രാഷ്ട്രീയ രക്തത്തിന്റെ നിറങ്ങൾ


Sabu Sankar
admin 29-07-2017 04:03 Editorial 986

കഴിഞ്ഞ ഫെബ്രുവരി 15. ബുധന്‍. രാവിലെ 9:28-ന് 'സീറോ','പ്ലസ് വണ്‍'എന്ന്  കേട്ടതോടെ പി.എസ്.എല്‍.വി. സി-37 ബാഹ്യാകാശത്തേക്ക് കുതിച്ചുയര്‍ന്നു. 104 ഉപഗ്രഹങ്ങളുമായി. മൂന്നെണ്ണം ഒഴിച്ചാല്‍ മറ്റ് ഉപഗ്രഹങ്ങളെല്ലാം ഇതര രാജ്യങ്ങളുടേത്. അതിലേറെയും അമേരിക്കയുടേത്. ആ ദിവസം അമേരിക്കയുടെ മുന്‍ സി.ഐ.എ. ഉദ്യോഗസ്ഥന്‍ കെവിന്‍ ഹല്‍ബര്‍ട്ട് പറയുന്നു, ലോകത്തിലെ ഏറ്റവും ഭീകരരാഷ്ട്രം പാകിസ്ഥാനാണെന്ന്. പാകിസ്ഥാനികളായ സിക്കുകാരും ഹിന്ദുക്കളും ക്രൈസ്തവരും ഒക്കെ ആ പ്രസ്താവനയുടെ പരിധിയില്‍ ഉള്‍പ്പെടുമോ? ഇന്ത്യയുടെ ഓരോ ഭാഷാ സംസ്ഥാനത്തും ഒരു അദൃശ്യ പാകിസ്ഥാന്‍ ഒളിഞ്ഞിരുപ്പുണ്ടോ?


നമുക്കറിയാം, പാകിസ്ഥാന്‍ എന്നതിനര്‍ത്ഥം- 'പരിശുദ്ധരുടെ നാട്'!. വിശുദ്ധരുടെ നാടല്ല. ദി ലാന്റ് ഓഫ് സേയ്ക്രട് പീപ്പിള്‍!. പടിഞ്ഞാറന്‍ പഞ്ചാബികളായ സുന്നി-ഷിയ മുസ്ലിങ്ങളുടെ നാട്.  സേയ്ക്രട് പീപ്പിള്‍ വാസ്തവത്തില്‍ സുന്നി മുസ്ലിമുകളാണെങ്കില്‍ കൂടി അവര്‍ ഇന്ത്യന്‍ രക്തമാണ്. മധ്യകാലഘട്ടത്തിലായിരുന്നു ഇസ്ലാമിന്റെ പ്രചരണം. അറബ് സൂഫി മിഷണറിമാര്‍ ഹൈന്ദവ-ബൗദ്ധ മതസ്ഥരെ മുസ്ലീമുകളാക്കി. സിന്ധുവാലി സിവിലിസേഷന്റെ ഈറ്റില്ലമായ സിന്ധിലെ സിന്ധികളും ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. അവിഭക്ത പഞ്ചാബിന്റെ പടിഞ്ഞാറന്‍ ഭാഗമാണ് പാകിസ്ഥാനായി വിഭജിതമായത്.  അതില്‍ സിന്ധും ബലോച് തുടങ്ങിയ അഫ്ഗാന്‍ ഗോത്രങ്ങളും ഉള്‍പ്പെടുന്നു.


