അസംബന്ധത്തിന്റെ അശ്വമേധങ്ങൾ


G.N Panicker
admin 29-07-2017 12:25 Books 1223

അൽബേർ കാമുവിനേപ്പറ്റി മലയാളത്തിൽ ആദ്യമായൊരു സമഗ്ര പഠനം. ജസ്റ്റിൻ ജോൺ രചിച്ച ഈ അപൂർവ്വ പഠനം അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നതിൽ അളവറ്റ സന്തോഷവും, അഭിമാനവും. ‘അസംബന്ധത്തിന്റെ അശ്വമേധങ്ങൾ’ എന്ന ഈ പുസ്തകം നിമിത്തം കാമുവിന്റെ ലോകവുമായി ഈ ലേഖകൻ പരിചയപ്പെട്ട കാലത്തേയ്ക്ക് പറന്നെത്തുകയാണ്‌ ഓർമ്മകൾ.: 1957 ലെ നോബൽ പ്രൈസ് കാമുവിന് കിട്ടിയ കാര്യം ദിനപ്പത്രങ്ങളിൽ വായിച്ചറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടത് അദ്ദേഹത്തിന് അപ്പോൾ നൽപ്പത്തുയഞ്ച് വയസ്സല്ലേയുള്ളൂ എന്നതുകൊണ്ടാണ്. ഇത്ര ചെറുപ്പത്തിലെ നോബൽ പ്രൈസ് കിട്ടിയിട്ടുള്ളവർ വേറെ കാണില്ലെന്നും തോന്നി. എന്നാൽ യഥാർത്ഥത്തിൽ ശരിക്കും ഞെട്ടിയതും, ദു‌:ഖി‌ച്ചതും 1960 ജനുവരി ആദ്യം റോഡ് വക്കിലെ മരത്തിൽ ഇടിച്ചു തകർന്ന കാറിനോടോപ്പം അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുന്നുവെന്നറിഞ്ഞപ്പോഴാണ്. ഇതെഴുതുംബോൾ 1961 മാർച്ചിൽ ഞാൻ വിലയ്ക്ക് വാങ്ങിയ ‘ഔട്ട്സൈഡറും‘, ‘പ്ലേഗും’ എന്റെ മുന്നിലുണ്ട്. ഒപ്പം തിരുവനന്തപുരത്തെ പുളിമൂട്ടിലെ സെക്കന്റ് ഹാന്റ് ബുക് സ്റ്റാളിൽ നിന്നും 1964 മേയിൽ വങ്ങിയ ‘ഫാളും’. പിൽക്കാലത്ത് ഇപ്പോഴും ഇംഗ്ലീഷ് എം.എ ക്ലാസ്സുകളിൽ ‘യൂറോപ്യൻ ഫിക്ഷൻ എന്ന പേപ്പറിന്റെ ഭാഗമായി പതിനാറ് നോവലുക്കളിലൊന്നായി കാമുവിന്റെ ‘പ്ലേഗ്’ പഠിപ്പിച്ച, പഠ്പ്പിക്കുന്ന അസാധരണ അനുഭവം. 1990ൽ പുറത്തുവന്ന എന്റെ “നോവൽ, നമ്മുടേയും, അവരുടെയും” എന്ന പുസ്തകത്തിന്റെ വിപുലപ്പെടുത്തിയ പുതിയ പതിപ്പ് 2006ൽ പ്രസിദ്ധീകരിച്ചപ്പോൾ ആ പുതിയ പതിപ്പിൽ അധികമായി ചേർത്ത 15 പഠനങ്ങളിൽ കാമുവിന്റെ ‘പ്ലേഗിനെ’ കുറിച്ചുള്ള പഠനം കൂടി ഞാൻ ഉൾപ്പെടുത്തുകയും ചെയ്തു!.

