ആരാണ്‌ നീ ഈ ഒബാമ

admin 07-09-2017 03:53 Books 313

'ആരാണു നീ ഈ ഒബാമ' എന്ന തലക്കെട്ടുതന്നെ അസാധാരണമാണ്. പലരും അതിനെ അപഗ്രഥിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. അപഗ്രഥിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചോദ്യമാണ് ഇത്. ആരാണ് നീ ഈ ഒബാമ എന്നതില്‍ ആരാണ് നീ എന്നും ഈ ഒബാമ ആരാണെന്നും ചോദിക്കുന്നു. ഈ രണ്ടു ചോദ്യങ്ങള്‍ ഒന്നിച്ചുചേരുന്ന പൊതുവാക്കാണ് 'ആരാണു നീ ഈ ഒബാമ' എന്നത്.
ആരാണ് നീ? ആരാണ് ഈ ഒബാമ?
ആരാണ് നീ എന്നത് പ്രത്യേക ഒരു വ്യക്തിയോടുതന്നെയാണ് ചോദിക്കുന്നത്. ഒബാമയോട്. ആരാണ് എന്ന് ലോകത്തോടും ചോദിക്കുന്നു. ആരാണ് നീ എന്നത് ഒരു രാഷ്ട്രീയനേതാവിന്‍റെ ചോദ്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പ്രേരണകൊണ്ട് ഉണ്ടാകുന്ന ചോദ്യം. രണ്ടാമത്തേത്, ലോകമേ നീ ഈ മനുഷ്യനെ എങ്ങനെ കാണുന്നു? മാനസികമായ പ്രതിഷേധത്തിന്‍റെ സ്വരം. വ്യക്തിപരമായ പ്രതിഷേധം ലോകഹൃദയത്തിന് എതിരായ വികാരമാണ്. രണ്ടും ചേര്‍ന്നുള്ള അസാധാരണമായ വാക്യഘടനയാണ് 'ആരാണു നീ ഈ ഒബാമ'? 
ഒബാമ, നീ നീഗ്രോയാണോ, മാന്‍പേടയാണോ, മാലാഖയാണോ? പിന്നെയുള്ളത് ഇറാക്കിലെ, കാബൂളിലെ കുട്ടി അമ്മയോടു ചോദിക്കുന്ന ചോദ്യമാണ്. സിന്ധുനദീതടത്തിനു സമീപമുള്ള കുട്ടി ലോകത്തോടു മുഴുവന്‍ ചോദിക്കുന്നു. ആരായാലും ആ സ്ഥാനം പാരതന്ത്ര്യം ഉണ്ടാക്കുന്നു. അതില്‍നിന്നും സ്വതന്ത്രനാകാന്‍ സാധിക്കുന്നില്ല. വ്യക്തിയെയല്ല ആ വ്യക്തി അലങ്കരിക്കുന്ന സ്ഥാപനം ആ വ്യക്തിക്ക് അപ്പുറത്തുള്ള ക്രൂരതയാകുന്നു.
സുധാകരന്‍ മന്ത്രി എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മന്ത്രിക്കസേര എത്രനാള്‍ ഉണ്ടാകും എന്ന് നിശ്ചയമില്ല. എന്നാല്‍ കവി എന്ന കസേര നൂറു മടങ്ങ് നിലനില്‍ക്കും.
ലോകത്തുള്ള മുഴുവന്‍ അമ്മമാരുടെ വികാരമാണ് ഈ കവിതയിലൂടെ പുറത്തുവരുന്നത്.
സുധാകരന്‍റെതന്നെ മറ്റൊരു കവിതയായ 'ഉണ്ണി മകനേ മനോഹരാ' എന്ന കവിതയും ഇതില്‍നിന്നും ഭിന്നമല്ല. ഗാന്ധാരിവിലാപത്തിന് വേറെ ഒരു മുഖം നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ മക്കള്‍ മരിക്കുന്നത് ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. ആരാണു നീ ഈ ഒബാമ എന്ന കവിതയെങ്കിലും തര്‍ജ്ജമ ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റിന് അയച്ചുകൊടുക്കണം. കൊല്ലാതെ നിനക്ക് ഇരിക്കാന്‍ സാധിക്കില്ലല്ലോ. കൊല്ലിക്കയല്ലോ നിനക്ക് രസം. ആണവശക്തി എന്ന സംഹാരകേന്ദ്രത്തിന്‍റെ മുകളില്‍ ഇരുന്ന് സന്താനങ്ങളെ കൊല്ലുന്നു. അമ്മയുടെ മകനെ കൊല്ലുക എന്നത് ഏറ്റവും പവിത്രമായ മാനവബന്ധത്തിന്‍റെ കരുത്ത് മുറിക്കുക എന്നര്‍ത്ഥം. ആ കാഴ്ചപ്പാട് ജന്മസിദ്ധമായി ഉള്ള ഒരു കവിക്കു മാത്രമേ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ഒന്നാമത്തെ കവിത തന്നെ ഹൃദയത്തില്‍ അമ്പുപോലെ ആഞ്ഞു തറച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ ഒബാമയുടെ മുന്നില്‍ ചെന്ന് ഇംഗ്ലീഷിലൂടെയും ആംഗ്യഭാഷയിലൂടെയും വിനീതത്വവും ദാസ്യവും പ്രകടിപ്പിച്ച് കടം കിട്ടിയതിന് നന്ദിയും പറയുന്നത് കണ്ടാല്‍ നാലായിരമോ അയ്യായിരമോ കൊല്ലത്തെ ഏറ്റവും മഹനീയ പാരമ്പര്യവും സംസ്കാരവുമുള്ള ഒരു രാജ്യത്തിലെ വ്യക്തികളാണോ എന്ന് ചരിത്രദേവതതന്നെ അത്ഭുതപ്പെടും. വടക്കേ ഇന്ത്യയിലെ മന്ത്രിമാരുടെയും മറ്റും ദാസ്യം കാണിക്കുന്നത് ഒരു ജനതയുടെ ജീര്‍ണ്ണത തന്നെയാണ്.
കേരളത്തിലെ ഒരു കവിയും കാണിക്കാത്ത ആത്മാര്‍ത്ഥതയാണ് കവി ഇവിടെ കാണിക്കുന്നത്. സുധാകരന്‍റെ ആത്മാര്‍ത്ഥതയാണ് ഇവിടെ പ്രകടമാകുന്നത്. ഒരു കവിക്ക് വേണ്ട ആന്തരസ്വഭാവഗുണമാണ് ഈ കാണുന്ന ആത്മാര്‍ത്ഥത. ജന്മസിദ്ധമായ ഈ ആത്മാര്‍ത്ഥത കവിതയിലേക്കു വന്നപ്പോള്‍ അത് പുതിയ ഭൂഷണമായി മാറി.
മന്ത്രി എന്നാല്‍ പദ്ധതിയുടെ വിജയത്തിനുവേണ്ടി നില്‍ക്കുന്നവരാണ്. 'കോടികള്‍ കോടികള്‍' എന്ന കവിതയില്‍ കോടി എന്നാല്‍ മോഷണം എന്നാണ് മനസ്സില്‍ വരിക. എന്നാല്‍, കോടി എന്നാല്‍ ഇവിടെ പദ്ധതികളുടെ വിജയമാണ്. ഏതെങ്കിലും ഒരു പദ്ധതി വരുമ്പോള്‍ വീടു നഷ്ടപ്പെട്ട പാവങ്ങളെ ഓര്‍ക്കാന്‍ ആരുണ്ട്? അവര്‍ക്കൊപ്പം നില്‍ക്കാന്‍ രാഷ്ട്രീയനേതാക്കള്‍ മാത്രം. ആ രാഷ്ട്രീയജീവിതത്തിന്‍റെ വലിയ ഇരുമ്പഴികള്‍ തീര്‍ത്ത തടവറയില്‍നിന്ന് സ്വതന്ത്രമായ ആ ആത്മാവില്‍ മനുഷ്യജീവിതത്തോടുള്ള അനുകമ്പയുടെ കണ്ണീരാണ് കണ്ടത്. ആ കണ്ണീരിനോട് താദാത്മ്യം പ്രാപിക്കുന്ന പദ്ധതികളുടെ വികാരമാണ് ആ കവിതയില്‍ കണ്ടത്. ഉദാരഹൃദയമുള്ള മനുഷ്യസ്നേഹിയുടെ വികാരമാണ് ഈ രചനയക്ക് എല്ലാം പിന്നില്‍.
('ആരാണു നീ ഈ ഒബാമ' യുടെ പ്രകാശനച്ചടങ്ങില്‍ ഡോ. സുകുമാര്‍ അഴിക്കോട് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍.)

Publisher :National Book Stall
Price : Rs. 50

Similar Post You May Like

Recent Post

Blog Archive