Progressive Writers Multi Lingual Web Journal Society & PeerBey Web Designing Present

എം.കെ ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ


  Sabu Sankar
 
admin 29-07-2017 12:14 Book reviews 745
Play to hear this article

സാഹിത്യവിചാരം നടത്തുന്ന ഒരാള്‍, ചിത്രകലയെ സമീപിക്കുന്ന ഒരാള്‍, ചലചിത്രകലയെ ആസ്വദിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു കലാരൂപത്തില്‍ വ്യാപരിക്കുന്ന ഒരാള്‍ നിര്‍വചനങ്ങളുടെ പശ്ചാത്തല ഗഹനം നടത്തിയിട്ടുള്ള ആള്‍ത്തന്നെയായിരിക്കും. വൈശദ്യം സമ്പാദിച്ചിട്ടുള്ള ആള്‍ത്തന്നെയുമാവും. എം.കെ. ഹരികുമാറിന്‍റെ സിദ്ധാന്തങ്ങള്‍ എന്ന ക്യതി  ചില ദര്‍ശനങ്ങളെ ചര്‍ച്ച ചെയ്യുന്നു.  നവാദ്വൈതം, നവാധുനികത, സര്‍വ്വവസ്തു ജീവിതം വിനിയോഗത്തിന്‍റെ സൗന്ദര്യശാസ്ത്രം, ഉത്തര-ഉത്തരാധുനികത, മാധ്യമമാണ് കല, തനിമനസ്സ്, സ്യൂഡോ റിയലിസം എന്നിങ്ങനെ വിവിധ തലങ്ങളെ അവ സ്പര്‍ശിക്കുന്നു.

ഒരു എഴുത്തുകാരന്‍ അവനില്‍ മാത്രമല്ല ചുറ്റുമുള്ള സമസ്തപ്രക്യതിയിലും ജീവിക്കുന്നവനാണ്.  ഓരോ  ജീവസ്പന്ദനങ്ങളിലെന്നല്ല അചേതന വസ്തുക്കളില്‍ പോലും ജീവിക്കുന്നു.  റിച്ചാര്‍ഡ്  ബാക്കിന്‍റെ ജോനാതന്‍ ലിവിങ്ങ്സ്ററണ്‍ സീഗൾ എന്ന കടല്‍പ്പക്ഷി കൂട്ടം തെററി പറക്കുന്നത് സ്വയം തിരിച്ചറിവിലേക്കാണ്.  ലോകത്തെ അറിയുവനാണ്.  എഴുത്തുകാരൻ തന്നെ കടല്‍പക്ഷിയോടു ചേര്‍ത്തുവെയ്ക്കുന്നു.  അത് വലിയ ദര്‍ശനത്തിലേക്ക് കൂടണയുന്നു.

ഏതു കാലഘട്ടത്തിലും പ്രസ്ഥാനത്തിലും ബാഹ്യപ്രകൃതിയിലാണ് എഴുത്തുകാരന്‍ മനുഷ്യരെ തിരയുന്നതും എഴുതുന്നതും.  കവി ഗോയ്‌ഥെ രാത്രിയില്‍ ച്രന്ദ്രനെ നോക്കുമ്പോള്‍ തന്‍റെ ഹതാശമായ മാനവികതയെയാണ് കാണുന്നത്.  പോള്‍ സെസാന്‍റെ ചിത്രത്തിലെ മരം കണ്ടിട്ട് സാര്‍ത്ര് ബോദ്ധ്യപ്പെടുന്നത്  അതു  വെറും ഒരു മരമല്ലെന്നാണ്.  അത്  ഒരു  ആത്യന്തിക യാഥാര്‍ത്ഥ്യത്തെ  പ്രതിഫലിപ്പിക്കുന്ന  മരമാണ്.  രൂപത്തിലോ നിറത്തിലോ ചിത്രരചന അവസാനിക്കുന്നില്ല.  വസ്തുവില്‍ വിവരങ്ങള്‍ നല്കപ്പെടുക കൂടി  ചെയ്യുന്നു. മരത്തിന്‍റെ വികാരങ്ങള്‍ അതിന്‍റെ ഉണ്മയെങ്കില്‍ അതു വരയ്ക്കുന്നവന്‍റെ  ജീവിതം കൂടിയാണ്.

