നിര്‍ത്തൂ , രാഷ്ട്രീയത്തിലെ മതവെറി ശബ്ദങ്ങള്‍


Sabu Sankar
admin 16-09-2017 10:39 News 504

ഭാരതീയ ജനസംഘത്തിന്‍റെ രാഷ്ട്രീയ തത്വശാസ്ത്രമായ, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ആവിഷ്ക്കരിച്ച ഇന്‍റിഗ്രല്‍ ഹ്യൂമനിസം എന്ന സമഗ്ര മാനവികതാ ദര്‍ശനത്തെ മനസ്സിലാക്കുന്നവര്‍ ഭാരത രാഷ്ട്രനിര്‍മ്മാണ പ്രക്രിയയെ പുരോഗതിക മാക്കുകയാണ് ചെയ്യുക. ജാതി മത ഭേദമന്യേ ഓരോ പൗരന്‍റേയും സമഗ്രമായ ഉന്നമനവും മൊത്തത്തിലുള്ള സമൃദ്ധിയുമാണ് അത് ലക്ഷ്യമിടുന്നത്. അതില്‍ ഹിന്ദുരാഷ്ട്രവാദവുമില്ല. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍ റോയിയുടെ സിദ്ധാന്തമായ റാഡിക്കല്‍ ഹ്യൂമനിസത്തിന്‍റെ (സമൂല പരിഷ്കരണ മാനവികത) പൊരുളിനെ ഭാരതീയ രാഷ്ട്രീയ വ്യവസ്ഥയുമായി പരാവര്‍ത്തനം ചെയ്തുകൊണ്ടുള്ളതാണ് ഇന്‍റിഗ്രല്‍ ഹ്യുമനിസമെന്ന് നിര്‍വചിക്കാവുന്നതാണ്. മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണസ്വരാജ് ഉള്‍പ്പെടെയുള്ള തത്വശാസ്ത്രവുമായി അതിന് അഭേദ്യമായ സാദൃശ്യമുണ്ട്. 

പൗരന്‍റെ ഭൗതികവും ആത്മീയവും മാനസികവും ബൗദ്ധികവുമായ വികാസവും സമൂഹത്തിന്‍റെ ആകമാന വികാസവും വിവരിക്കുന്നതാണ് ഇന്‍റിഗ്രല്‍ ഹ്യൂമനിസം. ഇത്തരം മാനവികതാദര്‍ശനങ്ങള്‍ക്ക് നേര്‍വിപരീതത്തില്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ തീവ്രഹിന്ദുത്വ നിലപാടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മതേതരത്വത്തിനെതിരെയും സ്വതന്ത്രചിന്തകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ ക്കെതിരെയും നിരന്തരം വ്യാപകമായി ശബ്ദിക്കുമ്പോള്‍ അത് വാസ്തവത്തില്‍ ഇന്ത്യന്‍ അഖണ്ഡതയെയാണ് പ്രതികൂലമായി ബാധിക്കുക. ഫലമോ, ആദ്യം മുസ്ലീം ഭൂരിപക്ഷപ്രദേശമായ ജമ്മുകാശ്മീര്‍ വിഭജിതമാകുന്ന സാഹചര്യം ഭാവിയിലുണ്ടാകാം. പിന്നാലെ ഖലിസ്ഥാന്‍, ജാര്‍ഖണ്ഡ് സ്വതന്ത്രവാദങ്ങള്‍ ശക്തിപ്പെടാം. മാരകമായ അത്യാധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടാം. ചാതുര്‍വര്‍ണ്യ-ഫ്യൂഡല്‍-വൈദിക-സവര്‍ണ്ണ ആധിപത്യ ആചാരങ്ങള്‍ രാഷ്ട്രീയത്തിലും സംസ്കാരത്തിലും കലര്‍ത്തിയാല്‍ ഭൂരിപക്ഷ ശൂദ്രജാതി രാഷ്ട്രീയം ഉയര്‍ന്നുവരാം.  

