു കേട്ടല്ലോ. പ്രൊജക്ട് എവിടെവരെയായി ?

ഡോ.വി.രാജകൃഷ്ണന്‍ :

ചുരുങ്ങിയ ബഡ്ജറ്റിലുള്ള ഒരു സിനിമ. ഒരു കാമ്പസ് സ്റ്റോറി. തിരക്കഥ പൂര്‍ത്തിയായി. എന്നെ മനസ്സിലാക്കി വരുന്ന ഒരു പ്രൊഡ്യൂസര്‍ക്കായി കാത്തിരിക്കുന്നു.

Similar Post You May Like

Recent Post

Blog Archive