എഴുത്തുകാരന്‍  തന്നില്‍ നിന്ന്  ഒഴുകിപ്പരക്കുന്നു.  സാര്‍ത്ര് പറയുന്ന ട്രാന്‍സ്സെന്‍ഡല്‍  കോണ്‍ഷ്യസ്നെസ്.  ബാഹ്യവസ്തുവിനെ കാണുകയല്ല,  അതില്‍  ജീവിയ്ക്കുകയാണ്.  നിറയുകയാണ്.  അങ്ങനെ തിരിച്ചറിയുന്ന  പ്രപഞ്ചത്തില്‍  ഓരോ ജീവിയിലും വസ്തുവിലും താനുണ്ടെന്ന അസ്തിത്വാവബോധം. ഒന്നിനോട് ഒന്നു ഗുണിച്ചാല്‍ ഒന്നുതന്നെ. വേര്‍പ്പെടാനാവാത്തതും വേറിട്ടിരിക്കുന്നതുമായ അവസ്ഥ. ഏകാത്മകത. ഇതാണ് എം.കെ ഹരികുമാര്‍ സ്ഥാപിച്ചെടുക്കുന്ന എഴുത്തിലെ നവാദ്വൈതം.

പറഞ്ഞതും പറയാത്തതും ഒരിടത്തു തന്നെയാണുള്ളതെങ്കിലും പറഞ്ഞത് മാത്രം 
അസ്തിത്വം തേടുന്നു. പറയാത്തതിന് നിലനില്പില്ല എന്നര്‍ത്ഥവുമില്ല. അതിജീവനത്തിന്‍റെ  പ്രതിസന്ധികളില്‍ യുക്തിയില്ലാതെ വഴിമുട്ടുമ്പോള്‍ ഭാവനയിലെ ജീവിയായി എഴുത്തുകാരന്‍ മാറുന്നു.  തിരഞ്ഞെടുത്ത വസ്തുക്കളില്‍ ഈ ഭാവന ജീവിതത്തെ വികസിപ്പിക്കുന്നു.

കഥ പറയുമ്പോള്‍ പരിസരത്തിനും ജീവജാലങ്ങള്‍ക്കും എഴുത്തുകാരന്‍റെ മനുഷ്യാനുഭാത്തിന്‍റെ ഒരുമയുണ്ടാകും. കേയി മക്നീസിന്‍റെ കവിതയില്‍ ഒരു ഭ്രൂണം, തന്നെ പിറക്കാന്‍ അനുവദിക്കരുതെന്ന്  ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. കാരണം ബാഹ്യലോകത്തിലെ മനുഷ്യന്‍ എന്ന പ്രത്യേകമൊരു ജൈവാവസ്ഥയിലേക്കാണ് അതിനു വളരേണ്ടത്. ഇഷ്ടത്തിന്‍റെയും ഇഷ്ടക്കേടിന്‍റെയും സമന്വയമായ ഒരു സാമൂഹിക മനുഷ്യനിലേക്കാണ് അതു വളരേണ്ടത്.  ബാഹ്യ ഘടകങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യന്‍ സ്വന്തം ജീവിതത്തെ മനസ്സിലാക്കുന്നത് വല്ലപ്പോഴുമായിരിക്കും. മൃതാവസ്ഥ പോലും ജീവിതഭാഗമായി എഴുത്തുകാരന്‍ കാണുന്നുണ്ട്. എഴുത്തുകാരന്‍റെ  ഏകാന്തത ഇതര ലോകങ്ങളില്‍   നിന്നുള്ള ഒറ്റപ്പെടലല്ല. പക്ഷെ ലോകം ചുരുങ്ങി
ച്ചുരുങ്ങി ഒരു പൂച്ചയെ പോലെയായിരിക്കുന്നു.  കവി കാണുന്ന പൂച്ച ലോകദു;ഖമാണ്.  തന്‍റേതു മാത്രമല്ല സമസ്ത പ്രക്യതിയുടേതുമായ ദു;ഖമാണ്. അതാണ് "ഈ  പൂച്ചയാണിന്നെന്‍റെ ദു;ഖം" എന്ന കവിതയില്‍ കടമ്മനിട്ട പങ്കിടുന്നത്. താനും ലോകവും തമ്മില്‍ ഭിന്നതയില്ല.

ഇംഗ്ലീഷ്  റൊമാന്‍റിസിസ്റ്റ് കവിതയുടെ പകര്‍പ്പാണെങ്കിലും കുമാരനാശാന്‍ വീണപൂവില്‍ കണ്ടത് തന്നെത്തന്നെയാണ്.  വീണുകിടക്കുന്ന പൂവിലും മനുഷ്യന്‍ ജീവിക്കുന്നു.  തകഴിയുടെ "വെള്ളപ്പൊക്ക"ത്തിലെ നായയും ഒരു മനുഷ്യനെ പോലെ തന്നെ. എം. ഗോവിന്ദന്‍റെ പുന്നാരമൂഷികനും ജീവിതവുമായി താദാത്മ്യപ്പെട്ടതു തന്നെ .