ബ്രിട്ടീഷ് ഇംപീരിയല്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, വൈജ്ഞാനിക വിഷയങ്ങള്‍, സംസ്‌കാരം മുതലായവ ഏറ്റവും മുന്‍പന്തിയിലായിരുന്നത് ഉറുദ്ദു ഭാഷയിലാണ്. ഉറുദ്ദു ദേശീയ ഭാഷയായി മാറിയ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാ'നില്‍ പഞ്ചാബി, സിന്ധി, പഷ്‌തോ, ബലോചി, കാശ്മീരി തുടങ്ങി 15-ഓളം പ്രാദേശിക ഭാഷകളുണ്ട്. മിശ്രസംസ്‌കാരത്തിന്റെ ഒരു ഭൂപ്രദേശത്തില്‍ വിഭജന രേഖ വരയ്ക്കപ്പെട്ടത് ഏറ്റവും കുറഞ്ഞ സമയം കൊണ്ടും വിശദമായ പഠനങ്ങള്‍ ഇല്ലാതെയുമാണെന്ന് അക്കാലത്തെ വൈസ്രോയി പിന്നീട് സങ്കടപ്പെട്ടിട്ടുണ്ട്. എന്തായാലും വിഭജനാനന്തരം പടിഞ്ഞാറന്‍ പഞ്ചാബികളായ സുന്നി-ഷിയ മുസ്ലീമുകള്‍ ഇന്ത്യയെ വെല്ലുവിളിച്ചു. അവര്‍ പരമ്പരാഗതമായി ചില കൊള്ളക്കാരും ദുഷ്ടന്മാരുമായ പത്താന്‍കാരുടെ  സംഘങ്ങളുമായി യോജിച്ചുകൊണ്ടാണ് ഇന്ത്യയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചത്. മുസ്ലീം ബഹുഭൂരിപക്ഷമുള്ള 'കാശ്മീര്‍' എന്ന ഭൂപ്രദേശം പാക്-സുന്നി മുസ്ലീമുകള്‍ക്ക് കീഴിലാവണമെന്നാണ് പണ്ടേയുള്ള ആഗ്രഹവും ആവശ്യവും. അത് വാസ്തവത്തില്‍ കാശ്മീരുകാരെ പടിഞ്ഞാറന്‍ പഞ്ചാബികളുടെ കീഴിലാക്കുക എന്നതു കൂടിയാണ്.


സ്വതന്ത്ര ഡൊമീനിയനായി തീരാനുള്ള ചില ഇന്ത്യന്‍ മഹാരാജാക്കന്മാരുടെ തീരുമാനം കാലഘട്ടത്തിന്റെ മുന്നില്‍ വിഡ്ഢിത്തമായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കാശ്മീര്‍ മഹാരാജാവായ ഹരിസിങ്ങിന്റെ വൈകിപ്പോയ തീരുമാനം. ഇന്ത്യയില്‍ ലയിക്കാനുള്ള തീരുമാനം വൈകുന്തോറും 'പരിശുദ്ധരുടെ നാ'ട്ടിലെ സൈന്യം പത്താന്‍കാരുടെ കൊള്ളസംഘങ്ങള്‍ക്ക് ധനവും ആയുധവും ആളും സുഖഭോഗങ്ങളും നല്‍കി, കാശ്മീര്‍ ആക്രമിച്ച്, ഹരിസിങ് എന്ന കാശ്മീര്‍ രാജാവിനെ വെട്ടിനുറുക്കി, കാശ്മീര്‍ മുസ്ലീങ്ങളെ പടിഞ്ഞാറന്‍ പഞ്ചാബികളായ സുന്നി-ഷിയ മുസ്ലീമുകളുടെ അധീനതയില്‍ ആക്കാന്‍ ശ്രമിച്ചു. ആ സൈനികശ്രമം ഒറ്റ ദിവസം കൊണ്ട് ഇന്ത്യ പരാജയപ്പെടുത്തിയതോടെ യുദ്ധവും ആരംഭിച്ചു.  'പരിശുദ്ധരുടെ നാട്' (പാകിസ്ഥാന്‍) എന്ന പേര് അര്‍ത്ഥം കൊണ്ട് റദ്ദാകാന്‍ തുടങ്ങിയപ്പോള്‍, അവര്‍ അക്കാലത്തെ അമേരിക്ക-റഷ്യ ശീതയുദ്ധത്തിന്റെ നിഴലുകള്‍പറ്റി, അമേരിക്കയുടെ സര്‍വ്വ പിന്തുണയ്ക്കും വിധേയരായി. അങ്ങനെ യു.എന്‍ ഇടപെട്ട് കാശ്മീരിലും വിഭജനരേഖ വരച്ചു. 