അങ്ങനെ ആത്മ ബന്ധം അനുഭവപ്പെട്ടുവരുന്ന കാമുവിനെക്കുറിച്ചാണ് ജസ്റ്റിൻ ജോൺ സമഗ്ര പഠനം നടത്തിയിരിക്കുന്നത്, സന്തോഷം. ‘അസംബന്ധത്തിന്റെ അശ്വമേധങ്ങ‘ളുടെ ആമുഖത്തിൽ ഗ്രന്ഥകാരനായ ജസ്റ്റിൻ ജോൺ തനിക്ക് ചെറുപ്പത്തിലേ ആരധന തോന്നിയ മൂന്ന് എഴുത്തുകാരായി ചൂണ്ടിക്കാട്ടുന്നത് കാഫ്ക, കാമു, ഷെനെ എന്നിവരെയാണ്. കഫ്കയുടെ ‘വിചാരണ’യും, ‘ദുർഗ‘വും അൻപതുകളുടെ അവസാനം സി.ജെ തോമസിൽ നിന്ന് അദ്ദേഹത്തിന്റെ അനതരവൻ വി.സി. ചാക്കോ വഴി വായിക്കാൻ കിട്ടിയതും അടുത്ത കാലത്ത് കാഫ്കയുടെ ‘മെറ്റമോർഫസ്’ പഠിപ്പാനിടയായതും എന്റെ ഓർമ്മയിലെത്തുന്നു. 

1974ൽ കുങ്കുമം വാരികയിൽ കാമുവിന്റെ ‘പ്ലേഗി’നെക്കുറിച്ച് ചെറിയൊരു ലേഖനമെഴുതിയ ജസ്റ്റിൻ ജോണിന്റെ ചിരകാലാഭിലാഷം പൂവണിഞ്ഞതാണ് കാമുവിന്റെ സമഗ്ര പഠനമായ ഈ ‘അസംബ്അന്ധത്തിന്റെ അശ്വമേധങ്ങൾ’. കുങ്കുമത്തിലെഴുതിയതുപോലെയുള്ള പല ഹ്രസ്വലേഖനങ്ങളും കാമുവിനേപ്പറ്റി അദ്ദേഹം തുടർന്നും എഴുതി. അവയെല്ലാം കൂടിച്ചേർന്നാണ് ഇപ്പോൾ സമഗ്ര പഠനം തയ്യാറായിരിക്കുന്നത്. നാല്പത്തിയേഴ് വർഷം മാത്രം ജീവിച്ചിരിക്കുകയും, ഇരുപതിൽ താഴെ വർഷങ്ങളുടെ സാഹിത്യ സപര്യകൊണ്ട്‌ കാലാതീതവും, സാർവ്വജനീനവുമായ ചലങ്ങൾ വിശ്വ സാഹിത്യത്തിൽ സൃഷ്ടിക്കുകയും ചെയ്ത കാമു,ലോക പ്രതിഭകളുടെ കൂട്ടത്തിൽ തന്നെ വേറിട്ടു നിൽക്കുന്നു.

അസ്തിത്വ വാദമെന്ന തത്ത്വ ചിന്താ പ്രസ്ഥനത്തിന്റെ ഭാഗമായാണ് ഫ്രാൻസിലെ സാർതൃ, കാമു എന്നീ നോവലിസ്റ്റുകളെ സാഹിത്യ വിമർശകർ കണ്ടൂപോരുന്നത്. അവർക്കും മുൻപ് ദസ്തയേവ്സ്കിയിലും കാഫ്കയിലും അസ്തിത്വാശയങ്ങളൂറ്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉണ്ടായിരുന്നു.