ഇന്തോ-ഇറാനിയന്‍ ആര്യവംശത്തിന്‍റെ സിന്ധുനദീ തടത്തിലേക്കുള്ള കുടിയേറ്റവും അവരുടെ വേദകാല - ഇതിഹാസകാല സംസ്കാരവുമാണ് സവര്‍ണ്ണഹിന്ദു പാരമ്പര്യം.  ഇന്ദ്രന്‍, സോമ (ചന്ദ്രന്‍), വരുണന്‍, അഗ്നി തുടങ്ങിയ ആദിമദൈവങ്ങളെ നിഷ്കാസനം ചെയ്തുകൊണ്ടാണ് ഇതിഹാസങ്ങളിലെ ദൈവങ്ങളായ ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതത്തിലെത്തിയത്. ഇതിഹാസ കാലത്തിനുമുമ്പ് ശ്രീരാമനും ശ്രീകൃഷ്ണനും മനുഷ്യചരിത്രത്തിലില്ല. അപ്പോള്‍ ആ പഴയ ദൈവങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?  അവര്‍ക്കായി ഉണ്ടാക്കിയ ആരാധനാലയങ്ങള്‍ക്ക് എന്തു സംഭവിച്ചു? അമ്പും വില്ലുമേന്തിയ പോരാളിയായ ശ്രീരാമനല്ല യഥാര്‍ത്ഥത്തില്‍ രാമായണത്തിലുള്ളത്. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും ഉന്നതമായ സാരാംശങ്ങള്‍ അക്രമങ്ങളെ പ്രചോദിപ്പിക്കുന്നതല്ല. മറിച്ച് ബുദ്ധിയേയും അറിവിനേയും പ്രകാശിപ്പിക്കുന്നതാണ്. അത് പുറം വായനയിലൂടെയല്ല മനസ്സിലാവുക. ജ്ഞാനവായനയിലൂടെയാണ്. څലെക്ടിയോ ഡിവൈനچ  എന്ന് ലാറ്റിനില്‍ പറയും. ജ്ഞാനവായനയില്‍  വസുദേവനിലെ വസു എന്നത് പ്രാണനും  ദേവകി എന്നത് ശരീരവുമാണ്.  പ്രാണ-ശരീരങ്ങളുടെ സംയോജനത്തില്‍ നന്ദലാലാ അഥവാ ആനന്ദരൂപന്‍ ഉണ്ടാകുന്നു.  അനന്തമായ ആനന്ദം നീലനിറത്തിലൂടെ പ്രതീകവല്ക്കരിക്കുന്നു. അതാണ് ശ്രീകൃഷ്ണന്‍. അതാണ് അവതാരം. മനുഷ്യജനനമല്ല. ശ്രീകൃഷ്ണനെ മനുഷ്യചരിത്രത്തിന്‍റെ ഭാഗമാക്കി പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ജഞാനവായനയ്ക്ക് യോഗ്യരല്ലാത്തവരാണ്. ജ്ഞാനവായനയിലൂടെ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും ഉന്നതമായ മനുഷ്യമനശ്ശാസ്ത്ര ഗ്രന്ഥം ഭഗവത് ഗീതയാണ്. അതു മനസ്സിലാക്കിക്കൊണ്ടാണ് യൂറോപ്യന്‍-ക്രിസ്ത്യന്‍ സമ്പന്നരാജ്യമായ ഡെന്‍മാര്‍ക്കില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത്ഗീത പാഠപുസ്തക മാക്കിയിരിക്കുന്നത്. 

ആര്യവംശ- ഉത്തരേന്ത്യന്‍ രാഷ്ട്രീയം, വംശീയ ചിന്തകളിലേക്ക് നയിക്കപ്പെടാം. വംശീയരാഷ്ട്രീയം വിഭാഗീയതക്ക് വഴിതെളിക്കുമെന്ന് ശ്രീലങ്കയിലെ സമീപകാല തമിഴ്-സിംഹള വംശീയയുദ്ധം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ആര്യവംശ-സവര്‍ണ്ണ-മതരാഷ്ട്രീയം ആധിപത്യം ഉറപ്പിക്കുക യാണെങ്കില്‍  ദക്ഷിണേന്ത്യയില്‍ ദ്രാവിഡവംശ- ദ്രാവിഡകഴക - പ്രാദേശിക- സ്വയം നിര്‍ണ്ണയാവകാശ  വിഭജനവാദവും ബലവത്താകാനാണ് സാധ്യത. തമിഴ്ദ്രാവിഡ സ്വതന്ത്ര രാജ്യത്തിനു നിലകൊണ്ട എല്‍.റ്റി.റ്റി.ഇ.-യെ ശ്രീലങ്കന്‍ സിംഹളസേന യുദ്ധം ചെയ്തൊതുക്കി എന്നു പറയുന്നത് മാധ്യമങ്ങള്‍ വിതറിയ തെറ്റായ വാര്‍ത്തയാണ്. എല്‍.റ്റി.റ്റി.ഇ.-യുടെ പ്രതിരോധശക്തി പാടെ നഷ്ടമായതിനു കാരണം 2004-ലെ സൂനാമിയാണ്. സൂനാമിയില്‍ എല്‍.റ്റി.റ്റി.ഇ. തകര്‍ന്നു. പതിനായിരക്കണക്കിന് എല്‍.റ്റി.റ്റി.ഇ. സൈനികര്‍ മൃതിയടഞ്ഞു.സൂനാമി ഇല്ലായിരുന്നുവെങ്കില്‍ ജാഫ്നയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

ഭൂരിപക്ഷ തീവ്രമതമൗലിക വാദം അസഹിഷ്ണുതയ്ക്കു മാത്രമല്ല ഇന്ത്യയുടെ ആഭ്യന്തര അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. സമാധാനവും സാമൂഹ്യ സുരക്ഷയും ചോര്‍ന്നുപോകും. അത്യാധുനിക ആയുധങ്ങളാലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രയോഗങ്ങള്‍ കൊണ്ട് എന്താണ് സംഭവിക്കുക എന്നത് മനസ്സിലാക്കാന്‍ സിറിയയിലേക്ക് കണ്ണു നട്ടാല്‍ മതി. 

