ഇടവഴിയിലെ കാമാക്ഷിമാർ - കഥ


Sreekala .R
Writer
admin 24-09-2017 10:56 Stories 524

കാമാക്ഷി വേഗം നടന്നു.

സന്ധ്യ മയങ്ങുവാൻ ഇനി അധിക സമയമില്ല.. തീയേറ്റർ കഴിഞ്ഞുള്ള ഇടവഴിയെ പോയാൽ  ശംഖുപുഷ്പം വാരികയുടെ ഓഫീസിന്റെ ഇടത്ത് വശത്തുള്ള റോഡിൽ എത്താം..പിന്നെ ക്രോസ്സ് ചെയ്തു പുത്തൂരം ഷോപ്പിംഗ് കോംപ്ലക്സിന്റെ വലത്തു വശെ കയറി പത്ത് മിനിട് നടന്നാൽ വീടായി.

നേരെ മെയിൻ റോഡേ പോയാൽ അര മണിക്കൂർ എടുക്കും.. പിന്നെ തുരുതുരാ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന വണ്ടികളും...

കാമാക്ഷി ഇടവഴിയിൽ പ്രവേശിച്ചു.

കൈയിലുള്ള പലചരക്കു വ്യഞ്ജനങ്ങൾ നിറഞ്ഞ സഞ്ചിയിൽ നിന്നും സഞ്ചിക്കുള്ളിൽ ഇരിക്കുവാനുള്ള പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് പടവലങ്ങയും കറിവേപ്പിലത്തണ്ടും പുറത്തേക്കു തുറിച്ചു നോക്കി ഇരിക്കുന്നു.

കാമാക്ഷി ഇരുപതു മീറ്റർ നടന്നിരിക്കണം... പുറകിൽ നിതംബത്തിൽ ശക്തിയിലുള്ള ഒരു തട്ട് കൊണ്ട് നടുങ്ങിത്തിരിഞ്ഞു...

അപ്പോഴുണ്ട്... പഴയങ്ങാടിക്കവലയേ തന്റെ പേനാക്കാത്തി മുനയിലും, പിന്നെ അരിവാൾ നാക്കിലും വിറപ്പിച്ചു നിർത്തുന്ന കവലച്ചട്ടമ്പി  ചിരട്ടവാസു...

ഒന്നുമറിയാത്തഭാവത്തിൽ ഒരു വഷളൻ ചിരിയും ചിരിച്ചു അവളേക്കടന്നു മുന്നോട്ടു നീങ്ങി.

കാമാക്ഷി സാത്വികഭാവം വെടിഞ്ഞു... അരിവാളും പേനാക്കത്തിയും മറന്നു...

ഒട്ടും താമസിക്കാതെ  നിലത്ത് നിന്ന് ഒരു കല്ലെടുത്ത് ഒറ്റയേറ്..! ലക്ഷ്യം പിഴച്ചില്ല...

ചിരട്ട വാസുവിന്റെ കണ്ണുകളിൽ ആയിരക്കണക്കിന്  പണയം വെക്കാൻ ഉപകാരപ്പെടാത്ത പൊന്നീച്ചകൾ പറന്നു നടന്നു... അവൻ വഴിയിൽ തലകറങ്ങി കുന്തിച്ചിരുന്നു പോയി.

വഴിയിലൂടെ ഒന്ന് രണ്ടു പുരുഷന്മാർ നടന്നു വരുന്നുണ്ടായിരുന്നു...

അവർ വാസുവിന്റെ ഇരിപ്പ് കണ്ടു ഓടി അടുത്ത് കൂടി... കാമാക്ഷിയാവട്ടെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അവിടെത്തന്നെ തറഞ്ഞു നിന്നു...

വന്നവർ വാസുവിനെ പിടിച്ചുപൊക്കി.

"എന്ത് പറ്റി വാസു?" ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് വേലായുധൻ കണ്ടത് വാസുവിന്റെ  തലയിൽ നിന്ന് ചോര ഒലിച്ചു ചെന്നിയിലേക്കിറങ്ങുന്നു...

വാസു സംഭവത്തെ നിസ്സാരവത്കരിക്കുവാൻ ശ്രമിച്ചു..

"ഹേയ് ഒന്നുമില്ല ഒന്ന് തലകറങ്ങി വീണാതാ"

എന്നിട്ടു കാമാക്ഷിയുടെ നേരെ ഒന്ന് നോക്കി...