എന്താണ് അസ്തിത്വവാദം അഥവാ എക്സിസ്റ്റൻഷ്യലിസം! ഇരുപതാം നൂറ്റണ്ടിലെ യൂറോപ്യൻ സാഹിത്യത്തെ ഏറെ സ്വാധീനിച്ചതാണ് അസ്തിത്വ വാദമുഖങ്ങൾ. മനുഷ്യന്റെ യഥാർഥ അസ്തിത്വമാണ്, നിലനില്പാണ്, പ്രധാനം. മനുഷ്യൻ തന്നെ എങ്ങനെ രൂപപ്പെടുത്തുന്നുവോ അതാണ് അവന്റെ അസ്തിത്വം. ഏതെങ്കിലും ദൈവമോ, സമൂഹമോ, ജീവശാസ്ത്രമോ നേരത്തെ നിശ്ചയിച്ചതോ, രൂപപ്പെടുത്തിയതോ അല്ല അത്. സ്വതന്ത്രമായൊരു ഇച്ഛയുണ്ട് മനുഷ്യന്. അതായത്, മൌലികമായ തെരഞ്ഞേടുക്കൽ നടത്തുന്നത് മനുഷ്യൻ തന്നെ. മനുഷ്യന്റെ ‘അസ്തിത്വം മാത്രമാണ് യഥാർത്ഥ്യം. സാർതൃ ദൈവത്തെ നിഷേധിക്കുകയും ചെയ്തു. ഈ തത്വചിന്തയ്ക്ക് ദസ്തെയ്‌വിസ്കിയുടെ ചില ആശയങ്ങളുമായി രക്ത ബന്ധമുണ്ട്. വിശേഷിച്ചും, അദ്ദേഹത്തിന്റെ ‘ഇഡിയറ്റ്’ എന്ന നോവലിലെ ഇപ്പോലീത്ത്, ‘ഭൂതാവിഷ്ട‘രിലെ  കിറിലോവ് എന്നീ കഥാപാത്രങ്ങളുമായി.

സാർതൃ എഴുതി: “ദസ്തെയ്‌വിസ്കി പറഞ്ഞു: ദൈവം ഇല്ലെങ്കിൽ എല്ലാ കാര്യങ്ങളും അനുവദനീയമായിത്തീരുന്നു, എന്ന്‌. അസ്തിത്വവാദത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. ദൈവത്തിന്റെ തിരോധാനത്തോടുകൂടി സുവ്യക്തമായൊരു സ്വർഗ്ഗത്തിൽ മൂല്യങ്ങൾ കണ്ടെത്തനുള്ള സർവ്വ സാധ്യതകളും ഇല്ലാതായി. പിടിച്ചു നിലക്കൻ ഒന്നുമില്ലാത്ത, പരിത്യജിക്കപ്പെട്ട മനുഷ്യന്റെ ഈ ലോകം അസ്തിത്വവാദ നോവലിസ്റ്റിന്റെ ലോകമണ്...”

ദസ്തെയ്‌വ്സ്കിയുടെ ‘ഇഡിയറ്റി’ലെ ഒരു പ്രധാന കഥാപാത്രമാണ് ഇപ്പോലിത്ത്. തത്വ ചിന്തകനാണ് ഈ പതിനാറുകാരൻ. ദൈവവും മനുഷ്യരുടെ ലോകവുമായി സമരത്തിലാണെന്നും വിധേയ മനസ്കർക്കേ ദൈവത്തെ അംഗീകരിക്കാനാവൂ എന്നും ഇപ്പിലോത്ത് വിശ്വസിക്കുന്നു, ആത്മഹത്യ ചെയ്യുന്നതിലൂടെ തന്റെ മേൽ ദൈവത്തിനുള്ള അവസാന അധികാരവും തൂത്തെറിയുവാൻ തനിക്ക് കഴിയുമെന്ന്. (അവന്റെ ആത്മഹത്യാ ശ്രമം പരാജയപ്പെടുന്നതും ഒടുവിൽ അവൻ ക്ഷയ രോഗത്താൽ മരിക്കുന്നതും കഥ)


