Progressive Writers Multi Lingual Web Journal Society & PeerBey Web Designing Present

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ


  Viju V Nair
  Writer
admin 29-07-2017 03:55 Selected articles 406
Play to hear this article

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു. കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്ന പദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി - കല്ല്യാണത്തിന് ക്ഷ്ണിച്ചില്ല, വിളിക്കാതെ വന്നവർ കയറി ഉണ്ടു, അടപ്രഥമന് ഉപ്പില്ല, ഊപ്പേരിക്ക് പുളിയില്ല ഇത്യാദി. സ്ഥിരം പംക്തികൾക്ക് എരിവ് പോരാഞ്ഞ് കുഞ്ഞൂഞ്ഞ് ആന്റ് കോയുടെ സമാന്തര ഉദ്ഘാടനം. തിക്കിത്തിരക്കിയ ഗാന്ധിയന്മാരെല്ലാം കൂടി എസ്കലേറ്റർ തകർക്കുന്നു,മെട്രോ കമ്പനി കേസ്സിനു പോകുന്നു. ചുരുക്കത്തിൽ ക്ഷണമൊത്ത അലമ്പ്. അലവലാതികൾ സംസ്ഥാന സമ്മേളനം നടത്തിയാൽ എന്തുണ്ടാവുമോ അതാണ് കൊച്ചി കണ്ടത്.

കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന ഭീഷണിയുടെ ആദ്യ ഗഡുവാണ് ഇക്കണ്ട രൂപം. ചെലവ് 6000 കോടി. ലോകൈക ഡയലോഗ് വിട്ടവർ വണ്ടി ഓടിത്തുടങ്ങാൻ നേരം ഒരു മുൻ‌കൂർ ജാമ്യമിറക്കുന്നു - ദിവസം 3.8 ലക്ഷം പേർ ടിക്കറ്റെടുത്തു കയറിയില്ലെങ്കിൽ മെട്രോ നഷ്ടക്കച്ചോടമാവുമെന്ന്‌. നാളിതുവരെയുള്ള ഓട്ടക്കണക്കെടുത്താൽ ഒരു ദിവസം പോലും ഇത്രയും പേർ വണ്ടി കയറിയിട്ടില്ല. പൂര മേളങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളും സംഗതി വിട്ടു. ഇനി സി.എ.ജിയുടെ കണക്കുപുസ്തകം വരുമ്പോഴായിരിക്കും പുകില്. അതുവരേയ്ക്ക് മെട്രോ മാഹാത്മ്യം വിളമ്പി നാട്ടുകാരെ നട്ടം തിരിക്കും. ഇതാണ് പ്രബുദ്ധ കേരളം ആർജ്ജിച്ചിരിക്കുന്ന പ്രകൃത വൈഭവം. - പിള്ളേരുകളി. ഒരുമാതിരിപ്പെട്ട സകല ഏർപ്പാടുകളിലും അതാണ് നാട്ടുനടപ്പെന്ന്‌ പറഞ്ഞാൽ പെട്ടന്ന് ആരും വിശ്വസിക്കില്ല.

മെട്രോ മാഹാത്മ്യത്തിൽ നിന്നുതന്നെ തുടങ്ങാം. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒറ്റമൂലിയെന്നു പറഞ്ഞായിരുന്നു പദ്ധതിയവതരണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫണ്ട് വീശിയതുകൊണ്ട് സൂപ്പർ സോണിക്ക് വേഗത്തിൽ സ്ഥലമെടുത്തു, പണി കഴിച്ചു. നാലെണ്ണമൊഴിച്ച് ഭൂമിയിലെ സകല മെട്രോ തീവണ്ടിപ്പരിപാടിയും ഒന്നാംകിട വെള്ളാനകളാണെന്ന കഥ നിൽക്കട്ടെ. കൊച്ചിയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നുണ്ടോ? വടക്ക് ആലുവായിൽ നിന്ന് കൊച്ചിയിലേക്കാണ് റെയിലിട്ടിരിക്കുന്നത്. ഇതേ റൂട്ടിൽ ആറ്‌ റോഡുകളും രണ്ട് ജല പാതകളും രണ്ട് തീവണ്ടിപ്പാതകളും നേരത്തേയുണ്ട്. അപ്പോൾ പതിനൊന്നാമൻ മാത്രമാണ് മെട്രോ. മാത്രമല്ല, മേപ്പടി റോഡുകളും തീവണ്ടിപ്പാതകളും തെക്കോട്ടുചെന്ന് കൊച്ചിയിൽ കയറി വീണ്ടും തെക്കോട്ട് നീണ്ടുപോകുന്നവയാണ്. ഇപ്പറഞ്ഞ ദീർഘമായ ഗതാഗത മാർഗ്ഗങ്ങളെ അവലംബിക്കുന്നവർ തന്നെ വേണം മെട്രോ പിടിക്കാൻ.

രണ്ട്, കൊച്ചിക്ക് പുറത്തുള്ളവരെല്ലാം വണ്ടിയും, വള്ളവും പുറത്തുവച്ചിട്ട് ഈ ശകടത്തിൽ സഞ്ചരിച്ചോളണം എന്ന് പ്രപഞ്ച നിയമമില്ല. പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ ഉപഭോക്താക്കളായി നല്ല മനുഷ്യരാകാൻ പ്രത്യേകിച്ചൊരു ഇൻസന്റീവും നാട്ടാർക്ക് കൊടുക്കുന്നുമില്ല ഇന്ത്യൻ റയിൽവേ. കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് നിരക്കുകളേക്കാൾ മുന്തിയ ടിക്കറ്റ് കൂലിയാണ് മെട്രോ തുടക്കത്തിലേ വസൂലാക്കുന്നത്.

മൂന്ന്‌, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗങ്ങളെ കൂറ്റൻ തൂണുകളും ഇടയ്ക്കിടെ സ്റ്റേഷനുകളും കൊണ്ട് വെട്ടിമുറിച്ച പണിയാണ് മെട്രോ ചെയ്തിരിക്കുന്നത്. ആലുവായിലും, പാലാരിവട്ടത്തുമല്ലാതെ ഒരിടത്തും പാർക്കിങ്ങ്‌ സൌകര്യമില്ല. സ്ഥലമുണ്ടായിട്ടുവേണ്ടേ അതൊരുക്കാൻ? ചുരുക്കത്തിൽ മെട്രോ ഓടുന്ന ദിക്കിലെല്ലാം കൂടുതൽ ട്രാഫിക് ഞെരുക്കം ഗ്യാരണ്ടി. സ്വന്തം വണ്ടിയുള്ളവർ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതുകൊണ്ട് ഈ ശകടം പിടിക്കുന്ന പ്രശ്നമില്ല. ഒരു കൌതുകത്തിന് വല്ലപ്പോഴുമൊന്ന് ചുറ്റിയടിക്കാൻ നോക്കുമെന്ന് മാത്രം. 