ആ നോട്ടം അവളോട് കരുണയോടെ മൊഴിഞ്ഞു... "കണ്ടില്ലേടീ ഞാൻ നിന്നെ രക്ഷിച്ചത്?"

കാമാക്ഷി വിട്ടില്ല..

"അല്ല വേലായുധാ .. ഞാൻ കല്ലെറിഞ്ഞു വീഴ്ത്തിയതാ.. ഇയാൾ എന്നെക്കേറിപ്പിടിച്ചു!"

പൊടുന്നനേ  അവിടെ ഒരു മൂകത പരന്നു..

കാൽനടക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു.

പെട്ടെന്നാണ് ആൾക്കാർക്കിടയിൽ നിന്നും ഒരു ശബ്ദം.

"അല്ലെടീ കാമാക്ഷി നീ ഇപ്പോൾ ഈ വഴി എവിടെ പോയി.. ? നിനക്ക് നേരെ ചൊവ്വേ കിടക്കുന്ന റോഡിൽ കൂടെ പോയാൽ പോരേ...?" ആ ചോദ്യം, കൂടിനിന്ന നാട്ടിലേ തൊഴിലില്ലാച്ചേട്ടന്മാർക്കൊക്കെ 'ക്ഷാ'പിടിച്ചു..

ചോദ്യകർത്താവിന്റെ നേരെ കാമാക്ഷി നോക്കി.

നാട്ടിൽ കവിയായി അറിയപ്പെടുന്ന ചിന്തകനാണ്. ആരാധകവൃന്ദങ്ങൾ ധാരാളം ഉള്ള കാർത്തികേയൻ!.. ഈയിടെ ഒരു സാഹിത്യഗ്രൂപ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്, തന്റെ 'കോഴിക്ക് മുല വന്നപ്പോൾ' എന്ന ചെറുകഥയിൽ 'മുല' എന്ന വാക്കുകൊണ്ട് മായാജാലം തീർത്തതിന്!

"അപ്പോൾ ചേട്ടാ ഈ വഴി മനുഷ്യർക്കുള്ളതല്ലേ?" തന്റെ അജ്ഞതയെ പഴിച്ചുകൊണ്ടു കാമാക്ഷി ചോദിച്ചു.

ചിന്തകൻ താടി ഉഴിഞ്ഞും കൊണ്ട് പ്രതിവചിച്ചു.

"അതെ കാമു... എന്നാലും എന്തെങ്കിലും സംഭവിച്ചാൽ... നീ ഒരു പെണ്ണ്.. നിനക്ക് അഭിമാനം എന്നാൽ ജീവനേക്കാൾ വലുത് എന്നോർക്കണ്ടേ?" സ്നേഹപൂർവ്വമു.. കരുതൽ നിറഞ്ഞ  ആ ചോദ്യം ചുറ്റുമുള്ള മാന്യന്മാർ മീശതടവിക്കൊണ്ടു ശരിവെച്ചു.

പിന്നെയും പിന്നെയും ചോദ്യശരങ്ങളുമായി ആൾക്കാർ കൂടി.

ചിരട്ടവാസു ഒറ്റ നിമിഷം കൊണ്ട് ഒരു രക്തസാക്ഷിയുടെ പരിവേഷവുമായി നടുക്ക് ഇരുന്നു. പെട്ടെന്ന് ഒരു സ്ത്രീശബ്ദം...

"അയ്യോ. വാസുച്ചേട്ടാ  ഇതെന്തോ പറ്റി? എന്റെ കർത്താവേ...!," ചിറയ്ക്കലെ ക്ലാര.

ഉണ്ടായ കാര്യങ്ങൾ നിമിഷനേരം കൊണ്ട് ചുണ്ടുകളിലൂടെ ഓടി അവളുടെ കാതിലെത്തി.

ക്ലാര കാമാക്ഷിയുടെ മുന്നിലെത്തി നിന്നു.. "എന്റെ കാമാക്ഷി .. വാസുച്ചേട്ടനേ  എനിക്ക് ശരിക്കറിയാം. നീ വിളിക്കാതെ അദ്ദേഹം നിന്റെ പുറകെ വരില്ല."

കാമാക്ഷി ചുറ്റും നോക്കി. എല്ലാ ജഡ്ജിമാരും പ്രതിയായ തനിക്കു നേരെ വിരൽ ചൂണ്ടുന്നു.