ഡിജിററല്‍ ലോകത്ത് ഒരു ഡിജിററല്‍ ദൃശ്യമോ സന്ദേശമോ ഒരാള്‍ക്കില്ലെങ്കില്‍ യാള്‍ അദ്യശ്യനെ പോലെയാണെന്ന് എം.കെ ഹരികുമാര്‍ പറയുന്നു.  എവിടെയും ഡിജിററല്‍ കണ്ണുകള്‍. അതിനനുസരിച്ചു ക്രമീകരിക്കുന്ന ജീവിതം.  ഏതു വസ്തുവിനെയും ഗ്രാഫിക് വിദ്യയില്‍ ആര്‍ഭാട കാഴ്ചയാക്കാം. കലയും ഇങ്ങനെ വിനിയോഗിക്കപ്പെടുന്നു.  നവീനമായ ആശയങ്ങളില്ലാതെ വരികള്‍ മുറിച്ചെഴുന്നത് ഫേസ്ബുക്കിലോ വാട്ട്സ്ആപ്പിലോ വന്നാല്‍ അതു കവിതയായി. നൂറു കോപ്പി അച്ചടിച്ച് പുസ്തകമായാല്‍ കവിയായി.  ഈ ഡിജിററല്‍ വിനിമയവിനിയോഗം  കൃത്യമായി തെററിദ്ധരിക്കപ്പെടുന്നുണ്ട്.  വിനിയോഗത്തിന്‍റെ സൗന്ദര്യ ശാസ്ത്ര ലോകത്ത്  സാര്‍വ്വത്രികമായ വ്യതിയാനം സംഭവിക്കുന്നുണ്ട്. അഭിരുചികള്‍ക്കൊപ്പം മനുഷ്യനു മാററം വരുന്നു.  വ്യക്തിത്വം എന്ന ആശയം പോലും പഴഞ്ചനായിപോവുന്നു.  എഴുത്ത് ചരിത്രപരമായി ഒരു അനുബന്ധമായി മാറുന്നു. മാധ്യമമാണ്  കലയെന്നു  ഘോഷിക്കുന്നു .  ആശയ മോഷണം പോലും ഒരു മൂല്യമായി മാറുന്നു.  സെലിബ്രിററിയാവുക മാത്രമാണ് ലക്ഷ്യം.  അതിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം.  ക്രിമിനല്‍ കുറുക്കുവഴികള്‍ പോലും. തനിമനസ്സ് ഡിജിററല്‍ വേഗതയ്ക്ക് ആവശ്യമില്ലാത്ത ദുരവസ്ഥ. സ്യുഡോ റിയലിസം ഡിജിററല്‍ വേഗതയുടെ ഇന്ധനമായി മാറുന്നു.

കല എന്നത് അഖണ്ഡമായ അനുഭവമാണ്.  സജീവമായ ഇന്ദ്രിയങ്ങളുടേതാണ് .  അത് നിശ്ചിതമായ സൗന്ദര്യശാസ്ത്ര ക്ഷേത്രഗണിതത്തിനുള്ളില്‍ നിശ്ചലമല്ല. നിലവിലുള്ളതിനോട് കലഹിക്കുകയും പഴയതിനെ നിരാകരിക്കുകയും ചെയ്യുമ്പോള്‍ പോലും മറെറാരു ഐക്യവും കേന്ദ്രവും കണ്ടെത്തുന്നുണ്ട്.  സ്വാഭാവിക, നിരുപാധിക സ്വാതന്ത്ര്യത്തോടെ. ഡി-കണ്‍സ്ട്രക്ഷന്‍ എന്നാല്‍ റീ-സ്ട്രക്ച്ചറിങ്ങ് എന്നും കൂടിയാണ്. പ്രക്യതിയിലെ പാഠങ്ങളെ മനുഷ്യപക്ഷത്തു നിന്നു വ്യാഖ്യാനിക്കുമ്പോള്‍ രചനയില്‍ എഴുത്തുകാരന്‍റെ ശൈലി പ്രതിഫലിക്കുന്നു.  എന്നാല്‍ എഴുത്തുകാരന്‍റെ അഹം നിരോധിക്കപ്പെട്ടതാണുതാനും. മാനുഷിക വികാരങ്ങള്‍ക്ക് മുകളില്‍ കാലത്തിന്‍റെ ഒരു കണ്ണുണ്ട്. ഇതില്‍ നിന്നു വിരുദ്ധമാണ് ഡിജിററല്‍ നവമാദ്ധ്യമമെന്ന് എം.കെ.ഹരികുമാര്‍ സിദ്ധാന്തിക്കുന്നു.  പണ്ട് നിരന്തര അന്വേഷണത്തിന്‍റെയും പ്രതിഭയുടെയും പക്വത ആര്‍ജ്ജിക്കുന്ന ഘട്ടത്തിലായിരുന്നു  ആവിഷ്കാരം സഫലമായി തീര്‍ന്നിരുന്നത്.  എന്നാല്‍ ഇന്ന് ഏതു നവാഗതനും സാധാരണക്കാരനും ഡിജിററല്‍ നവമാധ്യമത്തി
ല്‍ പെട്ടെന്ന് കലാകാരന്‍റെ, എഴുത്തുകാരന്‍റെ പരിവേഷം ലഭിക്കുന്നു.  കുറച്ചു പണമുണ്ടെങ്കില്‍ നാടകസങ്കേതം ഉപയോഗപ്പെടുത്തി ഏതാനും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ഒരു ചലച്ചിത്രം രൂപപ്പെടുത്തി എളുപ്പത്തില്‍ സംവിധായകന്‍ എന്ന മേല്‍വിലാസം സ്വയം എടുത്തണിയുന്നതുപോലെ . ഇവിടെ കലാപരമായ അറിവോ ഭൂതകാലമോ മികവോ ആരും ശ്രദ്ധിക്കാറില്ല.  അങ്ങനെ പൂര്‍വ്വജ്ഞാനത്തെ മറപിടിക്കുന്ന മറവിയുടെ സംസ്കാരം കൂടി  നവമാധ്യമം വളര്‍ത്തിയെടുക്കുന്നുവെന്ന് ഹരികുമാര്‍ കണ്ടെത്തുന്നു.  വ്യാജകലയും വ്യാജകലാകാരന്മാരും വ്യാജസാഹിത്യകാരന്മാരും എളുപ്പത്തില്‍ പ്രതിഷ്ഠിതരാവുന്നു എന്നര്‍ത്ഥം.