ഇതിലൊക്കെ ഗംഭീരമായ കുഴപ്പമുണ്ടാവുന്നത് എറണാകുളം നഗരത്തിലെ ചില്ലറ വ്യാപാരികൾക്കാണ്. മെട്രോ റൂട്ടിലാണ് ഈ വ്യാപാര മേഖലയുടെ ജീവ നാഡി. ആകാശം മറച്ചും റോഡ് മുറിച്ചും മെട്രോ വന്നതോടെ ആ നാഡി നിലച്ചു. കച്ചോടങ്ങൾ കാലിയാവുന്നു. അവിടങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടുന്നു. സ്ഥലം വിറ്റ് തുലക്കാമെന്നു വച്ചാൽ പോലും ഈ ഏടാകൂടങ്ങളിൽ ഭൂമി എടുക്കാൻ ആളില്ല. മെട്രോ മുതലാളിമാരും നഗരപിതാക്കളും തൊട്ട് സംസ്ഥാന നേതാക്കൾ വരെ ചൂണ്ടുന്നത് മറ്റൊരു വഴിക്കാണ്. ഹൈപ്പർമാളുകൾ, ലുലുമാൾ വന്ന് ചെറുകിട മാളുകളെ നേരത്തേതന്നെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞതാണ്. ഫലത്തിൽ കൊച്ചിയെ ലുലുവിൽ തളക്കുകയാണ് ഇംഗിതം. അഥവാ ഉപഭോഗത്തെ ഹൈപ്പർമാളുകളിൽ കേന്ദ്രീകരിക്കുക. കച്ചവടത്തിന്റെ ജനായത്തത്തിന് കർട്ടൻ.

ഈ അലമ്പെല്ലാം സഹിച്ചാലും മെട്രോ നഷ്ടത്തിലാവുമെന്ന ഗ്യാരണ്ടിയുള്ളതുകൊണ്ട് പദ്ധതി വീരന്മാർ അടുത്ത ഗഡു ഇറക്കുന്നു. ഒന്ന്, ഉംത. നഗരത്തിലെ ഓട്ടോയും, ടാക്സികളും ലൈൻ ബസുകളും മെട്രോ അച്ചുതണ്ടിൽ ഓടിക്കുന്ന സംവിധാനം. പാർക്കിങ്ങ്‌ പോയിട്ട് നിന്ന് തിരിയാൻ ഇടമില്ലാത്ത റോഡിന് മീതെയാണ് ഓരോ മെട്രോ സ്റ്റേഷനും. അവിടങ്ങളിലേയ്ക്ക് ഇപ്പറഞ്ഞ റോഡുവഴികളെല്ലാം കൂടി കേന്ദ്രീകരിച്ചാലുള്ള അലമ്പ് ഊഹിക്കുക. നഗരസഭയുടെ പഴയ പരിപാടിയായ വാട്ടർ മെട്രോയെ മെട്രോ പദ്ധതികാർ റാഞ്ചിയിട്ടുണ്ട്‌. ദ്വീപ് നിവാസികളെ പിടിക്കാനുള്ള പരിപാടി. 38 റൂട്ടിൽ പുതിയ 78 ബോട്ടുകൾ, ചങ്ങാടജട്ടികൾ, അവിടെയൊക്കെ ഷോപ്പിങ് സൌകര്യം. 1000 കോടിയുടെ പദ്ധതി ഏല്പിച്ചുകൊടുത്തിരിക്കുന്നത് ഏയ്കോം കൺസോർഷ്യം എന്ന ആഗോള ഭീമന്. 102 കോടി കേരള സർക്കാർ വക. ബാക്കി ജർമ്മൻ ബാങ്കിന്റെ വായ്പ. ബോട്ട് വാങ്ങൽ മുതൽ നടത്തിപ്പുവരെ ഈ ഭീമൻ സായ്പ് ചെയ്യും. നാട്ടുകാർക്ക് വായിനോക്കി റോൾ. അപ്പോഴും മെട്രോയുടെ നഷ്ടം  തീർക്കാൻ വകുപ്പാകുന്നില്ല. അതിനാണ് കാക്കനാട്ടേയ്ക്ക് സംഗതി നീട്ടുന്ന രണ്ടാം ഗഡു. 2000 കോടി നീക്കിവച്ചുകഴിഞ്ഞു.

അതിന്റെ പണി തീരുമ്പോൾ പുതിയ ജാമ്യമെടുക്കും, പുതിയ പദ്ധതി പ്രഖ്യാപിക്കും. അവയുണ്ടാക്കുന്ന അലമ്പ് തീർക്കാനെന്നു പറഞ്ഞ്‌ തുടർ പദ്ധതികളിടുക. അങ്ങനെ ലക്കും ലഗാനുമില്ലാതെ പദ്ധതികളുടെ പളുങ്ക് മറയിൽ വികസനം വികസനം എന്ന് പെരുമ്പറ മുഴക്കുക. നാട്ടുകാരെ ആ വായ്ത്താരിയിൽ മയക്കി നിർത്തി കോടികളുടെ പദ്ധതി നടപ്പാക്കുക. ഇതാണ് കേരളം ദീർഘ നാളായി വച്ചുപുലർത്തുന്ന അഭ്യാസം. അതിന്റെ ദുരന്തങ്ങൾ എല്ലാ നാട്ടിലും നഗരത്തിലുമുണ്ട്.