ദസ്തെയ്‌വ്സ്കിയുടെ ‘ഭൂതാവിഷ്ടരി’ലെ കിറിലോവാകട്ടെ ദൈവം ഉണ്ടാവാനിടയില്ലെന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ്. എഞ്ചിനീയറായ കിറിലോവ് ദൈവത്താൽ പീഡിപ്പിക്കപ്പെടുന്നവനും, ഒരു അർദ്ധ ഭ്രാന്തനുമാണ്. സ്വന്തം ഇച്ഛ വെളിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന കർത്തവ്യമെന്ന് കിറിലോവ് വിശ്വസിക്കുന്നു. അയാളുടെ സ്വന്തം ഇച്ഛയുടെ പ്രധാന ഘടകമാവട്ടെ ആത്മഹത്യ ചെയ്യുക എന്നതുമാണ്. ആത്മഹത്യ ചെയ്യുന്നവൻ നിരവധി ഉണ്ടല്ലോയെന്ന ചോദ്യത്തിന് കിറിലോവ് മറുപടി നൽകി: “അവർക്കൊക്കെ ഒരു ലക്ഷ്യമുണ്ട്. യാതൊരു ലക്ഷ്യവുമില്ലാതെ ആത്മഹത്യ ചെയ്യുന്ന ഒരാൾ ഞാൻ മാത്രമാണ്. എന്റെ ഇച്ഛ മാത്രമേ ഇവിടെ നിർണ്ണായകമായുള്ളൂ.”


ദൈവത്തെ കണ്ടുപിടിക്കാൻ കൂട്ടാക്കത്ത ലോക ചരിത്രത്തിലെ ഏക മനുഷ്യൻ തനണെന്നും പറയുന്നുണ്ട് അയാൾ. ഈ കഥാപാത്രത്തെക്കുറിച്ച് എഴുതവെ കാമു പറഞ്ഞു: ദസ്തെയ്‌വ്സ്കിയുടെ എല്ലാ കഥാ നായക്ന്മാരും ജീവിതത്തിന്റെ അർത്ഥമെന്താണെന്ന ചോദ്യം സ്വയം ചോദിക്കുന്നു. ഇകാര്യത്തിൽ അവർ ആധുനികരാണ്. പരിഹാസത്തെ അവർക്ക് പേടിയില്ല...” (ഈ ലേഖകന്റെ ‘ദസ്തെയ്‌വ്സ്കി’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്) മനുഷ്യന്റെ സങ്കടകരമായ അസ്തിത്വ നില, താൻ സദാ അർത്ഥധന്യമാക്കാൻ ശ്രമിക്കുന്ന ജീവിതം എപ്പോൾ അവസാനിക്കുമെന്ന് ആർക്കും അറിയാൻ കഴിയാത്ത അസംബന്ധാവസ്ഥ, മതത്തിലുള്ള വിശ്വാസമോ മത വിശ്വാസം നൽകുന്ന ആശ്വാസമോ ഇല്ലാത്ത നില - ഇതെല്ലം അനിഭവിച്ചറിഞ്ഞ ഫ്രാൻസിലെ ഇതര യുദ്ധകാല സാഹിത്യകാരന്മാരോടൊപ്പം കാമുവും ജീവിതം പൂറ്ണ്ണമായും യുക്തിക്ക് നിരക്കാത്തതായി കണ്ടു.

