ആരാണ് യൂപിയിലെ കുഞ്ഞുങ്ങളുടെ ഘാതകന് ? |
![]() | Dr. Adoor Surendran |

ആരാണ് യൂപിയിലെ കുഞ്ഞുങ്ങളുടെ ഘാതകന് ? കൊല്ലങ്ങളായി (2006 മുതല്‍) അവിടെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഭീകരരോഗമാണ് ജാക്കിതീക്ക എന്ന് അവിടെ നാട്ടിന്പുറത്തുകാര് പറയുന്ന നമ്മുടെ സാക്ഷാല്‍ ജപ്പാന് ജ്വരം (Japanese Encephalitis - JE). കൊതുക് വഴി പടരുന്ന മാരക സാംക്രമിക രോഗമായ ജാപ്പനീസ് എന്‍സിഫലൈറ്റിസ് കൂടുതലും കാണപ്പെടുന്നത് ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരാണ്. 2011-ല്‍ 8148 എന്‍സിഫലൈറ്റിസ് കേസുകള്‍ കിഴക്കന്‍ യു.പി.യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോള്‍ ഈ രോഗത്തിന്റെ വ്യാപ്തി മനസ്സിലാകും.
ഈ രോഗം ആദ്യമായി ജപ്പാനില്‍ കണ്ടുപിടിച്ചതുകൊണ്ടാണ് ജപ്പാന്ജ്വാര മെന്ന പേരുകിട്ടിയത്. ജാപ്പനീസ് എന്‍സിഫലൈറ്റിസ് തലച്ചോറിനെ ബാധിക്കുന്ന മാരകമായ സാംക്രമിക രോഗമാണ്. വൈറസ്/ബാക്ടീരിയ/ഫംഗി മൂലമുണ്ടാകുന്നതാണ് എന്‍സിഫലൈറ്റിസ്. ഇതുമൂലം 2015-ല്‍ ലോകമെമ്പാടും മരിച്ചത് രണ്ട് ലക്ഷത്തോളം പേരാണ്.
ഇന്ത്യയിലെ ആദ്യത്തെ എന്‍സിഫലൈറ്റിസ് മരണം ഗോരഖ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 1978-ലാണ്. അതിനുശേഷം 60000 എന്‍സിഫലൈറ്റിസ് മരണങ്ങള് യു.പിയില്‍ നിന്നുമാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തലച്ചോറില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായി മരിച്ച് ജീവിക്കുന്ന പതിനായിരങ്ങള്‍ വേറെയും. ഉത്തര്‍ പ്രദേശില്‍നിന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു ഈ സാംക്രമികരോഗം. ഒഡീഷയില്‍ 2014-ല്‍ 92 പേര് മരിച്ചിരുന്നു. ഒഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍തന്നെ 2016-ല്‍ രണ്ടു മാസത്തിനുള്ളില്‍ 68 കുട്ടികളാണ് എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. ഇതൊന്നും അന്ന് ആരും അറിഞ്ഞില്ല. അവിടെ സാധാരണ എന്സൊഫലൈറ്റും രൂക്ഷമാണ്. മൂന്നുകൊല്ലത്തിനകം 1600 കുട്ടികള്‍ മരിച്ചിരിക്കുന്നു.
രണ്ടുതരം എന്‍സിഫലൈറ്റിസ് ഉണ്ട്. വൈറസ് മൂലമുണ്ടാകുന്നതും ബാക്ടീരിയ മൂലമുണ്ടാകുന്നതും. ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. നമ്മുടെ ഡെങ്കിയും ചിക്കന്‍ഗുനിയയും പോലെ. രോഗാണു ക്കളെ വഹിക്കുന്ന ജന്തുക്കളെ കടിക്കുമ്പോഴാണ് കൊതുകുകള്‍ രോഗാണുവാഹക രായി മാറുന്നത്. കൊതുകുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുസംക്രമണം ഉണ്ടാകും. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചു മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകും. പനി, വിറയല്‍, തലവേദന, അപസ്മാര ലക്ഷണങ്ങള്‍, അബോധാവസ്ഥ എന്നിവയൊക്കെ രോഗബാധിതരില്‍ കാണാം. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചു മാത്രമേ തുടക്കത്തില്‍ ഈ രോഗത്തെ തിരിച്ചറിയാന്‍ സാധിക്കൂ.