കൊച്ചിതന്നെ എടുക്കുക. എ.കെ ആന്റണി ഏറ്റവും അധികം തൊണ്ട കീറിയ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതി. ഇതൊന്നു വന്നുകിട്ടിയാൽ കേരളത്തിന്റെ മുഖച്ഛായ മാറും, വ്യവസായം കുതിക്കും എന്നൊക്കെയായിരുന്നു വെടിക്കെട്ട്. പദ്ധതി വന്നു - മുഖച്ഛായ മാറി, നാടിന്റെയല്ല; പദ്ധതി പിടിച്ച ദുബായ് പോർട്ട് കമ്പനിയുടെ. കേട്ടുകേൾവിയില്ലാത്ത മണ്ടത്തരമാണ് വല്ലാർപാടം. കേടായ ഒരു ക്രയിൻ നന്നാക്കാൻ വിളിച്ചുവരുത്തിയതാണ് ടി അറബിയെ. ഇത് നന്നാക്കാൻ അറിയുന്നവർ ഇന്ത്യയിലില്ലാഞ്ഞിട്ടല്ല. അതൊരു സൂത്രപ്പണിയായിരുന്നു. പഞ്ചറൊട്ടിക്കാൻ വന്ന അറബിക്ക് വല്ലാർപ്പാടമങ്ങ് ഏല്പിച്ച് കൊടുക്കുന്നു. അവനത് വച്ച് കപ്പം പിരിക്കുന്നു. ഏതാണ്ട് ആറായിരം കോടിയോളം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടുക്കുന്നു - ഈപറഞ്ഞ 600 കോടിക്കും താഴെ മാത്രം ചെലവിൽ. പോർട്ട് ട്രസ്റ്റിന് ഇതിലുള്ള ലാഭം പാട്ടക്കാശുമാത്രമല്ല, 13000 തുറമുഖ തൊഴിലാളികളെ ചുളുവിൽ പിരിച്ചുവിട്ട് തടിതപ്പി. അവരിൽ കഷ്ടി 100 പേർക്ക് പുതിയ തുറമുഖത്ത് പണികിട്ടി. ബാക്കിയുള്ളവർ വഴിയാധാരം. സത്യത്തിൽ പോർട്ട് ട്രസ്റ്റിന്റെ ഒരു റിയൽ എസ്റ്റേറ്റ് കളിയും തൊഴിലാളികളെ ഒഴിവാക്കുന്ന ഗൂഢപദ്ധതിയും മാത്രമായിരുന്നു വല്ലാർപാടം. മദർ ഷിപ്പുകൾക്ക് അടുക്കാനാവാത്തിടത്ത് എന്തു കുതിച്ചുചാട്ടവും നടത്തുമെന്ന് ആരും ചോദിച്ചില്ല. മാത്രമല്ല, കൊച്ചിയിൽ നിന്ന് വൻ‌കിട കണ്ടെയ്നറുകളിൽ അയയ്ക്കാനുള്ള കയറ്റുമതിയൊന്നുമില്ല. മലഞ്ചരക്കുകൾ തൊട്ട് ചെമ്മീൻ വരെ തൂക്കം കുറഞ്ഞ ഉരുപ്പടികൾ കയറ്റാൻ കണ്ടെയ്നർ ആവശ്യമില്ല. യന്ത്ര സാമഗ്രികൾ പോലെ വ്യാപ്തി കൂടുതലുള്ള ചരക്ക് കേരളത്തിലുണ്ടാക്കുന്നില്ല. അയൽ സംസ്ഥാനങ്ങൾക്ക് അതയയ്ക്കാനുണ്ടെങ്കിൽ അവിടങ്ങളിൽതന്നെ തുറമുഖങ്ങളുണ്ട്. തമിഴ്നാടിന് ചെന്നൈ, കർണ്ണാടകത്തിന് മംഗലാപുരം എന്നിങ്ങനെ. ചുമ്മാ മീൻ കുട്ട കയറ്റാൻ ആഗോള ഷോപ്പിങ്ങ് ഭീമന്മാർ കൊച്ചിക്ക് വണ്ടി വിടില്ലെന്നറിയാൻ മട്ടഞ്ചേരിയിലെ ചില്ലറ വ്യാപാരിയുടെ മൂള ധാരാളം മതി. ഇതാണ് ആദർശത്തിന്റെ ബ്രോയ്‌ലർ വിളവന്മാരുടെ ആന്തരിക ദാരിദ്ര്യം. അത് ഭംഗിയായി വസൂലാക്കാൻ പദ്ധതി വീരന്മാർക്ക് എളുപ്പത്തിൽ കഴിയും. ഹൈക്കമാന്റ് മൂപ്പത്തിക്ക് തിരുത മീൻ കൊടുത്ത് സ്ഥിരമായി പാർലമെന്റ് സീറ്റൊപ്പിക്കുന്ന ഒരു എറണാകുളം ഗാന്ധിയനാണ് വല്ലാർപാടത്തിന് ചരടുവലിച്ചത്. കാരണം സിമ്പിൾ. ടിയാന്റെ കുടുംബവും സന്ധിബന്ധുക്കളുമാണ് കരാറുകാരുടെ ലോക്കൽ സ്രാവുകൾ. ഒടുവിൽ, വലിയ കപ്പലുകൾ വല്ലാർപാടത്തെ തിരിഞ്ഞുനോക്കുന്നില്ലെന്നായപ്പോൾ ഇതേ കഥാപാത്രം മുൻ‌കൈ എടുക്കുന്നു, അദാനിയോട് വിഴിഞ്ഞം തീറെഴുതാൻ. അതിനുവേണ്ടി, വിഴിഞ്ഞം പദ്ധതി എന്ന ചെണ്ട മേളവുമായി ജന സമ്പർക്ക വീരനിറങ്ങുന്നു - ഉമ്മൻ ചാണ്ടി.

