ഓപ്ഷനുകൾ - കവിത


Rajesh Chithira
admin 08-09-2017 05:09 Poems 303

മുറിച്ചുമാറ്റിയ പൊക്കിൾക്കൊടിയുടെ

സെൽഫിക്കൊപ്പം ചേർത്തേക്കാവുന്ന നിയമാവലി. 

രണ്ടു സാധ്യതകളാണ്

നിങ്ങൾക്ക് മുന്നിൽ -

നോട്ട്:- നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ അസ്ഥിരമാണ്

ഓപ്ഷൻ 1: രാജ്യദ്രോഹി 

ഓപ്ഷൻ 2: തീവ്രവാദി.

ഈ പ്രത്യേക സാഹചര്യത്തിൽ

ദുർബലന്റെ ശബ്ദമാവുകയാണ്

നിങ്ങളെങ്കിൽ 

1

അല്ലെങ്കിൽ

2

നോട്ട്: 

തിരഞ്ഞെടുക്കാതിരിക്കാനുള്ള സ്വാതന്ത്യം

നിങ്ങളുടെ മൗലികാവകാശമാണെങ്കിലും

ഇതിലൊന്ന് നിങ്ങൾ ജീവിക്കുന്ന ഇടത്തിനനുസരിച്ച്

നിങ്ങളുടെ പേർക്ക് ചേർക്കാനുള്ള 

ഞങ്ങളുടെ സ്വാതന്ത്ര്യത്തെ അത് റദ്ദ് ചെയ്യുന്നില്ല -

കാരണം,

ഞങ്ങൾ രാജ്യസ്നേഹികളാണ്

ഞങ്ങൾ നിയമപാലകരാണ്

ഞങ്ങൾ ഭരിക്കുന്നവരാണ്

നിങ്ങളുടെ ജീവിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്യം

ഞങ്ങളുടെ ഔദാര്യമാണ്.

ഉദാരമതികളായ രാജാക്കന്മാർ

തങ്ങളുടെ നീതി നടപ്പാക്കും വരെ

ഓപ്ഷനുകൾ സ്വീകരിച്ച്

ക്ഷമയോടെ കാത്തിരിക്കുക.

നിങ്ങൾ പങ്കെടുക്കേണ്ട

നിങ്ങൾ ഐക്യപ്പെടെണ്ട

നിങ്ങൾ ഒച്ചപ്പെടേണ്ട

ഇടങ്ങൾ

നേരങ്ങൾ

സ്ഥലങ്ങൾ

വിഷയങ്ങൾ

ലിസ്റ്റ് ഞങ്ങളുടേതാണ്

ആയുധധാരികളായ 

ഞങ്ങളുടെ 

പോലീസ് / സൈനികർ

ഞങ്ങൾ 

നിർമ്മിക്കുന്ന നിയമങ്ങൾ 

ഞങ്ങളെ 

നിങ്ങളിൽ നിന്ന് സംരക്ഷിക്കും.

നിങ്ങളുടെ ഇടവേളകൾ 

ഞങ്ങൾ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളാൽ

ആനന്ദകരമാക്കുമല്ലോ

ഇവിടെ 

ഓപ്ഷൻ ഒരു സാധ്യതയല്ലെന്ന്

പ്രത്യേകം ഓർക്കുമല്ലോ?

Similar Post You May Like

Recent Post

Blog Archive