മ്യാന്‍മറില്‍ നിന്ന് നാലുലക്ഷത്തോളം റോഹിന്‍ഗ്യ മുസ്ലീംകള്‍ സ്വരാജ്യം ഉപേക്ഷിച്ചതായാണ് ഇപ്പോഴത്തെ കണക്ക്. ഇതോടൊപ്പം ചേര്‍ത്തുവച്ച് വായിക്കേണ്ട വിഷയം റോഹിന്‍ഗ്യ മുസ്ലിംകളെ പിന്തുണച്ച് ഭീകരസംഘടനയായ അല്‍ ഖായിദ രംഗത്തെത്തിയിരിക്കുന്നതാണ്. ഇനി മ്യാന്‍മറിലെ  ഭൂരിപക്ഷ വര്‍ഗ്ഗീയ രാഷ്ട്രീയം നേരിടാന്‍ പോകുന്ന വിപത്തുകള്‍ ഊഹിക്കാവുന്നതേയുള്ളു. പ്രശ്നത്തിന്‍റെ മറ്റൊരു മുഖം റോഹിന്‍ഗ്യ മുസ്ലീംകള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഐ.എസ്. ഇവരെ ഉപയോഗിക്കുമെന്നുമുള്ള നിഗമനമാണ്. 

കൈയ്യടി നേടാനും നേതാവാകാനും പദവികള്‍ അലങ്കരിക്കാനും വോട്ടുബാങ്കു കള്‍ കയ്യടക്കാനും വേണ്ടി നടത്തുന്ന ബാലിശമായ തീവ്രമതമൗലികവാദ പ്രസംഗങ്ങളും പ്രചരണവും ചണ്ഡാല ശബ്ദങ്ങളാണ്. അത് അപരിഹാര്യമായ ദുസ്ഥിതിയെയാണ് മാടിവിളിക്കുക. 

മതേതരത്വ വീക്ഷണ ലംഘനം ഇന്ത്യന്‍ ഭരണഘടനാവിരുദ്ധമാണ്. പൗരന്‍റെ മൗലിക സ്വാതന്ത്യത്തെ ഹനിക്കുക എന്നാല്‍ ജനാധിപത്യ സങ്കല്‍പ്പത്തെ മുറിപ്പെടുത്തുക എന്നതാണ്. ജനാധിപത്യ വ്യവസ്ഥയുടെ വികസ്വരമായ ക്ഷേത്രഗണിത മാതൃകയില്‍ നിന്നുകൊണ്ട് സ്വാതന്ത്യം, സാഹോദര്യം, സമത്വം എന്നിവ പരിപോഷിപ്പിക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ധര്‍മ്മം. 

മാധ്യമ പ്രവര്‍ത്തനവും കലാ-സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തനവും ജനാധിപത്യ മൂല്യസംരക്ഷണത്തിന്‍റെ അടിസ്ഥാന ഘടകങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ഇത് ധിക്കരിച്ചുകൊണ്ടുള്ള വാചാടോപം നടത്തുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയാലും നഗണ-യുഗള-യുഗ-മൊടുസ ശശികലാ വൃത്തമഞ്ജരി സ്വരജതികള്‍ തെറ്റിച്ചു പാടിയാലും ചരിത്രത്തിനു മുന്നില്‍ അവര്‍ ചണ്ഡാല ജന്മങ്ങളാണ്. ചണ്ഡമൃഗങ്ങളാണ്. ബുള്ളറ്റുകള്‍ കൊണ്ടാണ് മറുപടി പറയുന്നതെങ്കില്‍, നരേന്ദ്ര ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ്-വധശ്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെങ്കില്‍, അതിന് കൂലിപ്പടയാളികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍, ആ പാപത്തിന്‍റെ ശമ്പളം എന്തായിരിക്കുമെന്ന് കഴിഞ്ഞകാല സ്ഫോടന പരമ്പരകളില്‍ നിന്ന്  നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ബുള്ളറ്റുകള്‍ക്കു പകരം ചര്‍ച്ചയ്ക്കും ആശയ സംവാദത്തിനും  അവസരമുണ്ടാകുമെങ്കില്‍ മാത്രമേ ജനാധിപത്യ സങ്കല്‍പ്പത്തിനും ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പ്പത്തിനും നിലനില്‍പ്പുണ്ടാകൂ. ഇന്ത്യയെ സംരക്ഷിക്കുവാന്‍ അതിര്‍ത്തിയിലും സമുദ്രത്തിലും ആകാശത്തും ഓരോ നിമിഷവും ജീവന്‍ ത്യജിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരില്‍ ന്യൂനപക്ഷങ്ങളുമുണ്ടെന്ന് എപ്പോഴും ഓര്‍മ്മവേണം. 

