പാഠപുസ്തകത്തിന്റെ ഗൗരവമുള്ള ചലച്ചിത്ര ഗ്രന്ഥം


Dr. C.G Rajendra Babu
Screeplay writer, Former Director - Malayalam Lexicon, Kerala University
admin 29-07-2017 12:31 Book reviews 1389

എന്നില്‍ ഏറെ വിസ്മയമുണ്ടാക്കിയ ഒരു ചലച്ചിത്ര പഠനഗ്രന്ഥത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ചലച്ചിത്ര ഗ്രന്ഥങ്ങളുടെ ഒരു മലവെള്ളപ്പാച്ചില്‍ ഇന്ന് മലയാളത്തിലുണ്ട്. സിനിമയെന്ന മാധ്യമത്തെപ്പറ്റി അല്പമാത്രം അറിവുള്ളവരും, അറിവു തീരെയില്ലാത്തവരുമൊക്കെ നിരവധി പുസ്തകങ്ങള്‍ എഴുതിക്കൂട്ടുന്ന ഒരു കാലം. അപ്രഗത്ഭരും അതിവിദഗ്ധരും ഇംഗ്ലീഷില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ നിന്നും പകര്‍ത്തി വയ്ക്കുന്ന ചലച്ചിത്രപഠനങ്ങള്‍ കൊണ്ട് നിറഞ്ഞ പുസ്തകകമ്പോളത്തില്‍ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന ഒരു പുസ്തകം കണ്ടപ്പോഴാണ് ഇങ്ങനെയൊരുക്കുറിപ്പ്. 'രൂപിമങ്ങള്‍ സ്വനിമങ്ങള്‍ സിനിമയുടെ രസദര്‍ശനങ്ങള്‍' എന്ന സാബുശങ്കറിന്‍റെ ഗ്രന്ഥം സൂക്ഷ്മമായ ചലച്ചിത്ര ദര്‍ശനത്തിന്‍റെ ഉദാത്തസാക്ഷ്യമായി ചൂണ്ടിക്കാട്ടുവാന്‍ എനിക്കേറെ സന്തോഷമുണ്ട്. ഭാഷയുടെ അടിസ്ഥാനഘടകങ്ങളാണ് രൂപിമങ്ങളും സ്വനിമങ്ങളും. അവയുടെ മേലെയാണ് ഭാഷാശാസ്ത്രത്തിന്‍റെ മഹദ്ദര്‍ശനങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നത്. ഈ ഗ്രന്ഥത്തിന് രൂപിമം -സ്വനിമം എന്ന ഭാഷാ സാങ്കേതികതയെ സ്വീകരിച്ചതിലൂടെ സാബുശങ്കര്‍ അര്‍ത്ഥമാക്കിയത് വ്യക്തം. ചലച്ചിത്ര ഭാഷയുടെ / ചലച്ചിത്ര വ്യാകരണത്തിന്‍റെ അടിസ്ഥാനമര്‍മ്മങ്ങളുടെ അപഗ്രഥനമാണ് താന്‍ നടത്തുന്നതെന്ന ഉത്തമബോധ്യം. രൂപിമവും സ്വനിമവുമില്ലാതെ ഭാഷയില്ല. ചലച്ചിത്ര ഭാഷയ്ക്കും സിനിമാ വ്യാകരണത്തിനും അതിന്‍റേതായ രൂപിമ സ്വനിമങ്ങളുണ്ട്. വ്യത്യസ്തമായ നിലയില്‍ അവയെ കണ്ടെടുത്ത് അപഗ്രഥിക്കുകയാണ് സാബുശങ്കര്‍ ഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ഇതിലെ പഠനങ്ങളുടെ ആഴവും പരപ്പും മാത്രമല്ല വിവരങ്ങളുടെയും ആശയങ്ങളുടെയും കൃത്യതയും സൂക്ഷ്മതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആധികാരികതയുടെ ഒരു ടച്ചും ടോണും ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു. 