ഇതുകേട്ടൽ തോന്നും കേരളത്തിലെ കോൺഗ്രസുകാരാണ് വിഴിഞ്ഞം കണ്ടുപിടിച്ചതെന്ന്. ആയിരാജ വംശം തെക്കൻ കേരളം വാഴുന്ന കാലത്തേ വിഴിഞ്ഞം വലിയ തുറമുഖമായിരുന്നു; അവരുടെ തലസ്ഥാനവും. ആ തുറ വഹിച്ച വാണിജ്യപരമായ പങ്ക് ചരിത്രത്തിലുടനീളമുണ്ട് - കൊടുങ്ങല്ലൂരും, കൊല്ലവും പോലെ. ഒടുവിൽ കൊടുങ്ങല്ലൂരിനെ കടലെടുക്കുകയും പകരം കൊച്ചി ഉടലെടുക്കുകയും ചെയ്തശേഷം ചരിത്രം മെല്ലെ മാറിത്തുടങ്ങി. പറങ്കികൾ കൊച്ചിയെ കേന്ദ്രമാക്കി. പിന്നീട്‌ ലന്തക്കാർ തൊട്ട് ശീമക്കാർ വരെ അതിനെ നവീകരിച്ചെടുത്തു. മറ്റ് തുറമുഖങ്ങൾ അതിൽ മങ്ങിയപ്പോൾ നാട്ടുരാജ്യങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്തില്ല. ജനായത്തം വന്നതോടെ മൊത്തത്തിൽ ഒരു വഴിക്കായി. കാരണം മീൻപിടിത്തക്കാരുടെ ഉപജീവനത്തിനുള്ള മേഖലയായി മാത്രം തുറകളെ കാണുന്ന കണ്ണേ നമ്മുടെ ജന നേതാക്കൾക്കുണ്ടായുള്ളൂ. അവരുടെ വിഭാവനയ്ക്ക് താങ്ങാൻ കഴിയുന്ന വ്യവസായം ഒരെണ്ണം മാത്രവും - കയറ്റിറക്കു തൊഴിലിന്റെ പേരിലുള്ള ട്രേഡ് യൂണിയൻ വ്യവസായം. അങ്ങിനെയിരിക്കെയാണ് പദ്ധതി വീരന്മാരുടെ കണ്ണ് വിഴിഞ്ഞത്ത് പതിയുന്നത്. ഭൂമിയിലെ ഏറ്റവും വലിയ കണ്ടേയ്നർ കപ്പലുകൾക്കും നേരെ വന്ന് കരയ്ക്കടുക്കാൻ പറ്റിയ തുറ. 24 മീറ്റർ ആഴം. പൂഴിമണ്ണല്ല, പാറയാണ് അടിപടലം. പോരെങ്കിൽ അന്താരാഷ്ട്ര കടൽ ഗതാഗത് റൂട്ട് വിളിപ്പാടകലെ. വിഴിഞ്ഞം വീണ്ടും ഉഷാറായി. എം. വി രാഘവൻ ഫിഷറീസ് മന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖം ഉണ്ടാക്കാൻ ഒരു പ്രത്യേക സെറ്റപ്പും റെഡിയാക്കി. ദുബായ്-സിംഗപ്പൂർ-കൊളമ്പോ തുറമുഖ ലോബിയും ബദൽ നീക്കങ്ങൾ ഉഷാറാക്കി. കൂട്ടിന് തമിഴ് രാഷ്ട്രീയക്കാരും. കുളച്ചൽ തുറമുഖം കെട്ടിപ്പൊക്കാൻ അവർക്ക് പശയാവും, വിഴിഞ്ഞം. കാരണം, വിഴിഞ്ഞത്ത് അന്താരഷ്ട്ര തുറ ഉണ്ടെങ്കിൽ ലങ്ക ചുറ്റി തമിഴകത്തേയ്ക്ക് കപ്പലുപോകേണ്ട കാര്യമില്ല. അല്ലെങ്കിൽ സേതു സമുദ്രം കടലിടുക്ക് വിപുലപ്പെടുത്തണം. അപ്പോഴും വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ടേയ്നറുകൾ ബംഗാൾ ഉൾക്കടലിലേയ്ക്ക് തിരിയുന്ന പ്രശ്നമില്ല. മാറി മാറി വന്ന കേന്ദ്ര സർക്കാരുകളിൽ എക്കാലവും സമുദ്ര വകുപ്പ് കൃത്യമായി കീശയിലിട്ടത് തമിഴനാണെന്നോർക്കുക. - ഒന്നുകിൽ ഡ്.എം.കെ വേഷത്തിൽ അല്ലെങ്കിൽ അണ്ണാ ഡി.എം.കെ വേഷത്തിൽ. ആ പിടി വച്ചായിരുന്നു വിഴിഞ്ഞത്തെ കേന്ദ്രം മുക്കി നിർത്തിയത്.

കേരളത്തിൽ കളി വേറെ ആയിരുന്നു. ഏഷ്യർ പോർട്ട് ലോബിയുടെ ബ്രീഫ് കേസ് ഒന്ന് മുടങ്ങിയാലുടൻ നമ്മുടെ ഫിഷറീസ് മന്ത്രി പത്ര സമ്മേളനം വിളിക്കും. വിഴിഞ്ഞം ഇതാ ഉടൻ തുടങ്ങുന്നു എന്ന വിളമ്പരമിറക്കും. താമസം വിനാ ബ്രീഫ് കേസ് പുരയിലെത്തും. അതോടെ പിന്നെ വിഴിഞ്ഞം പഴയപടി കടലാസ് കപ്പലായി കിടക്കും. ഇടതുപക്ഷം വന്ന് ലേലം ക്ഷണിച്ചു. ആദ്യ ലേലക്കാരനെ ചൈനീസ് കണക്ഷൻ പറഞ്ഞ് കേന്ദ്രം തുരത്തി. പിന്നെ കണ്ടത് ലേലം പിടിക്കാൻ ആളില്ലാത്ത അപൂർവ്വ സ്ഥിതിവിശേഷം. പോർട്ട് ലോബിയും കേന്ദ്ര സർകാരും ചേർന്ന് നടത്തിയ ശ്രമദാനത്തിന്റെ ഫലം. എല്ലാമൊന്ന് അടങ്ങി കിടക്കുമ്പോഴുണ്ട് മൂന്ന് ലേലക്കാർ വരുന്നു. അതിൽ രണ്ടാൾ ചുമ്മാതങ്ങ് പിൻ‌വലിയുന്നു. സ്വാഭാവികമായും പുതിയ ലേലം അനിവാര്യമാകുമല്ലോ. അത് പഴയ ശൈലി. അതിവേഗം ബഹുദീരം കാലത്ത് പുതിയ നമ്പർ - ശേഷിച്ച മൂന്നാമനെ അങ്ങോട്ട് ചെന്നു കണ്ട് പരവതാനി വിരിക്കുന്നു. ദില്ലിയിൽ ഒരു സാദാ എം.പിയുടെ തീൻ മുറിയിൽ കേരള സർക്കാർ ഒന്നടങ്കം. മുൻപിൽ കൺ കണ്ട ദൈവമായി ഗൌതം അദാനി. എടുപിടീന്ന് കരാർ റെഡി. ഒരു നൂറ്റാണ്ടത്തേയ്ക്ക് അദാനിക്ക് വിഴിഞ്ഞം കീശയിലിടാൻ പറ്റിയ കരാർ. 40 കൊല്ലത്തേയ്ക്ക് കേരളത്തിന് കാലണയുടെ കാര്യമില്ല.അതിലും കേമമായത് പദ്ധതിപ്പണിയുടെ കാൽപ്പണം അദാനി മുതലാളി മുടക്കിയാൽ മതിയെന്നാണ്. ബാക്കിയൊക്കെ കേരളം നോക്കിക്കൊള്ളും. ഇതിനായിരുന്നെങ്കിൽ ഇപ്പറഞ്ഞ കാൽ പണത്തിന് ഒരുത്തനെ കണ്ടെത്തി പണി കേരളം നടത്തിയാൽ പോരെ എന്നു തോന്നും. അത്തരം തോന്നലുകൾ മണ്ടന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്. വികസന പദ്ധതി എന്നു പറഞ്ഞാൽ ചില പ്രത്യേക കൂട്ടർക്ക് വികസിക്കാനുള്ള പദ്ധതി എന്നാണർത്ഥം. അതറിയാത്ത കം‌പ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എന്ന തിരുമണ്ടൻ കയറി കണക്കെടുക്കുന്നു. ഫൌൾ വിളിക്കുന്നു. ഇനിയാണ് വികസന ബുദ്ധി പത്തി വിരിക്കുന്നത്.