‘മിത്ത് ഓഫ് സിസിഫസ്’ (1942), ‘ദി റിബൽ’ (1952) എന്നീ രണ്ട് ലേഖനഗ്ങൾ യഥാക്രമം ആത്മഹത്യ, കൊലപാതകം എന്നിവയോട് കാമുവിനുള്ള നിലപാട്‌ വ്യക്തമാക്കുന്നവയാണ്. “യഥാർത്ഥത്തിൽ തത്ത്വ ശാസ്ത്ര പരമായ ഒരൊറ്റ പ്രശ്നമേയുള്ളൂ: ആത്മഹത്യ” എന്ന വാക്യവുമായാണ് ‘മിത്ത് ഓഫ് സിസിഫസ്’ തുടങ്ങുന്നത്. ഈ പ്രസിദ്ധ ലേഖനം വന്ന വർഷം തന്നെ (1942) പ്രസിദ്ധീകൃതമായതാണ് ‘അന്യൻ’ എന്ന നോവൽ. ഇന്നും, 65 വർഷങ്ങൾക്കുശേഷവും, ഫ്രാൻസിൽ ചെറുപ്പക്കാരുടെ ഇടയിൽ ഏറെ പ്രചാരമുണ്ട് ഈ നോവലിന്. ഈ ഹൈടെക് കാലത്തെ ചെറുപ്പക്കരാണിവർ എന്നതും മറന്നുകൂടാ. അമ്മയുടെ ശവ സംസ്കാര വേളയിൽ കരയാത്തതു നിമിത്തം ഒരാൾ വധ ശിക്ഷയ്ക്ക് വിധേയനാവുന്നു എന്ന വിരോധാഭാസമാണ് ‘അന്യന്റെ’ അന്തർധാര. (ഒരു അറബിയെ കൊന്നു എന്ന കുറ്റം ചെയ്തിരുന്നു അയാൾ) അഞ്ച് വർഷത്തിനുശേഷം പുറത്തുവന്ന ‘ദി പ്ലേഗ്’ ഒന്നിലേറെ അർഥതലങ്ങളുള്ള ഒരാധുനിക ക്ലാസിക്കാണ്. ഫ്രാൻസിന് അനുഭവിക്കേണ്ടി വന്ന നാസി അധിനിവേശമാണ് ഈ നോവലിലെ ഇതിവൃത്തമെന്ന അഭിപ്രായം പല വ്യാഖ്യാനങ്ങളിൽ ഒന്നുമാത്രമാണ്. മരണത്തെ മുഖാമുഖം കാണുകയാണ് ഇതിലെ കതാപാത്രങ്ങൾ. നിഷ്കളങ്കരായ കുട്ടികൾ പീഡാനുഭവത്തിന് വിധേയരാകുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട് ഈ നോവലിൽ ഒരിടത്ത്. (ദസ്തെയ്‌വ്സ്കിയുടെ ‘കരമസോവ് സഹോദരന്മാരിലെ’ ഇവാൻ ദൈവത്തിന്റെ ടിക്കറ്റ് മടക്കിക്കൊടുക്കുന്നതുതന്നെ നിഷ്കളങ്കരായ കുട്ടികളുടെ പീഡാനുഭവം കണ്ട് സഹികെട്ടിട്ടാണ്)

1956ൽ പ്രസിദ്ധീകൃതമായ ‘പതനം’ ജനോപകാരപ്രദമായ പലതും ചെയ്ത് പേരും, പെരുമയും നേടുന്ന കഥാ നായകൻ ത്യന്റെ കുറ്റബോധത്താൽ പൊള്ളുന്ന ഒരു മനസ്സാക്ഷിയുടെ ആത്മഗതമാണ്. കണ്മുന്നിൽ (മറ്റാരും ആ സ്ഥലത്തില്ലായിരുന്നു, അപ്പോൾ) നദിയിലേയ്ക്ക് ചാടി മരിച്ച സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന കുറ്റബോധത്താൽ നീറിപ്പുകയുകയാണ് ഈ നോവലിൽ. കലിഗുല ഉൾപ്പടെ നിരവധി ഒന്നാം തരം നാടകങ്ങൾ രചിച്ച നാടകകൃത്തുകൂടിയായ കാമു, ഫോക്നറുടെയും, ദസ്തെയ്‌വ്സ്കിയുടെയും ഓരോ പ്രശസ്ത നോവലുകൾ നാടകമാക്കി മാറ്റുകയും ചെയ്തു. അവസാന നാളുകളിൽ മനസ്സും, ഭാവനയും കൊണ്ട് കാമു ഈ അപൂർവ്വ നോവലിസ്റ്റുകളോടൊപ്[പമായിരുന്നു എന്നുതന്നെയാണ് ഇതിനർത്ഥം.

ഈ വിധം ഏറെ വ്യത്യസ്തനായ ഒരെഴുത്തുകാരനായ അൽ‌ബേർ കാമുവിനെയാണ് ജസ്റ്റിൻ ജോൺ ‘അസംബന്ധത്തിന്റെ അശ്വമേധങ്ങൾ’ എന്ന ഈ പഠന ഗ്രന്ഥത്തിലൂടെ നമ്മുടെ മുൻപിലെത്തിക്കുന്നത്.

ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെയാണ് ജസ്റ്റിൻ ജോൺ കാമുവിന്റെ ജീവിതകഥ പറയുന്നതും അദ്ദേഹത്തിന്റെ കൃതികളെയെല്ലാം വിലയിരുത്തുന്നതും. ‘അസംബന്ധ ദർശനങ്ങളുടെ പടിവാതിൽക്കൽ’ എന്ന ആദ്യ അദ്ധ്യായത്തിൽ കാമു എവ്വിധം തന്റെ കാലഘട്ടത്തിന്റെ വൈകാരികവും, ചിതാപരവുമായ സത്ത ഉൾക്കൊണ്ട് സാഹിത്യ രചന നടത്തിയെന്നും കാമുവിന്റെ അസംബന്ധ ദർശനം നിഷേധാത്മകമോ പൊള്ളയോ അല്ലെന്നും വ്യക്തമക്കുന്നു. സാർത്രിന്റെ ഭാഷ ബുദ്ധിപരമാകുമ്പോൾ കാമുവിന്റെ ഭാഷ ഹൃദയത്തിൽ നിന്നുവരുന്നതാണെന്നും ജസ്റ്റിൻ ജോൺ അടിവരയിട്ട് പറയുന്നു. അസ്തിത്വബോധത്തിന്റെ വ്യക്താക്കളായ കാമുവിനെയും, സാർത്രിനെയും പിന്നീട്‌ വിശദമായി താരതമ്മ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം (പതിമൂന്നാം അദ്ധ്യായം).  ഡോൺജുവനെന്ന നിത്യ കാമുകനെയും കാമു സ്വന്തം ദർശനത്തിന്റെ ഉദാത മാതൃകയായി കണ്ടുവെന്നും നിഷ്ഫലമാണെന്നറിഞ്ഞുകൊണ്ടുതന്നെ മലമുകളിലേയ്ക്ക്/ നെറുകയിലേയ്ക്ക് കല്ലുരുട്ടിക്കയറ്റുന്ന സിസിഫസിൽ (നമ്മുടെ നറാണത്ത് ഭ്രാന്തന്റെ മറ്റൊരു രൂപം) കാമു താദാത്മ്യം കണ്ടെത്തിയെന്നും വ്യക്തമാക്കുന്നു ഗ്രന്ഥകാരൻ. അസംബന്ധ കല്പനയിൽ നിന്നും കുറേക്കൂടി കാമു മുൻപോട്ടുപോയതിന്റെ തെളിവാണ് ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ അദ്ദേഹം ‘പ്ലേഗി’ൽ വിപ്ലവകരമായി നടത്തിയ ശ്രമങ്ങൾ.

ഹ്രസ്വങ്ങളും, നാടകീയങ്ങളുമായ അധ്യായങ്ങളിലൂടെ അൽ‌ബേർ കാമുവിന്റെ ജീവിതകഥ ഏറെ രസകരമായി പറഞ്ഞിഒട്ടുണ്ട് ഗ്രന്ധകാരൻ. കാമുവിന്റെ സ്നേഹ ബന്ധങ്ങളുടെ വർണ്ണനകൾ വായനക്കാരെ ശരിക്കും പിടിച്ച് നിർത്തുകതന്നെ ചെയ്യും. ‘അന്യൻ’, ‘പ്ലേഗ്’  എന്നീ നോവലുകളുടെയും ‘കലിഗ്യൂല’ എന്ന നാടകത്തിന്റെയും ‘എക്സൈൽ അന്റ് ദി കിങ്ങ്‌ഡം’ എന്ന കതാ സമാഹാരത്തിന്റെയും മറ്റും വിശദമായ പഠനങ്ങളും ചേർത്തിട്ടുണ്ട്. മലയാളത്തിൽ കാമുവിന്റെ സ്വാധീനം, അനുകരണവും കുറെ ഉണ്ടായിട്ടുണ്ട്. അതൊക്കെ ‘കാമു മലയാളത്തിൽ’ എന്ന അദ്ധ്യായത്തിൽ ജസ്റ്റിൻ ജോൺ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. അദ്ധ്യായങ്ങളൂടെ ഒടുവിൽ അതാത് അദ്ധ്യായങ്ങളിൽ പരാമർശിക്കപ്പെട്ട എഴുത്തുകാരെയും സംഭവങ്ങളെയും കുറിച്ചുള്ള കുറിപ്പുകൾ ചേർത്തിട്ടുള്ളത് വായനക്കാർക്ക് വളരെ പ്രയോജനപ്രദമാവും.