ഗ്രന്ഥത്തിന് മൂന്നു ഭാഗങ്ങള്‍ -മൂന്ന് പര്‍വ്വങ്ങള്‍. പൂര്‍വ്വപര്‍വ്വം, മധ്യപര്‍വ്വം, ഉത്തരപര്‍വ്വം എന്നു വിഭജിച്ചിട്ടുള്ള പ്രമേയ സംവിധാനത്തിനു തന്നെ പ്രത്യേകതയുണ്ട്. ആശയബഹുലതയുടെ സമൃദ്ധ വായനയെ ഈ പര്‍വ്വാസൂത്രണം പ്രചോദിപ്പിക്കുന്നു. ഇന്‍ഡ്യന്‍ സിനിമ പിന്നിട്ട വഴികളില്‍ തുടങ്ങുന്ന അന്വേഷണം ജനപ്രിയ സിനിമയുടെ രൂപമാറ്റങ്ങളിലൂടെ ദൃശ്യസാഹിത്യാപഗ്രഥനത്തിന്‍റെ സൂക്ഷ്മ വഴികളിലൂടെ,. ജോണ്‍ അബ്രഹാമിന്‍റെ നേര്‍ക്കാഴ്ചയിലൂടെ പൂര്‍വ്വപര്‍വ്വത്തില്‍ സഞ്ചരിക്കുന്നു. ജനപ്രിയ സിനിമയെപ്പറ്റി എഴുതുമ്പോള്‍ څനമുക്കു വേണ്ടത് മലയാളിത്തത്തിന്‍റെ മലയാള സിനിമ. എന്നാല്‍ പലപ്പോഴും നിര്‍മ്മാതാക്കള്‍ സൃഷ്ടിക്കുന്നത് ചലച്ചിത്ര സൃഷ്ടികളല്ലാ, ചലച്ചിത്ര ബലൂണുകളാണ്. ഈ ബലൂണുകള്‍ പൊട്ടാന്‍ അധികം നേരമൊന്നും വേണ്ടെന്ന് നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകچ എന്ന് ഗ്രന്ഥകാരന്‍ താക്കീതു ചെയ്യുന്നു. څഒരു കഥയെ അവതരിപ്പിക്കാനുള്ള മാധ്യമമല്ല സിനിമچ എന്ന് എഴുതുമ്പോള്‍ മാധ്യമത്തിന്‍റെ വ്യാകരണം മനസ്സിലാക്കിയ എഴുത്തുകാരന്‍റെ സാന്നിദ്ധ്യം വ്യക്തമാകുന്നു. ദൃശ്യസാഹിത്യത്തെക്കുറിച്ചുള്ള പഠനം പ്രാധാന്യമര്‍ഹിക്കുന്നു. മലയാളത്തില്‍ ഇനിയും പിറക്കേണ്ടിയിരിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമായ ദൃശ്യസാഹിത്യരചനയുടെ ആദ്യപാഠമായി ആ പഠനം മാറുന്നുണ്ട്. 


സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന പ്രൗഢപഠനങ്ങളാണ് ഗ്രന്ഥത്തിന്‍റെ മധ്യപര്‍വ്വത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തോമസ് ഏലിയായുടെ ചലച്ചിത്ര വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന പ്രബന്ധം, മാര്‍ത്ത മെസറോസിന്‍റെ ദൃശ്യവ്യാഖ്യാനങ്ങള്‍, ഹംഗേറിയന്‍ സിനിമയുടെ ആധാരശിലകള്‍ തുടങ്ങിയ ഗൗരവ പഠനങ്ങളാണ് ഈ പര്‍വ്വത്തിന്‍റെ പ്രത്യേകത. ഐസന്‍സ്റ്റീനിന്‍റെ അനുയായിയായിരുന്ന ബേലാ ബലാസിന്‍റെ ചലച്ചിത്ര വീക്ഷണങ്ങളെ ഇത്രയും വിശദമായി മലയാളത്തിലാരും രേഖപ്പെടുത്തിയിട്ടില്ല.