സി.എ.ജി ക്ക് പ്രായോഗിക ബുദ്ധി ഇല്ലെന്ന് കുഞ്ഞൂഞ്ഞ്‌. പരിശോധിക്കാൻ കണക്കു കൊടുത്ത ഉദ്യോഗസ്ഥർക്കിട്ടും കിട്ടി, കിഴുക്ക്. എങ്കിലും പൂച്ചുപുറത്തായതിന്റെ ചെറിയൊരു ജാള്യത്തിന്  വകയുണ്ടായിരുന്നു. അപ്പോഴുണ്ട്, ഒരു കൈ സഹായത്തിന് മറുപക്ഷമെത്തുന്നു. - പിണറായി സംഘം. പദ്ധതി ഏതായാലും നടത്തിയേ പറ്റൂ. വേറെ മാർഗ്ഗമില്ലെന്ന വൈരുധ്യാത്മക സാമുദ്രികം. ചാണ്ടി പറഞ്ഞുനടന്നതും ഇതല്ലാതെ മറ്റു മാർഗമില്ലെന്ന്. പ്രതിയോഗി പറഞ്ഞുതുടങ്ങിയതും അതേ വായ്ത്താരി - വിഴിഞ്ഞത്തിനുള്ള ലാസ്റ്റ് ബസ്.


ഒരു നിമിഷം.... ഈ ലാസ്റ്റ് ബസ് പ്രയോഗം മുൻപെവിടെയോ മുഴങ്ങിക്കേട്ടതല്ലേ. ലേശം റിവേഴ്സ് എടുക്കണം. അതാ നിൽക്കുന്നു, വ്യവസായ മന്ത്രി പദത്തിലെ സകലകലാ വല്ലഭൻ - പാണക്കാടിന്റെ പ്രിയപ്പെട്ട കുഞ്ഞാപ്പ.  ടിയാൻ ആദ്യവട്ടം വ്യവസായ വണ്ടിക്ക് സ്റ്റിയറിംഗ് പിടിച്ചപ്പോഴാണ് കേരളം സംഗതി ആദ്യം  കേൾക്കുന്നത്. കൊച്ചിയിൽ ദശലക്ഷങ്ങൾ വീശി നടത്തിയ ജിം. നിക്ഷേപക സംഗമം. ആ വണ്ടി പോയാൽ പിന്നെ കേരളമില്ലെന്നായിരുന്നു ഭീഷണി. ജിം മിനുക്കാൻ കണ്ണിൽക്കണ്ടവരുടെയെല്ലാം മസിലു തടവി. പത്രക്കാർക്ക് ലാപ്‌ടോപ് വരെ സൌജന്യം. ഒടുവിൽ ജിം വഴി ചില്ലറ പച്ചക്കറിത്തോട്ടങ്ങൾ ഭൂജാതമായി.


രണ്ടാം വട്ടം സ്റ്റിയറിംഗ് പിടിച്ചപ്പോൾ പല്ലവി പഴയതുതന്നെ - അവസാന വണ്ടി. വണ്ടിയുടെ പേരൊന്നു പരിഷ്കരിച്ചെന്നു മാത്രം - എമർജിങ്ങ് കേരള;. അതിന് കോടികളായിരുന്നു ഉത്സാഹ ചെലവ്. എന്നിട്ട് കേരളം എങ്ങോട്ടെങ്കിലും മെർജ് ചെയ്തോ?

നിക്ഷേപക സംഗമം എന്ന മറക്കുടയിൽ നാട്ടിലേറ്റവും വിലപിടിപ്പുള്ള ഉരുപ്പടി സംഘടിപ്പിക്കുവാൻ കളമൊരുക്കുക - ഭൂമി. പച്ചയ്ക്കു പറഞ്ഞാൽ റിയൽ എസ്റ്റേറ്റ് കച്ചോടത്തിന് സർക്കാരിന്റെ മറ, ഏകജാലക സൌകര്യം, റെഡ് കാർപറ്റ്. പ്രശ്നം, ഈ തട്ടിപ്പുവഴി സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടം ആരും കണാക്കാക്കിയില്ലെന്നതാണ്. നാട്ടിൽ വന്ന നിക്ഷേപമെത്രയെന്ന് ചോദിച്ചാൽ നമ്മുടെ ജിം മാഷുമാർ ഉരുണ്ട് കളിക്കും. അതിനുവേണ്ടി പൂരം നടത്തിയതിന്റെ കാശാണ് അതിൽ കൂടുതലെന്ന പരിഹാസ്യമായ വസ്തുത മിച്ചം കിടക്കും.

ഏത് വമ്പൻ പദ്ധതിയുടെയും അടിസ്ഥാന ലക്ഷ്യം ഭൂമിയാണെന്നതാണ് കേരളത്തിന്റെ നവീന യാഥാർത്ഥ്യം. സ്മാർട് സിറ്റി പദ്ധതിതന്നെ ഏറ്റെടുക്കുക. ഒരു ഐ.ടി കമ്പനി നടത്താൻ ഏറ്റവും കുറച്ചു വേണ്ട വിഭവമാണ് ഭൂമി. എന്നാൽ കേരളത്തിൽ ഐ.ടി വികസനത്തിന് ഏറ്റവും കൂടുതൽ മറിച്ചുകൊടുക്കുന്ന വസ്തുവും മറ്റൊന്നല്ല. സ്മാർട് സിറ്റി പദ്ധതി കൊട്ടിഘോഷത്തോടെ കൊണ്ടുനടന്ന എൽ.ഡി.എഫ്, യു.ഡി.എഫ് സർകാരുകൾ സംഗതി അത്ര വലിഞ്ഞുനീണ്ടതിൽ പരസ്പരം പഴിക്കും. എന്നാൽ ദുബായ് കമ്പനിക്ക് ഭൂമിക്കുമേൽ ഉള്ള അവകാശം സംബന്ധിച്ചുമാത്രമായിരുന്നു തർക്കമെന്നോർക്കണം.  ഐ.ടി ഹബ്ബ് തുടങ്ങാൻ വേണ്ടതിന്റെ പത്തിരട്ടി സ്ഥലമാണ് ദീർഘകാലത്തേയ്ക്ക് പാട്ടത്തിന് കൊടുത്തത്. അതിൽ സ്ഥലം മറിച്ചുവിൽക്കാനുള്ള അവകാശം കൂടി പാട്ടക്കാരന് കിട്ടുംവരെയായിരുന്നു തർക്കം. ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞപ്പോഴോ? ബാങ്കിന്റെ ബ്രാഞ്ച്,ചായക്കട, പേരിന് മൂന്ന്‌ ഐ.ടി  കമ്പനിയും. വിട്ടുകൊടുത്ത പൊതുഭൂമി ഇനി ദുബായ് കമ്പനി കച്ചോടമടിക്കും.  ഈ റിയൽ എസ്റ്റേറ്റ് കച്ചോടത്തിനു പിടിക്കുന്ന മറയോ, ഐ.ടി.വികസനം.