അവൾ സ്വതസിദ്ധമായ ധൈര്യത്തോടെ പറഞ്ഞു...
"ക്ലാരേ വീട്ടിൽ പോയിട്ട് എനിക്ക് അല്പം തിരക്കുണ്ടായിരുന്നു. ഈ വൃത്തി കെട്ടവൻ പുറകീന്ന് വന്നത് ഞാൻ അറിഞ്ഞു കൂടിയില്ല. ദൈവദോഷം പറയരുത്."

തന്നേ വൃത്തികെട്ടവനാക്കിയ കാമാക്ഷിയെ വാസു ഒന്ന് തുറിച്ചു നോക്കി... അവന്റെ തലയിൽ നിന്ന് അപ്പോഴും രക്തച്ചാലുകൾ ഒഴുകുന്നു... തന്റെ ക്ഷീണം മറന്നു ചിരട്ട വാസു ചാടി എണീറ്റു.

പിന്നെ നാവിന്റെ കെട്ടഴിച്ചു കാമാക്ഷിയെ പല വിശേഷണങ്ങളാൽ ആദരിച്ചു. അവസാനം ചുറ്റിനും നിന്ന സാംസ്കാരിക നായകന്മാർ അവനെ ഒരു വിധം സമാധാനിപ്പിച്ചൊതുക്കി. ക്ലാര വാ പൊളിച്ചു നിന്ന് പോയി..

"ഹോ എന്റെ വാസുച്ചേട്ടാ... എന്തൊരു പാണ്ഡിത്യം !!"

കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിൽ ആരോ ഒരു തൂവാലകൊണ്ടു വാസുവിന്റെ മുറിവ് അനുതാപപൂർവ്വം കെട്ടിക്കൊടുത്തു.

പിന്നെയും ചർച്ച കാമാക്ഷിയുടെയും ഇടവഴി സഞ്ചാരത്തിന്റെയും നേർക്ക്  തിരിഞ്ഞു.

"കാമാക്ഷി ഇനിയെങ്കിലും ഓർത്തോ... നീ ഇങ്ങനെ ഒറ്റയ്ക്ക് ഈ വഴിയെ വരരുത്."

"ചേട്ടാ.. എനിക്ക്‌ എത്രയും പെട്ടെന്ന് വീട് എത്തണ്ടേ?..."

"അതൊക്കെ ശരി എന്നാലും നീ പെണ്ണല്ലേ ?"

"ചേട്ടാ.. വീട് പുലർത്തുന്നത് ഞാനാണ്... പിന്നെ വീട്ടു ജോലികൾ..."

അത് വരെ നിശ്ശബ്ദനായി നിന്ന നാണു പെട്ടെന്ന് വാചാലനായി..

"നീ  അങ്ങനെ അഹങ്കാരം പറയല്ലെ... അപ്പോൾ നിന്റെ  കെട്ടിയോൻ പുഷ്പാംഗദൻ നോക്കുന്നില്ലേ? "

"ചേട്ടാ, ചേട്ടന് അറിയാമല്ലോ കിട്ടുന്നതിൽ മുക്കാൽ പങ്കും അങ്ങേര് ചേട്ടന്റെ കള്ള് ഷാപ്പിലല്ലേ തരുന്നത്? " 

പറഞ്ഞു പറഞ്ഞു കാമാക്ഷിക്ക് കരച്ചിൽ വന്നു ..

"ശേ.. എന്താ കാമാക്ഷീ ഇത്? സ്വന്തം ഭർത്താവിനെ ഇങ്ങനെ നാട്ടുകാരുടെ മുമ്പിൽ  കൊച്ചാക്കുന്നത് ഒരു കൊള്ളാവുന്ന സ്ത്രീക്ക് ചേർന്ന പണിയല്ല... "

കാമാക്ഷി ഇനി എന്ത് പറയണം എന്നറിയാതെ  നിന്നത് വിധികർത്താക്കളെ വല്ലാതങ്ങു സന്തോഷിപ്പിച്ചു.

കാമാക്ഷിയുടെ മേലുള്ള ആധിപത്യം ഊട്ടിയുറപ്പിച്ച് ലോനപ്പൻ പറഞ്ഞു...

"അതു കൊണ്ട് കാമാക്ഷീ... ഒരു പെണ്ണാണ് എന്നോർത്ത്... ഇങ്ങനെ ഇടവഴിയെ ഒക്കെ നടക്കാതെ നേർവഴിയേ പോകു..."