70 ശതമാനത്തിലേറെ രോഗികള്‍ക്ക് അപസ്മാര ലക്ഷണങ്ങളും കാണും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗി പൂര്‍ണ്ണമായും അബോധവസ്ഥയിലാകും. തലച്ചോറിനെ പഴുപ്പ് ബാധിച്ചിരിക്കും. രോഗബാധിതരില്‍ മൂന്നിലൊന്നാളുകള്‍ പൂര്‍ണ്ണസുഖം പ്രാപിക്കുമ്പോള്‍ മൂന്നിലൊന്നുപേര്‍ക്ക് വിവിധ തരത്തിലുള്ള നാഡീവൈകല്യങ്ങള്‍ അവശേഷിക്കാം. മൂന്നിലൊന്ന് ആളുകള്‍ക്ക് രോഗം ഗുരുതരമാകുന്നതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നു.
വളരെ ലഘുവായ പനിയോടെ തുടങ്ങുന്ന ഈ അസുഖം വെളിച്ചത്തോട് അസഹ്യതയാണ് തുടക്കത്തില്‍ കാണിക്കുക. പിന്നീട് കൈകാല്‍ കോച്ചിപ്പിടി ക്കുകയും വായില്‍നിന്നു മഞ്ഞനുരയും പതയും വരുകയും ജന്നി (ഫിറ്റ്സ്) യുടെ ലക്ഷണം കാണിക്കുകയും ചെയ്യും. ഇതു കാണുന്ന മാതാപിതാക്കള്‍ ബാധയുപദ്രവമാണെന്ന് ഉറപ്പാക്കി നാടന്‍ മന്ത്രവാദിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നു. മന്ത്രവാദം നാട്ടുവൈദ്യം എന്നിവയെല്ലാം കഴിഞ്ഞു മരണം ആസന്നമാകുമ്പോഴാണ് മോഡേണ്‍ മെഡിസിനെ ശരണം പ്രാപിക്കുന്നത്. അപ്പോഴേയ്ക്കും രോഗി മരിച്ചിരിക്കും. സത്യം പറഞ്ഞാല്‍ ജനത്തിന്റെ അന്ധവിശ്വാസവും അറിവില്ലായ്മയുമാണ് അസ്സല് വില്ലന്‍.
ചിലവിഭാഗം ജനങ്ങള്‍ അന്ധവിശ്വാസങ്ങളാല്‍ കുത്തിവെയ്പ്പ് എടുക്കാതി രിക്കുന്നത് രോഗം പരക്കാന്‍ കാരണമായി. പൊതുവേ പറഞ്ഞാല്‍ ജനങ്ങള്‍ അവിടെ ചികിത്സിച്ച് നിവര്‍ത്തിയില്ലാത്ത സ്ഥിതിയില്‍ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ് രോഗികളെ ആധുനിക ചികിത്സ ലഭിക്കുന്ന ആശുപത്രിയിലെത്തിക്കു ന്നത്. 2017 ജനുവരിക്കുശേഷം 1000-ല്‍പരം കുട്ടികളെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 258 കുട്ടികള്‍ മരിച്ചു ബാക്കി കുട്ടികള്‍ രക്ഷപ്പെട്ടു. അഖിലേഷിന്റെ കാലത്ത് 300 കുട്ടികള്‍ മരിച്ചു. ആരു ഭരിക്കുന്നു എന്നു നോക്കിയല്ലല്ലോ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത്.
കൊതൂകൂപോലെയുള്ള രോഗകാരികളായ കീടങ്ങളുടെ നിയന്ത്രണം, പ്രതിരോധകുത്തിവെപ്പുകള്‍, ബോധവല്‍ക്കരണം, അന്ധവിശ്വാസങ്ങളുടെ ദൂരീകരണം, ആതുരാലയങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നിവയില്‍ ഭരിക്കുന്ന ഗവണ്മെന്റിന് കൃത്യമായ ഉത്തരവാദിത്വമുണ്ട്. ജനക്ഷേമം നോക്കുന്ന ഏതു സര്‍ക്കാരിന്റെയും പ്രഥമവും പ്രധാനവുമായ കടമയാണ് അവ.
ഇത്തരം മാരകമായ അസുഖത്തിന്റെ ചികിത്സയില്‍ ആശുപത്രി അധികൃതര്‍ക്കോ ഉദ്യോഗസ്ഥന്മാര്ക്കോ പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ ഇനി അതുണ്ടാകാത്തതരം ശിക്ഷകൊടുത്ത് ഭരിക്കുന്നവര്‍ മാതൃക കാട്ടേണ്ടതാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തില്‍. അതിന് ആരും രാഷ്ട്രീയം നോക്കരുത്. ഇത്തരം കാര്യങ്ങളെ, രാഷ്ട്രീയമായി മുതലെടുക്കാന്‍ നോക്കുന്നത് അതീവ നിന്ദ്യവും നീചവുമായ കാര്യമാണ്.
(ഫേസ് ബുക്കിൽ നിന്നും എടുത്തത്)