കറന്റ് എടുക്കുക. രണ്ടു മഴയും 44 പുഴയുമുള്ള വകയിൽ ജല വൈദ്യുത പദ്ധതിയുടെ ആറാട്ടാണ് കൊച്ചുകേരളത്തിൽ. എന്നിട്ടും ഉപഭോഗത്തിന്റെ പറുദീസയിൽ കറന്റുദാഹത്തിന് ശമനം വരുന്ന പ്രശ്നമില്ല. വ്യവസായം കുരുക്കാത്ത മണ്ണിൽ ഗാർഹിക ഉപഭോഗമാണ് മുഖ്യ ബകൻ. താപ നിലയവും ഡീസൽ നിലയവുമൊക്കെ കെട്ടിയെങ്കിലും ഈ ഭോഗ ലാലസം ശമിപ്പിക്കാൻ കഴിയുന്നില്ല. ആണവ പ്ലാന്റ് വയ്ക്കാൻ പ്രബുദ്ധ മലയാളി സമ്മതിക്കുന്ന പ്രശ്നമില്ല. അത്തരം അപായങ്ങൾ അയൽക്കാരനിരിക്കട്ടെ;അതുവച്ച് അവനുണ്ടാക്കുന്ന കറണ്ട് മതി നമുക്ക്. ഈ പോക്കിലാണ് സൈലന്റ് വാലിക്ക് നറുക്ക് വീണത്. അതങ്ങനെയാ.... കെ.എസ്.ഇ.ബി യുടെ എഞ്ചിനീയർ ശിരസ്സുകൾക്ക് ഉണ്ടിരിക്കുമ്പോൾ ഓരോ വിളി വരും. കൺസ്ട്രക്ഷൻ മാഫിയയുടെ. ഉടനിറങ്ങും, പുതിയ പദ്ധതി. ഏതെങ്കിലുമൊരു പുഴയുടെ കഷ്ടിയുള്ള ശിഷ്ട ജീവിതം കൂടി കവരുക, ചുറ്റുമുള്ള കാട് ബാക്കികൂടി വെളുപ്പിക്കുക. സൈലന്റ് വാലിയെ രക്ഷിക്കാനിറങ്ങിയ ഒരു കൂട്ടം മനുഷ്യരെ അവർ ചാപ്പയടിച്ചു - മരക്കവികൾ, കാല്പനിക ഞരമ്പുരോഗികൾ. പക്ഷെ അവർ നിരത്തിയ കണക്കിനും കാര്യത്തിനും മുൻപിൽ എഞ്ചിനീയർ-കോൺ‌ട്രാക്ടർ ലോബിക്ക് നാവിറങ്ങി. പകരം തൊട്ടടുത്ത് അടുത്ത പദ്ധതി ഇറക്കി - പാത്രക്കടവ്‌. അപ്പോഴേക്കും മരക്കവികൾക്കും, ഞരമ്പുരോഗികൾക്കും ജന പിന്തുണ ഏറിയിരുന്നു. അങ്ങനെ പാത്രക്കടവും കർട്ടനിട്ടു. ഈ കളികളിലൊക്കെ ഉള്ളുപൊള്ളായായ ഗാന്ധിയന്മാർ മാത്രമല്ല ചിന്തകരെന്ന് സ്വയം കരുതുന്ന ഇടതു പക്ഷക്കാരും റാന്മൂളികളായിരുന്നു എന്നോർക്കണം. പാത്രക്കടവ് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രിസഭയുടെ തലവന്റെ പേര് വി.എസ്. അച്യുതാനന്ദൻ. ഈ പുമാനാണ് മൂന്നാറിൽ പരിസ്ഥിതിയുടെ അപ്പോസ്തലവേഷം കെട്ടിയാടുന്നത്.

അങ്ങനെ ജനങ്ങളുടെ കയ്യാൽ ബ്ലീച്ചടിച്ചിരുന്ന മേപ്പടി പദ്ധതി വീരന്മാർ 1979ൽ കണ്ടുപിടിച്ച കറന്റ് നിധിയാണ് അതിരപ്പിളളി. ചാലക്കുടിപ്പുഴയിൽ വെള്ളച്ചാട്ടത്തിനു മുകൾപ്രദേശത്ത് പുതിയൊരു ഇരട്ട അണക്കെട്ട് - 152 മെഗാവാട്ട് കറന്റ് ഉണ്ടാക്കുന്ന പദ്ധതി. 1982ൽ പദ്ധതി ഘോഷമായി. അതിനുള്ള എതിർപ്പിന്റെ ഘോഷവും. ആ ടെസ്റ്റ് മാച്ച് 35 കൊല്ലമായിട്ടും അവസാനിച്ചിട്ടില്ല.യു.ഡി.എഫ് സർക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടുപിടിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. വയൽ നികത്തൽ തൊട്ട് മെത്രാൻ‌കായൽ വരെയുള്ള തിരഞ്ഞെടുപ്പ് വെടിക്കെട്ടുകൾ.  അധികാരമേറ്റ ഉടനെ പിണറായി വിജയൻ യാതൊരു പ്രകോപനവുമില്ലാതെ അതിരപ്പിളളി എടുത്തിടുന്നു. “പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും”. എതിർക്കുന്നവർക്ക് പുതിയ ചാപ്പയുമടിച്ചു - പരിസ്ഥിതി മൌലിക വാദികൾ. പഴയ മരക്കവികളുടെ സ്ഥാനത്ത് വികസന വിരുദ്ധർ എന്ന ലേബൽ തെല്ലുനേരത്തേ പതിച്ചുകഴിഞ്ഞതാണ്. വിജയന്റെ ഈ ഭീഷണിയും അത്യുത്സാഹവും ഇപ്പോൾ തുടങ്ങിയതല്ല. ടിയാൻ മുൻപ് കറന്റ് മന്ത്രി ആയിരിക്കെയാണ് അതിരപ്പിളളിക്ക് സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് അനുമതി കൊടുക്കുന്നത്. വാട്ടർ ആന്റ് പവർ കൺസൽട്ടൻസി എന്ന ഏജൻസിയുടെ പാരിസ്ഥിതികാഘാത പഠനം വച്ചായിരുന്നു,ടി അനുമതി. സംഗതി ഒരു ഉഡായിപ്പാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതി പദ്ധതി അനുമതി 2006ൽ റദ്ദാക്കി. പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ്ങിന് ഉത്തരവിട്ടു.