ദ്വയാർത്ഥമുള്ള തന്റെ മഹത്തായ പ്രസ്താവനയിൽ സ്വയം പുകഴ്ത്തി ലോനപ്പൻ ചുറ്റും നിൽക്കുന്നവരെ ഒന്നു നോക്കി.

കാമാക്ഷി നേരേ ലോനപ്പന്റെ  മുന്നിൽ ചെന്ന് നിന്നു. എന്നിട്ട് കണ്ണിൽ നോക്കി ചോദിച്ചു. 

"ചേട്ടാ ഈ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തത്തിന്റെ  പിരിവിന്  ചേട്ടനായിരുന്നില്ലേ  നേതൃത്വം നൽകിയത് ?"

ഒരു നിസ്സാര സംഭവം കേട്ടതു പോലെ ലോനപ്പൻ തല കുലുക്കി.

''അതേ... അതും ഇതുമായി എന്ത് ബന്ധം കാമാക്ഷി?" 

"ചേട്ടാ എന്റെ ബിജുക്കുട്ടന്റെ  സ്‌കൂൾഫീസും വേറെ കുറേ ആവശ്യങ്ങളും മാറ്റി വെച്ച് ഞാൻ പിരിവ് തന്നത് എത്രയാന്ന് ഓർമ്മയുണ്ടോ?''

ലോനപ്പൻ ഒന്നു തല ചൊറിഞ്ഞു.

"അതിപ്പം കാമൂ ഒരു പാട് പേര് തന്നു. ഒരു  പൊതുകാര്യത്തിനല്ലേ...? അതൊക്കെ..."

ഇടയ്ക്ക് കയറി കാമാക്ഷി തടയിട്ടു. 

"ഈ പരട്ട വാസു എത്ര തന്നു?" 

ലോനപ്പൻ മൗനമെന്ന ഭൂഷണം എടുത്തണിഞ്ഞ് പെട്ടെന്ന് വിദ്വാനായി! 

"ചേട്ടാ പിരിവിനു  ചെന്നപ്പോൾ  പേനാക്കത്തി കാട്ടി ഇയാൾ ചേട്ടനെ വിരട്ടി ഓടിച്ച കഥ അറിയാത്ത ആരെങ്കിലും നാട്ടിലുണ്ടോ?"

ഇത്രയും പറഞ്ഞ് വിധികർത്താക്കളുടെ ഓരോരുത്തരുടേയും  കണ്ണുകളിൽ നോക്കി ദൃഢതയോടെ കാമാക്ഷി പറഞ്ഞു...

"ഈ വഴി നിങ്ങളെ പോലെ എനിക്കും കൂടി  അർഹത പെട്ടതാണ്... പെണ്ണായത് കൊണ്ട് പിരിവോ മറ്റൊരു ചിലവോ ആരും എനിക്ക് എവിടെയും കുറച്ച് തരുന്നില്ല... ഈ ഇടവഴി മാത്രമല്ല നിങ്ങൾ ഓരോരുത്തരും അനുഭവിക്കുന്ന ഓരോ സൗകര്യങ്ങളിലും എന്റെയും വിഹിതമുണ്ട്... ഒരുത്തൻ  എന്നെ അപമാനിച്ചാൽ... !!!"

കൂടി നിൽക്കുന്നവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതറിഞ്ഞ ലോനപ്പൻ ഒരനുനയ സ്വരത്തിൽ നേതാവ് ചമഞ്ഞ് കാമാക്ഷിയോട് പറഞ്ഞു. 

"വിട് കാമാക്ഷീ... നിന്നെ ഒന്നു പരീക്ഷിക്കാൻ... " 

മുഴുവനാക്കും മുൻപ് കാമാക്ഷിയുടെ ശക്തമായ ഒരാട്ടിൽ ലോനപ്പൻ തെറിച്ചു പോയി. 

''ബ് ഫാ.... !!... പരീക്ഷിക്കാൻ താനാരാടോ. ഒടേതമ്പുരാന്റെ അപ്പനോ...?"

പിന്നെ ഒന്നും സംഭവിക്കാത്ത പോലെ കാമാക്ഷി  മുന്നോട്ട് നടന്നു നീങ്ങി. സഞ്ചിയിൽ നിന്നും പടവലങ്ങയും കറിവേപ്പിലയും തുള്ളിക്കൊണ്ട് ആൾക്കൂട്ടത്തെ നോക്കി കൊഞ്ഞനം കുത്തി.

* * *

Similar Post You May Like

Recent Post

Blog Archive