വാസ്തവത്തില്‍ ഈ പടിഞ്ഞാറന്‍ പഞ്ചാബികള്‍, ഇന്തോ-ഇറാനിയന്‍ വേരുകളുള്ള ആര്യവംശജര്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യന്‍ മണലാരണ്യത്തിന്റെ അക്രമഗോത്രസംസ്‌കാരത്തിന് ഇരയായിത്തീര്‍ന്ന ഇന്ത്യാക്കാരാണ്. എങ്കിലും അക്രമവാഴ്ചയുടെ അറബ് ഗോത്രസംസ്‌കാരവും ഗോത്രങ്ങള്‍ തമ്മിലുള്ള നിരന്തര യുദ്ധങ്ങളും കൊള്ളകളും മക്കയിലെ 300-ലേറെ ഗോത്രദൈവ വിഗ്രഹങ്ങളെ നിര്‍ദ്ധാരണം ചെയ്ത ഒരു ഗോത്ര ദൈവത്തിന്റ പരമാധികാരത്തില്‍ കീഴിലാക്കിയ മുഹമ്മദ് നബിയുടെ "അറിവിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്ന" ചില ദൈവശാസ്ത്രങ്ങളും  ആധുനിക ലോകവുമായി പൊരുത്തപ്പെടുകയില്ല (അതുപോലെ തന്നെയാണ് എല്ലാ മത തീവ്രവാദ രാഷ്ട്രീയവും എവിടെയും. അസഹിഷ്ണുതയും ഹിംസയുമാണ് അതിന്റെ പോർമുന). പരിഷ്‌കൃത സംസ്‌കാരത്തിന്റെ ആത്മാവുമായി, ഈശ്വരചിന്തയുടെ കാരുണ്യധാരയുമായി, എങ്ങനെ ഗോത്രസംസ്‌കാരം   പരിവര്‍ത്തിതമാകും? സാധ്യമല്ലാത്തൊരു കാര്യമാണത്. കാരണം പ്രകൃതിനിയമങ്ങളേയോ ജ്ഞാനത്തെയോ വിജ്ഞാനത്തെയോ പാടെ നിഷേധിച്ചിരിക്കുന്ന ഒരു ഗോത്രദൈവശാസ്ത്രത്തിന്റെ ചങ്ങലയ്ക്കുള്ളിലാണത്. അതിന്റെ പരിണിത ഫലമാകട്ടെ അതിനുള്ളില്‍ത്തന്നെ പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുക എന്നതുമാണ്. 


ദേശീയ ഗാനത്തിലെ സിന്ധിന്റെ ഭൂരിഭാഗവും വിഭജനാന്തരം ഇന്ത്യയിലില്ല. പാകിസ്ഥാനിലുള്ള സിന്ധിലെ ലാല്‍ ഷഹ്ബസ് കലന്തര്‍ സൂഫി ആരാധനാലയം ബോംബ് വച്ച് തകര്‍ത്തതും നൂറോളം മുസ്ലീമുകളെ കൊലപ്പെടുത്തിയതും തങ്ങളുടെ സൂയിസൈഡ് സ്‌ക്വാഡാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവിച്ചു കഴിഞ്ഞ വേളയില്‍, ഭീകരവാദ-ഹിംസാത്മക രാഷ്ട്രീയത്തിന് പണവും ആയുധവും നല്‍കുന്നതാരെന്ന് ദൃശ്യമാകേണ്ടതുണ്ട്. അതിനായി ഭുമിയ്ക്കു ചുറ്റും പുതിയ ഉപഗ്രഹക്കണ്ണുകള്‍ തുറക്കട്ടെ.


പാട്യാല മഹാരാജാവിന്റെ ലയന തീരുമാനത്തിന് ശേഷമുണ്ടായ പഞ്ചാബി സിക്ക്-മുസ്ലീം ലഹളയോടുചേര്‍ന്ന് ഉരുത്തിരിഞ്ഞതാണ് പടിഞ്ഞാറന്‍ പഞ്ചാബി മുസ്ലീമുകളുടെ (പാകിസ്ഥാന്റെ) അധീനതയില്‍ നിന്നും സ്വതന്ത്ര ഡൊമീനിയനായി നില്‍ക്കണമെന്ന പടിഞ്ഞാറന്‍ പഞ്ചാബി സിക്ക് മതസ്ഥരുടെ ആദ്യനിലപാട്. അതിനെ പ്രീണിപ്പിച്ചെടുത്ത് 'ഖലിസ്ഥാന്‍'വരെ കൈപ്പത്തി നീട്ടിയത് നാം ഓര്‍ക്കുന്നുണ്ടാവും. 'സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് കേരള റിപ്പബ്ലിക്' എന്ന മുദ്രാവാക്യവുമായി നിലകൊണ്ടതാണ് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി.(കെ.എസ്.പി). അതിന്റെ ശൈഥല്യത്തില്‍ നിന്ന് 1950-ല്‍ രൂപംകൊണ്ട മറ്റൊരു പാര്‍ട്ടിയുടെ പേര് കേട്ട് റഷ്യയും ചൈനയും ഞെട്ടിപോയിരിക്കണം. പേര്-റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി.)! 