‘നമ്മുടെ സങ്കീർണ്ണ കാൽഘട്ടത്തിൽ മനുഷ്യ മനസ്സാക്ഷി നേരിടുന്ന പ്രശ്നങ്ങൾ തെളിമയോടെ കാണിച്ചുതരുന്ന കൃതികളുടെ കർത്താവ്’ എന്നാണ് നോബൽ സമ്മാന കമ്മിറ്റി അൽ‌ബേർ കാമുവിനെ വിശേഷിപ്പിച്ചത്. ലോകത്തെ നന്നാക്കാനല്ല, സ്വയം നശിക്കുന്നതിൽ നിന്ന് അതിനെ പിന്തിരിപ്പിക്കാനാണ് ഏകാകിയെങ്കിലും സമാധാനം, സത്യം, സ്വാതന്ത്ര്യം എന്നിവയ്ക്കായിഒ സദാ നിലനിൽക്കുന്ന സാഹിത്യകാരൻ ശ്രമിക്കേണ്ടതെന്നണ് നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ കാമു പറഞ്ഞത്. അഴിമതി നിറഞ്ഞ ചരിത്രത്തിന്റെയും പരാജയപ്പെട്ട വിപ്ലവങ്ങളുടെയും പഴകിപ്പൊളിഞ്ഞുപോയ ആശയങ്ങളുടെയും അനന്തരാവകാശികളും നിഷേധികളുമായ ഇന്നത്തെ തലമുറ ജീവിതത്തിനും മരണത്തിനും അന്തസ്സ് നൽകുന്ന ഒരവസ്ഥയുടെ തിരിച്ചുവരവിനായാണ് ശ്രമിക്കേണ്ടതെന്നും കാമു പറഞ്ഞു. 

കവിയും കഥാകൃത്തുമായ ഒരാരാധകന്റെ ശ്രധാഞ്ജലിതന്നെ ഈ പുസ്തകം. ഇരുപതാം നൂറ്റണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ ജ്വലിച്ചുനിന്ന ലോക സാഹിത്യത്തിലെ തന്നെ എക്കാലത്തെയും വിസ്മയമായുയർന്ന കാമുവിനെ, ആ അപൂർവ്വ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ അസാധാരണ കൃതികളെയും മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടുമെന്നുറപ്പ്‌. കാരണം, ‌ഋജുവായും സുതാര്യമായും പറഞ്ഞുവെച്ചിട്ടുള്ള കാര്യങ്ങൾ ഗ്രന്ഥകാരന്റെ ആത്മസ്പർശത്തിന്റെ തിളക്കം ഏറ്റുവാങ്ങിയിരിക്കുന്നു എന്നതുതന്നെ. മലയാളത്തിൽ അൽ‌ബേർ കാമുവിനെക്കുറിച്ച് ആദ്യമായുണ്ടാവുന്ന സമഗ്ര പഠനമാണ് ‘അസംബന്ധത്തിന്റെ അശ്വമേധങ്ങൾ’

(അവതാരികയിൽ നിന്ന് - ജി. എൻ. പണിക്കർ)

Publisher : Prabhath Book House

Price : Rs. 160

Similar Post You May Like

Recent Post

Blog Archive