2011 ജനുവരിയിൽ ഗാഡ്ഗിൽ കമ്മറ്റി രംഗത്തിറങ്ങുന്നു. മേപ്പടി പഠന റിപ്പോർട്ട് 70 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയ കമ്മറ്റി അതിരപ്പിളളി സംസ്ഥാനത്തെ 18 പരിസ്ഥിതി ദുർബല ദേശങ്ങളിലൊന്നായി പ്രഖ്യാപിച്ചു. ഒരു കാരണവശാലും അവിടെ നിർമ്മാണ പ്രവർത്തനം പാടില്ലെന്ന ശുപാർശയും കേന്ദ്രത്തിനു കൊടുക്കുന്നു. അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് അത് സ്വീകരിച്ച് പദ്ധതിക്കുള്ള അനുമതി സാദ്ധ്യമെല്ലെന്ന നിലപാട്‌ പരസ്യമാക്കി.

ഈ പശ്ചാത്തലമിരിക്കെയാണ് 2016ൽ മുഖ്യമന്ത്രിയായ വിജയൻ കോടതിയുടെയും, ഗാഡ്ഗിലിന്റെയും കേന്ദ്രത്തിന്റെയും കണ്ടെത്തലുകൾക്ക് പുല്ലുവില കല്പിച്ച് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ജനാഭിപ്രായത്തിന് പുതിയ മുഖ്യന്റെ മുൻപിൽ പുല്ലി നേക്കാൾ താഴ്ന്ന വില. ഇത്രയും ജനാധിപത്യ വിരുദ്ധത കൂസലന്യേ പ്രകടിപ്പിക്കുന്ന നെഗളിപ്പ് നാട്ടിൽ കറണ്ട് ഉണ്ടാക്കാനുള്ള വികസന തത്പരതയാണെന്നാണ് പ്രചാരണം. അവിടെയാണ് കറണ്ട് കളിയുടെ കണക്ക് നോക്കേണ്ടത്.

2020 - മാണ്ടെത്തുമ്പോൾ ഇന്നത്തെ പോക്കനുസരിച്ച് കേരളത്തിലെ ആളോഹരി കറന്റ് ഉപയോഗം 5000 യൂണിറ്റ് വേണ്ടിവരുമെന്നാണ് സർക്കാർ കണക്ക്‌.എന്നുവച്ചാൽ 165000 ദശ ലക്ഷം യൂണിറ്റ് മൊത്തതിൽ വേണം. നിലവിലുല്ലത് 23000 ദശലക്ഷം യൂണിറ്റ് മാത്രം. അതിരപ്പിളളി വഴി പരമാവധി ഒപ്പിക്കാവുന്നത് 200 മെഗാവാട്ട്. ഫലത്തിൽ കടലിലേക്ക് രണ്ട് തുള്ളി വെള്ളം കൂടി ചേർക്കുന്ന ഈ പുളുന്താൻ അഭ്യാസത്തിനാണ് കാടും, പുഴയും കുട്ടിച്ചോറാക്കുന്നത്. എതിർക്കുന്ന നാട്ടുകാരെ ശത്രുക്കളായി കണ്ട് വെല്ലുവിളിക്കുന്നത്. കെ.എസ്.ഇ.ബി യുടെ പ്രസരണ നഷ്ടം വഴി കിട്ടുന്നതിന്റെ ഇരട്ടി കറണ്ട്  ഉണ്ടാവും അതിന് അറ്റകുറ്റപ്പണികൾ ചെയ്താൽ. ടി പണിക്കുള്ള ചെലവിനം അതിരപ്പിള്ളി പദ്ധതിയുടെ പത്തിലൊന്ന് വരില്ല. - സകല കരാറുകാരുടെയും ആർത്തി നിവൃത്തിച്ചുകൊടുത്താൽ പോലും! അത്തരം കണക്കും വകതിരിവും പദ്ധതി ബുജികൾക്ക് പഥ്യമല്ല. അതൊക്കെ തിരിവുള്ളക്കേടുണ്ടാക്കും. ആ കേടിന്റെ അതിസാര പ്രദർശനമാണ് വിജയന്റെ കോമരം തുള്ളൽ.

ഇതാണ് വികസനമറയിൽ കേരളം വച്ചുപുലർത്തുന്ന പദ്ധതിയഭ്യാസങ്ങൾ. 1950 കളിൽ കുട്ടനാട്ടിലെ ഭക്ഷ്യോത്പാദനം ഇരട്ടിപ്പിക്കാനാണെന്നു പറഞ്ഞിറക്കിയ ലോകോത്തര മണ്ടത്തരമാണ് തണ്ണീർമുക്കം ബണ്ട്. കടലും കായലും, തമ്മിലുള്ള ബന്ധം മുറിച്ചാൽ കുട്ടനാട്ടിൽ വർഷം രണ്ടുവട്ടം നെല്ലിറക്കാമെന്നായിരുന്നു പദ്ധതിബുജികളുടെ കണ്ടുപിടുത്തം. ബണ്ട് കെട്ടിയത് മിച്ചം. ഫലങ്ങൾ നോക്കുക - വേമ്പനാട് കായലിൽ മീനും സസ്യജാലങ്ങളും ക്ഷയിച്ചൊടുങ്ങി. കടൽ വെള്ളം കയറി കായലിനെ ശുദ്ധീകരിക്കുന്ന പ്രക്രിയ കർട്ടനിട്ടതോടെയാണ് ഈ ദുരന്തം. അതിലും കേമമായത്, ഇപ്പറഞ്ഞ ഇരുപ്പുകൃഷി ഗോപി വരച്ചതാണ്. നെല്ലറയേത്തന്നെ ഒരു വഴിക്കാക്കി. എന്നിട്ടിപ്പോൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്, ബണ്ടാണ് പ്രതിയെന്ന്. കുട്ടനാട്ടിനെ കുളമാക്കിയ ശരിയായ കുറ്റവാളികൾ രക്ഷപെടുന്നു. കാലം മാറുന്തോറും ഇമ്മാതിരി ക്രിമിനൽ മണ്ടത്തരങ്ങളുടെ തോതും, വലിപ്പവും മാറി വരും. ഇതിപ്പോൾ വലിപ്പത്തിലാണ് കമ്പം.  വലിയ വീട്,വലിയ കാറ്‌, വലിയ മാള്.... വലിപ്പം കൂടിയിരുന്നാലെ ചെലവു തുകയുടെ തോതും വിപുലമാവൂ. എങ്കിലേ ബന്ധപ്പെട്ട ഉത്സാഹകമ്മറ്റിയുടെ വരായ്കയും വീർക്കൂ. 60 കൊല്ലം മുമ്പ് തണ്ണീർമുക്കം ബണ്ട് പോലൊരു പദ്ധതി വിഭാവന ചെയ്യാൻ കഴിഞ്ഞെങ്കിൽ 21-ആം നൂറ്റാണ്ടിൽ അതിന്റെ പത്തിരട്ടി വലിപ്പമെങ്കിലും വേണ്ടേ,വിഭാവനയ്ക്ക്!