ഒമാന്‍ എന്ന രാജ്യം  മുസ്ലീം രാജഭരണ സമ്പ്രദായത്തിന് കീഴിലായിട്ടുപോലും അവിടെ എല്ലാ സഭകളുടെയും ദൈവാലയങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ആ വിശാല മനസ്കതയും കാഴ്ചപ്പാടും നമുക്ക് ഒരു പാഠഭേദമാകണം. മറ്റൊരു മുസ്ലീം രാജ്യമായ യമനില്‍ അനാഥ വൃദ്ധരെ പരിപാലിക്കുന്ന അഗതിമന്ദിരം നടത്തിക്കൊണ്ടുപോകുന്നതിന് സലേഷന്‍ മിഷനറിമാരെയാണ് പ്രത്യേക ഗവണ്‍മെന്‍റ് ക്ഷണിച്ചത്. അത് ധനസമ്പാദനത്തിനും മതപരിവര്‍ത്തനത്തിനും വേണ്ടിയാണെന്ന് ആരോപിക്കുന്നവരുടെ അജണ്ടയില്‍ നിഴല്‍പാടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങളുള്ളത് വത്തിക്കാനിലാണ്. അവിടെ മതങ്ങളുടെ മനുഷ്യത്വവും മനുഷ്യത്വത്തിന്‍റെ രാഷ്ട്രീയവും രണ്ടു തട്ടിലല്ല. വ്യത്യസ്ത മതങ്ങളാണെങ്കിലും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലുള്ള ഹൃദ്യതയും ഊഷ്മളതയും പാരസ്പര്യവും എവിടേയും ഉണ്ടാകേണ്ടിന് ഒരു ഉത്തമ മാതൃകയാണ് സലേഷ്യന്‍ സഭാ മിഷനറി വൈദികനെ വിമോചിപ്പിച്ചതിലൂടെ ഒമാനും വത്തിക്കാനും  മനുഷ്യലോകത്തിനു മുന്നില്‍ വെളിച്ചപ്പെടുത്തുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീവ്ര-സവര്‍ണ്ണ-ഹിന്ദുത്വവാദത്തെ  പ്രോത്സാ ഹിപ്പിക്കുകയാണെങ്കില്‍ ലോകജനതയും ഐക്യരാഷ്ട്ര സഭയിലെ അംഗരാഷ്ട്ര ങ്ങളും ഇന്ത്യയുമായുള്ള സഹകരണത്തെ സംശയിക്കാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയിലേക്ക് നരേന്ദ്രമോദി ഉയരുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നിരിക്കലും രാഷ്ട്രീയത്തിന്‍റെ അടിത്തട്ടിലെ ചണ്ഡാല ശബ്ദങ്ങള്‍ വിഭാഗീയതയെ തന്നെയാണ് വളര്‍ത്തുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെ അത് ദുര്‍ബലപ്പെടുത്തുകയാകും ചെയ്യുക.  ഹൈന്ദവ സഹോദരീസഹോദരന്മാര്‍ ഗള്‍ഫ്-സൗദി മുസ്ലീം രാജ്യങ്ങളിലും യൂറോപ്യന്‍- അമേരിക്കന്‍ ക്രൈസ്തവ രാജ്യങ്ങളിലും ജീവിക്കുന്നുണ്ടെന്ന കാര്യം ആരും അവഗണിക്കരുത്. ജാതി-മത-വംശ-ദേശ ഭേദമെന്യേ പൗരന്മാര്‍ ഒത്തൊരുമിച്ച് കൈകോര്‍ത്ത് നീങ്ങുവാന്‍ സമയസൂചി മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഡമോക്രസിയാണോ (ജനാധിപത്യം) അതോ തിയോക്രസിയാണോ (മതാധിപത്യം) വേണ്ടതെന്ന് രാഷ്ട്രീയ പാര്‍ട്ടി തട്ടകത്തിലുള്ള ഓരോ പൗരനും ഉറപ്പിച്ച് വ്യക്തമാക്കട്ടെ. എന്നിട്ടാവാം പ്രസംഗധൂര്‍ത്തത.

Similar Post You May Like

Recent Post

Blog Archive