1947-ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഹൈദരാബാദിലെ നൈസാം മഹാരാജാവായിരുന്നു. ഇന്ത്യയിലെ 300-ലേറെ മഹാരാജാക്കന്മാര്‍ക്കിടയിലെ മഹാരാജാവായിരുന്നു നൈസാം. പ്രത്യേക ബ്രിട്ടീഷ് രാജപദവിയും നൈസാമിനുണ്ടായിരുന്നു. ഇങ്ങനെ മുഗളിയന്‍ സാമ്രാജ്യത്വത്തിന്റെ അവശിഷ്ടങ്ങള്‍ അഥവാ പാരമ്പര്യങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നിരവധിയാണ്. 


അവിഭക്ത ബംഗാളിന്റെ വിഭജന ചരിത്രം മറ്റൊരു ദൃഷ്ടാന്തമാണ്. പടിഞ്ഞാറന്‍ ബംഗാളികളായ ഹൈന്ദവ കുടുംബങ്ങളും കിഴക്കന്‍ ബംഗാളിയായ മുസ്ലിം കുടുംബങ്ങളും ക്രൂരമായ ലഹളയുടെ ബലിയാടുകളായി തീര്‍ന്നത് പലര്‍ക്കും ഇന്ന് ഒരോര്‍മ്മ മാത്രമാണ്. ഈ ലഹളകളില്‍ അതിദാരുണമായി കൊല്ലപ്പെട്ടത് ലക്ഷങ്ങളാണ്.


ഇന്ത്യയില്‍ നിരവധി വംശങ്ങളുണ്ട്. വംശീയ രാഷ്ട്രീയത്തിന്റെ  കൊടിയടയാളമാണ് ദ്രാവിഡ മുന്നേറ്റ കഴകങ്ങള്‍. ഇന്ത്യന്‍ മലനിരകളില്‍ ആദിമ നിവാസികളുടേതായ  ഒട്ടേറെ വംശങ്ങളുണ്ട്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലുള്ളത് നെഗ്രിഡ് വംശജരാണ്. ശ്രീലങ്കയിലെ ഗതകാല സൈനീക രാഷ്ട്രീയം  സിംഹളവംശ ഭൂരിപക്ഷവും തമിഴ് ദ്രാവിഡവംശ ന്യൂനപക്ഷവും തമ്മിലുള്ള വിവേചനത്തില്‍ നിന്നുണ്ടായതാണ്. 


ഹൈന്ദവ-മുസ്ലിം-സിക്ക്-ബൗദ്ധ സാമ്രാജ്യങ്ങളും രാജ്യങ്ങളും നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ഭരണം നടത്തിയിരുന്നു. അതില്‍ ഇന്ത്യയിലെ ഏക ക്രൈസ്തവ രാജ്യമായിരുന്നു വില്ലാര്‍വട്ടം! അത് സെന്റ് തോമസിന്റെ ചരിത്രമുദ്രയുള്ള കേരളത്തിലാണ്! എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ ആയിരുന്നു തലസ്ഥാനം. കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം, ചേന്ദമംഗലം, വടക്കന്‍ പറവൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ പ്രാചീന തുറുമുഖങ്ങള്‍ ഈ രാജവംശത്തിനു കീഴിലായിരുന്നു. ഒന്നാം ചേരസാമ്രാജ്യത്തിലും രണ്ടാം ചേരസാമ്രാജ്യത്തിലും, അതായത് എ.ഡി.5-ാം നൂറ്റാണ്ടുമുതല്‍ 15-ാം നൂറ്റാണ്ടുവരെ ആയിരം വര്‍ഷം നിലനിന്ന ഈ ക്രിസ്ത്യന്‍ രാജവംശം 16-ാം നൂറ്റാണ്ടിലാണ് പോര്‍ച്ചുഗീസിന്റെ വരവോടെ കൊച്ചിരാജ്യത്തില്‍ ലയിച്ചത്. ജോണ്‍ 22-ാംമന്‍ മാര്‍പാപ്പയും യൂനിയൂസ് 4-ാംമന്‍ മാര്‍പാപ്പയും വില്ലാര്‍വട്ടം രാജാവിന് അനുഗ്രഹാശിസുകള്‍ നല്‍കിയിരുന്നു. വത്തിക്കാനിലെ ആര്‍കൈവ്‌സില്‍ ഇതു സംബന്ധിച്ച രേഖകളുണ്ടാവും. ഫെറിയ വൈസൂസ്   എന്ന പോര്‍ച്ചഗീസുകാരന്‍ 1648-ല്‍ എഴുതിയ 'ഏഷ്യ-പോര്‍ച്ചുഗീസ്' എന്ന കൃതിയില്‍ വില്ലാര്‍വട്ടം രാജാവിനെ പരാമര്‍ശിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസ് എന്ന ഉന്നത സമ്മേളനത്തെ ക്കുറിച്ച് പലരും കേട്ടുകാണുമല്ലോ. 