കേരളം റെഡി. പദ്ധതികൾക്ക് ആനരൂപം കളഞ്ഞ് ഇപ്പോൾ ഐരാവത രൂപമാക്കിയിരിക്കുന്നു. പദ്ധതിയുടെ അക്കൽദാമ തന്നെയായ കൊച്ചിയുടെ തലമണ്ടയ്ക്ക് വീഴുന്ന പുതിയ വികസന മഹാമഹം തന്നെ വളർച്ചയുടെ ഉത്തമ മാതൃക - ഔട്ടർ ഹാർബർ പദ്ധതി.

അമ്പത് അടി ആഴമുള്ള തീരക്കടൽ 3200 ഏക്കർ മണ്ണിട്ട് നികത്തുക. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റേതാണ് ഈ പടുകൂറ്റൻ പദ്ധതി. തുറമുഖത്ത് മണ്ണിടിച്ചിൽ മൂലം ചളി നിറയുന്നു., അത് സമയാസമയം വാരിക്കളയാൻ ചെലവുണ്ടാകുന്നു. ഇതാദ്യമായാണ് പുറമേയ്ക്കു പിടിക്കുന്ന ന്യായപ്പരിച. അതുകൊണ്ട് 8 കിലോമീറ്റർ ചുറ്റളവിൽ കടലുനികത്തി കരയാക്കുക. അപ്പോൾ ഈ പരിധിക്കപ്പുറത്തേക്കും മണ്ണിടിച്ചിലുണ്ടാവില്ലേ എന്ന് ചോദിക്കരുത്. അന്നേരം അതിനപ്പുറത്തേക്കും കടലു തേവി കര പിടിക്കാമല്ലോ. എക്സ്റ്റൻഷൻ പണിയാണല്ലോ ഏതു പദ്ധതിയുടെയും ജീവൻ. തത്കാലം 8 കിലോമീറ്റർ മണ്ണടിച്ച് കര പിടിക്കാം. അതിനു വേണ്ട കല്ലും മണ്ണും എവിടുന്ന് കിട്ടും? ആശങ്ക വേണ്ട.  അതിനല്ലേ കിഴക്കൻ മലകൾ.  എത്ര മലകൾ മൂടൊടെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോരണമെന്ന കണക്ക് കൂട്ടലിലാണ് പദ്ധതിബുജികൾ. ഇനി ഈ ഐരാവത പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ കടൽ നികത്തി ഉണ്ടാക്കിയ പുതിയ കരയിൽ എന്ത് ചെയ്യും? പോർട് ട്രസ്റ്റിന്റെ വെബ്സൈറ്റ് ഉത്തരം നൽകി കഴിഞ്ഞു - പെട്രോളിയം ഇറക്കുമതിയോ മറ്റു വല്ല കയറ്റിറക്കുകൾക്കോ വേണ്ട കൂറ്റൻ ഗോഡൌണുകൾക്ക് പറ്റിയ വേദി. എന്നുവച്ചാൽ പണ്ടക ശാലകൾ കെട്ടാനുള്ള ഭൂമിയൊരുക്കൽ. കൊച്ചി പട്ടണത്തിൽ ഭൂമി കവരുന്നതിലും എത്രയോ എളുപ്പമാണ് ആർക്കും തണ്ടപ്പേരില്ലാത്ത കടലിൽ നിന്നു കര പിടിക്കൽ. ഇതാണ് കടലു വറ്റിച്ചുള്ള റിയൽ  എസ്റ്റേറ്റ് കച്ചോടം.

വലിയ കൊട്ടിഘോഷത്തോടെ ഓരോന്നു കൊണ്ടുവരും.കോടികളിട്ട് അമ്മാനമാടും. വാഗ്ദത്ത വികസനത്തിന്റെ സമ്മോഹന ചിത്രങ്ങൾ ചുവരിലൊട്ടിക്കും. അതു കാട്ടി നാട്ടാരുടെ നാവിൽ വെള്ളമൂറിക്കും.മറ്റുള്ള വല്ലതും ചോദിക്കാൻ നാവിന് ടൈം കിട്ടാത്തത്ര കൊതിയൂറൽ. അതാണ് നാവടക്കലിന് കണ്ടെത്തിയിട്ടുള്ള നവീന സൂത്രം. പിന്നെ, പദ്ധതികൾ പ്രാബല്യത്തിലാവുമ്പോൾ മാത്രം അലമ്പും അലശണ്ഠയും. അന്നേരം പരിഹാര ക്രിയകൾ എന്ന പേരിൽ പുതിയ പദ്ധതികളിറക്കും. അതങ്ങനെ തുടരും. പദ്ധതിയുടെ ഘോഷയാത്ര. മെട്രോ വണ്ടികളിൽ സഞ്ചാരം തുടരുമ്പോൾ, ഇടയ്ക്കിടെ കണ്ടുപോകാം, പഴയ പദ്ധതികളുടെ സ്മാരക ശിലകൾ. സാമാന്യ മൂളയ്ക്ക് ഇത്രകണ്ട് ദാരിദ്ര്യമുള്ള ഒരു ദേശത്തെ സ്വന്തമാക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു പറ്റും? ഏതായാലും, സാത്താൻ അത്ര, മണ്ടനല്ല.

Similar Post You May Like

Recent Post

Blog Archive