ഉത്തരപര്‍വ്വത്തിലെ മുഖ്യ നിരീക്ഷണങ്ങള്‍ ചലച്ചിത്രപാണിനിയായ കുലെഷോവിനെ കുറിച്ചുള്ളതാണ്. വീക്ഷണകോണ്‍, നൈരന്തര്യഘടന, അഭിനയരീതി തുടങ്ങിയവയെ കുലെഷോവ് എങ്ങനെ സിനിമയുടെ വ്യാകരണമാക്കി വികസിപ്പിച്ചു എന്ന് ഇവിടെ വിശദമാക്കപ്പെടുന്നു. അമേരിക്കന്‍ മൊണ്ടാഷ് എന്നും റഷ്യന്‍ മൊണ്ടാഷ് എന്നും രണ്ടുവിധം മൊണ്ടാഷിനെ വേര്‍തിരിച്ച കുലെഷോവിനെ മലയാളികള്‍ ഏറെയങ്ങനെ അറിഞ്ഞിട്ടില്ല. സാബുശങ്കറിന്‍റെ ഈ പഠനം ആ കുറവ് നികത്തി. സിനിമയുടെ ആസൂത്രണം എങ്ങനെയാകണം എന്നതിനെപ്പറ്റി സുചിന്തിതമായ കാഴ്ചപാടുകള്‍ സാബുശങ്കര്‍ ഈ ഗ്രന്ഥത്തില്‍ അവിടവിടെ അവതരിപ്പിക്കുന്നുണ്ട്. ചലച്ചിത്ര ഭാഷയുടെ രൂപവത്ക്കരണം തത്വചിന്തയിലൂടെ എന്ന ഖണ്ഡം വളരെ കൗതുകമുണര്‍ത്തുന്നു. ദാന്തെയും ഭാരതമുനിയും വാമനനും ക്രോച്ചേയും ബര്‍ക്കും പിക്കാസ്സോയും ടോള്‍സ്റ്റോയിയും ഏലിയട്ടും ജോര്‍ജ്ജ് ലൂക്കാച്ചുമൊക്കെ ചലച്ചിത്ര പഠനത്തില്‍ കടന്നു വരുന്നത് ശ്രദ്ധയോടെയേ സമീപിക്കാനാവൂ. അറുപതുകളില്‍ പ്രബലമായ ചിഹ്നശാസ്ത്രം സിനിമയുടെ വ്യാകരണത്തെ എങ്ങനെ സ്വാധീനിച്ചു എന്നും, മാറ്റി മറിച്ചു എന്നും രേഖപ്പെടുത്തുന്ന പഠനം പുതിയ സിനിമാ സാഹചര്യങ്ങളില്‍ അത്യന്തം പ്രസക്തമാണ്. څധ്വനിچ കാവ്യശാസ്ത്ര സംബന്ധിയായ ഒരു സങ്കല്പനമാണ്. എന്നാല്‍ അത് ചലച്ചിത്രഭാഷയിലും പ്രസക്തമാകുന്നത് എങ്ങനെയെന്ന് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


വിശ്വസിനിമയിലെ നവഭാവുകത്വത്തെ സങ്കേതജഡിലത ഒട്ടുമില്ലാതെ അടയാളപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. എന്നാല്‍ അവ വിവരണാത്മകമോ ചരിത്രാത്മകമോ ആകുന്നുമില്ല. ഇന്ത്യന്‍ സിനിമയിലെ ചില കാലങ്ങളും ചില വ്യക്തികളും ഈ പഠനങ്ങളിലൂടെ കൂടുതല്‍ പ്രസക്തരായിരിക്കുന്നു. മലയാള സിനിമ നേരിടുന്ന സൗന്ദര്യദര്‍ശനപരവും ആസൂത്രണപരവുമായ പ്രതിസന്ധികളെ നിര്‍മ്മമമായി വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട്. സാബുവിന്‍റെ ചിന്തകളിലൂടെ ജോണ്‍ എബ്രഹാമും പ്രിയദര്‍ശനുമൊക്കെ പുതിയ പരിവേഷമണിയുന്നു. 


കുറെ ചലച്ചിത്ര പഠനങ്ങള്‍ ചേര്‍ത്തു വച്ചു പുസ്തകമാക്കിയതല്ല ഈ ഗ്രന്ഥം. നവസിനിമയെ കുറിച്ചും ഇനി പിറക്കേണ്ട സിനിമ, സംസ്ക്കാരത്തെ കുറിച്ചും വ്യക്തമായ ഒരു ചിന്താപശ്ചാത്തലത്തിലാണ് ഇതിലെ പഠനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഗ്രന്ഥത്തിന്‍റെ അടിത്തറ ഭദ്രമായത് അതുകൊണ്ടു തന്നെ.


(രൂപിമങ്ങള്‍ സ്വനിമങ്ങള്‍ സിനിമയുടെ രസദര്‍ശനങ്ങള്‍ എന്ന ചലച്ചിത്ര പഠന സമാഹാരം (മുഖവില 210 രൂപ) സ്പീഡ് പോസ്റ്റ് ചെലവടക്കം 150 രൂപയ്ക്ക് ലഭിക്കുന്നു. E-mail:admin@pusthakaniroopakan.com)

Publisher :Sunday Circle
Distributors : Prabhath Book House & Pusthaka Niroopakan
Price : Rs. 210

Similar Post You May Like

Recent Post

Blog Archive