സാമൂഹിക നീതിയുടെയും ബൗദ്ധിക സ്വാതന്ത്യത്തിന്‍റെയും തലങ്ങളില്‍ പൂര്‍ണത പ്രാപിച്ചിട്ടില്ലാത്തതിനാല്‍ ആധുനികത എന്ന വിപ്ലവം മലയാള സാഹിത്യത്തില്‍ പാതിവഴി നിന്നുപോയി എന്ന് ഹരികുമാര്‍ ചൂണ്ടിക്കാട്ടുന്നു.  ഭാഷ, ഭാവന, ചരിത്രം,രൂപം,ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങളിലേക്ക് മലയാള സാഹിത്യം നീളുന്നില്ല. യാഥാര്‍ത്ഥ്യം ഡോക്യൂമെന്ററിപോലെ പകര്‍ത്തിവെയ്ക്കുന്നത് സാഹിത്യമല്ല.  അത് വിളിച്ചു കാണിക്കേണ്ടത് മാധ്യമ ധര്‍മ്മമാണ്.  ഇതില്‍ ഭാവന ചേര്‍ത്താല്‍ കച്ചവട താല്പര്യമാവും.  സാഹിത്യകാരന്‍ സാഹിത്യമാണ് രചിക്കേണ്ടത്.  ആലങ്കാരിക റിപ്പോര്‍ട്ടിങ്ങ് അല്ല.

മലയാളത്തിലെ നോവല്‍ ഫാക്ടറിയില്‍ നിന്ന് ടിന്‍ഫുഡ് പോലെ കൃതികള്‍ വരുന്നുവെന്നല്ലാതെ അതിനൊന്നും ദീര്‍ഘായുസ്സില്ല.  പണത്തിന്‍റെയും പ്രതാപത്തിന്‍റെയും അധികാരത്തിന്‍റെയും കാഴ്ചകളായി മലയാള സാഹിത്യം മാറുകയാണ്.  ഇന്നത്തെ മലയാള സാഹിത്യ രംഗത്തു കാണാനാവുന്ന നാലു പ്രധാന ന്യൂനതകള്‍ എം.കെ.ഹരി
കുമാര്‍ അന്വേഷകരെ, എഴുത്തുകാരെ ഓര്‍മ്മിപ്പിക്കുന്നു.  ഒന്ന്, ചിന്തയുടെ തലമില്ല . രണ്ട്, വെറും അനുഭവ വിവരണമോ ചരിത്രാഖ്യാനമോ മാത്രമാണുള്ളത്.  അതില്‍ എഴുതിയ ആളിന്‍റെ പ്രതിഭാ മുദ്രയില്ല. മൂന്ന്, രൂപത്തെ പററി കൃത്യമായ അറിവില്ല.  നാല്, സാഹിത്യത്തെ നവീകരിക്കാനറിഞ്ഞു കൂടാ.


Author - M.K.Harikumar
Publishers- Blue Mango Books
Price- Rs. 90/-

Similar Post You May Like

Recent Post

Blog Archive