ഇവിടത്തെ പ്രശ്‌നം മറ്റൊന്നാണ്. ഇന്ത്യ എന്നത് ഇന്നും എന്താണ്? ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രീണിപ്പിച്ച് വിഭജിച്ച് ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം വാസ്തവത്തില്‍ ഹിംസാത്മക രാഷ്ട്രീയത്തിന്റെ പ്രചരണത്തിനും ധനതത്വ സ്രോതസ്സുകള്‍ക്കും കാരണമാകുന്നു. അവിഭക്ത പഞ്ചാബും ബംഗാളും കണ്ട അതിക്രൂര മനുഷ്യക്കുരുതിക്ക് ഇത്തരം രാഷ്ട്രീയം വീണ്ടും വഴികള്‍ തോണ്ടിത്തുറക്കുകയാണെന്ന കാര്യം നാം മറക്കേണ്ട. ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ്. ഇന്ത്യന്‍ ഐകതയെ ബാധിക്കും. പൗരജനങ്ങള്‍ തങ്ങള്‍ക്കിടയിലുള്ള സുദൃഢമായ, നിഷ്‌കളങ്കമായ, ഹൃദ്യമായ ഐക്യമനോഭാവത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയത്തെയാണ് നാം സ്വീകരിക്കേണ്ടത്.  


മനുഷ്യന്‍ വിഭജിക്കപ്പെടുന്നത്, മനുഷ്യത്വം  വിഭജിക്കപ്പെടുന്നത് ഏതടിസ്ഥാന ത്തിലായാലും ഒരു റിപ്പബ്ലിക്, ഒന്നുകൂടി പറയുന്നു - 'റി-പബ്ലിക്'എന്ന ലാറ്റിന്‍ പദം, അതിന്റെ അര്‍ത്ഥത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ റിപ്പബ്ലിക്കായി തന്നെ തുടരണം. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടേയും, ഭാഷാടിസ്ഥാനത്തില്‍ പുനസംഘടിക്കപ്പെട്ട എല്ലാ ഭാഷാ ഗോത്രങ്ങളുടെയും ജീവകോശങ്ങളില്‍  പഞ്ചാബിയും മറാഠിയും ഗുജറാത്തിയും ദ്രാവിഡവും (കേരള, തമിഴ്‌നാട,് കര്‍ണ്ണാടക, ആന്ധ്ര, തെലങ്കുദേശം)ഉത്ക്കലവും (ഒറീസ) വംഗവും (ബംഗാള്‍) ഒക്കെ മത-ജാതി വിഭജന രാഷ്ട്രീയത്തില്‍ നിന്നും ഉടനെ വിമുക്തമായേ പറ്റൂ. അല്ലെങ്കില്‍ ഹരിയാനയിലെ ജാട്ട് സമരം ഡല്‍ഹി-അംബാല നാഷണല്‍ ഹൈവേയില്‍ വരുത്തിവച്ച ഭീകര സംഭവങ്ങള്‍, നൂറിലേറെ സ്ത്രീകള്‍ വാഹനങ്ങളില്‍ നിന്ന് വലിച്ചിഴക്കപ്പെട്ട് ബലാല്‍സംഗത്തിനിരയാകുകയും 30-ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍, ഇനിയും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്ത മനുഷ്യക്രൂരത ആവര്‍ത്തിച്ചുകൊണ്ടിരിക്കും? ഇതൊക്കെ ഗുണ്ടാ-മാഫിയ രാഷ്ട്രീയത്തിന് വഴിതുറന്നു കഴിഞ്ഞു. സാമ്പത്തികമായി ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള ജാതീയ സംവരണം ലോകസമത  എന്ന സങ്കല്‍പ്പത്തെ തകിടം മറിക്കും. മനുഷ്യസമത്വ സങ്കല്‍പ്പം ഇല്ലാതാകും. മദ്യം വില്‍ക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ ജാതിസംഘടനയുടെ നേതാവായി മദ്യവില്‍പ്പനക്കാരന്‍ തന്നെ അവരോധിക്കപ്പെടും. കേരളത്തിലിപ്പോള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഉപജാതികള്‍ക്കും സംഘടനയുണ്ട്. വ്യക്തിജീവിതത്തെ, കുടുംബത്തെ നിയന്ത്രിക്കുന്ന അധികാര സംഘടനകള്‍. അവ പരോക്ഷമായി രാഷ്ട്രീയ സംഘടനകളുമാണ്. തെരഞ്ഞെടുപ്പുകളില്‍ വോട്ടുവില്‍പ്പന നടത്തുന്നുമുണ്ട്. വലതുപക്ഷ-ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അവയെ (നവോത്ഥാന കാലഘട്ടത്തിനുശേഷം) വളര്‍ത്തിയെടുത്തത്. ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം ഇവിടെയില്ലെന്ന് ആരെങ്കിലും വാദിക്കുമോ? ചുരുക്കത്തില്‍ വൈവിധ്യങ്ങളെ നിലനിര്‍ത്തികൊണ്ടുള്ള ഏകത്വത്തിന് ഭാരതത്തിന്റേതായ സാമ്പത്തിക രാഷ്ട്രീയ തത്വശാസ്ത്രം തുറസ്സോടുകൂടി, നവീനതയോടുകൂടി  രൂപപ്പെടേണ്ടതും ഏകോപിപ്പിക്കേണ്ടതുമുണ്ട്. അത് പൗരസമൂഹത്തില്‍ വേരൂന്നണം.


കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിഞ്ഞ് ഭാരതീയ രാഷ്ട്രീയം പ്രബോധിപ്പിച്ച ഒരു മഹാത്മാവുണ്ടായിരുന്നു. അതൊരു പഴങ്കഥയാണ്  പലര്‍ക്കും. എന്നാല്‍  രാഷ്ട്രീയ ലോകസമതയുടെ പേരിലൊരു പൗരസമൂഹത്തിന്റെ രാഷ്ട്രീയ പാരസ്പര്യം ഇന്ന് നിലവിലുണ്ടോ? ഇവിടെയാണ് ഇന്ത്യയുടെ ആത്മാവിനെ ഇനിയും അന്വേഷിക്കാനുള്ളത്.


ലോകത്തിനുമുന്നില്‍ വലിയ അഭിമാനമായി പി.എസ്.എല്‍.വി. സി-37 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍, 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് മൊത്തത്തില്‍ ആവശ്യമായ ഊര്‍ജ്ജം ചന്ദ്രനിലെ ഹീലിയം-3 ഖനനം ചെയ്ത് സാധ്യമാക്കുവാന്‍് ഐ.എസ്.ആര്‍.ഒ പദ്ധതിയിടുമ്പോള്‍, ഇന്ത്യക്കാരെല്ലാവരും, ഇന്ത്യന്‍ പൗരത്വമുള്ളവരെല്ലാവരും അഭിമാനം കൊള്ളുന്നുണ്ടോ? അതോ വിവേചന- ഭീകരവാദ-ഹിംസാത്മക, രാഷ്ട്രീയത്തിന്റെ വിത്തുകള്‍ ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും ഒളിഞ്ഞു കിടപ്പുണ്ടെന്ന കാര്യത്തില്‍ കണ്ണടച്ചിരിപ്പുണ്ടോ? ചോദ്യം   നിരവധി ഉപചോദ്യങ്ങളുമായി കുതിച്ചുയരുന്നു.

വിസ്മൃതമാക്കപ്പെട്ട  ഒരു യശ്ശഃശരീരന്റെ ആത്മാവ് തേങ്ങുന്നുണ്ട്....

- സാബു ശങ്കർ, ചീഫ് എഡിറ്റർ

പുസ്തകനിരൂപകൻ.കോം


Similar Post You May Like

Recent Post

Blog Archive